fbwpx
ദുരൂഹതകള്‍ ബാക്കിവെച്ച് നജീബിന്‍റെ തിരോധാനം എട്ടു വർഷം പൂർത്തിയാകുമ്പോൾ
logo

കവിത രേണുക

Last Updated : 06 Nov, 2024 06:26 PM

തുടക്കം മുതൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസും അധികൃതരും സ്വീകരിച്ചു വന്നതെന്ന് നജീബിന്‍റെ മാതാവ് ആരോപിച്ചിരുന്നു.

NATIONAL


പഠനത്തില്‍ മിടുക്കന്‍, പ്ലസ് ടുവിന് ഉയര്‍ന്ന മാര്‍ക്കോടെ പാസായി. മെഡിക്കല്‍ എന്‍ട്രന്‍സിന് വേണ്ടി തയ്യാറെടുപ്പുകള്‍ തുടര്‍ന്നെങ്കിലും ഉദ്ദേശിച്ച സ്ഥാപനത്തില്‍ അഡ്മിഷന്‍ ലഭിക്കാതായതോടെ കുറച്ചു വര്‍ഷങ്ങള്‍ നഷ്ടമാകുന്നു. തുടര്‍ന്ന് ബറേലിയിലെ ഇന്‍വെര്‍ട്ടിസ് യൂനിവേഴ്‌സിറ്റിയില്‍ ബി.എസ്.സി ബയോ ടെക്‌നോളജിക്ക് ചേരുന്നു. ബി.എസ്.സിയും നല്ല മാര്‍ക്കോടെ പാസായതോടെ ജെഎന്‍യുവില്‍ എംഎസ്.സി ബയോടെക്‌നോളജി പഠിക്കാനെത്തുന്നു. 2016 ഓഗസ്റ്റ് ഒന്നിന് അഡ്മിഷന്‍ എടുക്കുന്നു. രണ്ട് മാസത്തിന് ശേഷം ഹോസ്റ്റലിലേക്ക് താമസം മാറുകയും ചെയ്യുന്നു. ഉത്തര്‍പ്രദേശിലെ ബദൗനിലെ ഒരു ഇടത്തരം കുടുംബത്തില്‍ നിന്ന് പഠിച്ചു വളര്‍ന്നെത്തിയ 27കാരനായ നജീബ് അഹമ്മദ് എന്ന യുവാവ്, രാജ്യത്തെ തലസ്ഥാന നഗരിയിലെ പ്രശ്‌സ്തമായ ജെഎന്‍യു സര്‍വകലാശാലയില്‍ പഠിക്കാനെത്തുന്നത് ഇങ്ങനെയാണ്.

'ഞങ്ങളുടെ മൊഹല്ലയില്‍ ആദ്യമായി ജെ.എന്‍.യുവില്‍ അഡ്മിഷന്‍ ലഭിച്ചത് നജീബിനാണ്. എം.എസ്.സിക്ക് ശേഷം സിവില്‍ സര്‍വീസ് പരീക്ഷക്ക് തയാറെടുക്കുമെന്ന് അവന്‍ പറഞ്ഞിരുന്നു. ശാന്തപ്രകൃതക്കാരനാണ് നജീബ്. എന്നോട് ഇതുവരെ അവന്‍ കയര്‍ത്ത് സംസാരിച്ചിട്ടില്ല. ഞാന്‍ പറയുന്നത് അതുപോലെ അനുസരിച്ചു. കവിത നജീബിന് ഇഷ്ടമായിരുന്നു. പാട്ടു കേള്‍ക്കുക അവന്റെ ശീലമാണ്,' 2016 ഡിസംബര്‍ ഒന്‍പതിന് പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നജീബിന്റെ മാതാവ് പറയുന്നതിങ്ങനെയാണ്.  

ജെഎൻയു വിദ്യാർഥി നജീബ് എവിടെ? ഈ ചോദ്യം രാജ്യം ചോദിക്കാന്‍ തുടങ്ങിയിട്ട് എട്ട് വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ഇത്രയും വർഷത്തിനിടയിൽ നജീബിന്‍റെ കേസിന് എന്തു സംഭവിച്ചു? കേസിൽ ഇപ്പോഴും തുടരുന്ന നിഗൂഢതകൾ എന്തൊക്കെ എന്ന് പരിശോധിക്കുകയാണ് ഈ റിപ്പോർട്ടിലൂടെ. 

പ്രായം 50 കഴിഞ്ഞ ഫാത്തിമ നഫീസ് തന്റെ മകനെ കണ്ടു കിട്ടുന്നതിനായി മുട്ടാത്ത വാതിലുകളില്ല. നജീബെവിടെയെന്ന ചോദ്യവുമായി ഏറ്റവും അവസാനം ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിലും ആ അമ്മ പങ്കെടുത്തു. തന്റെ അവസാന ശ്വാസം വരെ മകനെ കണ്ടു കിട്ടുന്നതിനായി പോരാടുമെന്ന് നഫീസ് പറയുന്നു.



നജീബിനെ കാണാതായ രാത്രി ജെഎന്‍യുവില്‍ സംഭവിച്ചതെന്ത്?

ജെഎന്‍യുവിലെ വിദ്യാര്‍ഥി ഹോസ്റ്റലായ മാഹി മാണ്ഡവിയിലായിരുന്നു നജീബ് താമസിച്ച് പഠിച്ചിരുന്നത്. ഒക്ടോബര്‍ 14ന് ഹോസ്റ്റല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എബിവിപി പ്രവര്‍ത്തകർ നജീബിന്‍റെ മുറിയിലെത്തി. പിന്നാലെ അവിടെ വാക്കു തർക്കം ഉണ്ടാവുകയും അത് സംഘർഷത്തിലേക്ക് വഴിമാറുകയും ചെയ്യുന്നു. അവിടെ വെച്ച്  നജീബ് ക്രൂരമായി മര്‍ദ്ദിക്കപ്പെടുന്നു. തൊട്ടടുത്ത ദിവസം മുതല്‍ നജീബിനെ കാണാതാവുന്നു.

കാണാതായതിന് പിന്നാലെ ഹോസ്റ്റല്‍ മുറിയില്‍ നടത്തിയ തെരച്ചിലില്‍ നജീബിന്റെ മൊബൈല്‍ ഫോണ്‍, പേഴ്‌സ്, വസ്ത്രങ്ങള്‍ തുടങ്ങി പ്രധാനപ്പെട്ട വസ്തുക്കളെല്ലാം അവിടെ നിന്ന് തന്നെ കണ്ടെടുക്കുന്നു. നജീബിന്‍റെ ചെരുപ്പ് ഹോസ്റ്റലിന് പുറത്തു നിന്നാണ് ലഭിക്കുന്നത്. സ്വാഭാവികമായും സംശയത്തിന്‍റെ നിഴൽ തുടക്കം മുതൽ തന്നെ നജീബിനെ മർദിച്ച എബിവിപി പ്രവർത്തകർക്ക് നേരെയാണ് ഉയർന്നതെങ്കിലും അവർക്കെതിരെ കാര്യമായ നടപടികളൊന്നും തന്നെ ക്യാംപസ് അധികൃതരുടെ ഭാഗത്ത് നിന്നോ പൊലീസിന്‍റെ ഭാഗത്ത് നിന്നോ ഉണ്ടായില്ല. തുടക്കം മുതൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസും അധികൃതരും സ്വീകരിച്ചു വന്നതെന്ന് നജീബിന്‍റെ മാതാവ് ആരോപിച്ചിരുന്നു. 

നജീബിന്റെ തിരോധാനത്തിന് പിന്നില്‍ അന്ന് മർദിച്ച എബിവിപി പ്രവർത്തകർ തന്നെയാണെന്നായിരുന്നു വിദ്യാർഥി സംഘടനയായ ഐസ (ആൾ ഇന്ത്യ സ്റ്റുഡൻസ് യൂണിയൻ) അടക്കമുള്ളവരുടെ ആരോപണം. നജീബ് ഒരു മുസ്ലീം ആയതുകൊണ്ട് തന്നെ വലിയ രീതിയില്‍ എബിവിപി പ്രവര്‍ത്തകരാന്‍ നജീബ് ആക്രമിക്കപ്പെട്ടുവെന്ന് ഐസ ആരോപിച്ചു. 

അന്ന് ഐസയുടെ പ്രസിഡന്റായിരുന്ന രാമ നാഗ, ബിബിസിയോട് പറയുന്നതിങ്ങനെയാണ്;' സംഭവത്തെക്കുറിച്ച് കേട്ടാണ് അന്ന് ഞാന്‍ അവിടെയെത്തുന്നത്. ഹോസ്റ്റലില്‍ വലിയ ആള്‍ക്കൂട്ടം തന്നെയുണ്ടായിരുന്നു. ആളുകളെ സമാധാനിപ്പിച്ച് വാര്‍ഡന്റെ റൂമില്‍വെച്ച് ഒരു യോഗം വിളിക്കാന്‍ തീരുമാനിച്ചു. പക്ഷെ ഞങ്ങള്‍ ഹോസ്റ്റല്‍ മുറിയിലെത്തുന്നതിന് തൊട്ടു മുമ്പുവരെ എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ വീണ്ടും ആക്രമിച്ചിരുന്നു,''.

എന്നാല്‍ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് നജീബാണെന്ന വാദമാണ് എബിവിപി പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. ആരും നജീബിനെ തല്ലിയിട്ടില്ലെന്നും വാര്‍ഡന്റെ മുറിയില്‍ മീറ്റിംഗ് നടക്കുന്ന സമയത്ത് താനും ഉണ്ടായിരുന്നുവെന്നും ആരും നജീബിനെ പറയുന്ന പോല ആക്രമിച്ചിട്ടില്ലെന്നുമായിരുന്നു അന്നത്തെ എബിവിപിയുടെ ക്യാംപസിലെ പ്രസിഡന്റായിരുന്ന അലോക് കുമാര്‍ പറഞ്ഞത്.


കേസ് അന്വേഷണം-ഡൽഹി പൊലീസ് 


ക്യാംപസ് അധികൃതർ നജീബിനെ കാണാതായെന്ന പരാതിയിൽ ഒൻപത് എബിവിപി പ്രവർത്തകരുടെ പേരു ചേർത്ത് എഫ്ഐആർ ഇട്ട് അന്വേഷണം ആരംഭിച്ചു. ക്യാംപസില്‍ വ്യാപകമായ തെരച്ചില്‍ നടന്നു. 560ഓളം പൊലീസുകാര്‍ 11 സോണുകളായി തിരിഞ്ഞ് നജീബിന് വേണ്ടി തെരഞ്ഞു. പിന്നീട് രാജ്യത്ത് പലയിടങ്ങളിലും തെരച്ചിലുകള്‍ നടന്നെങ്കിലും എല്ലാ ശ്രമങ്ങളും വിഫലമായി. നജീബ് എവിടെയാണെന്നതിന്റെ ഒരു തുമ്പും കണ്ടെത്താന്‍ ഡല്‍ഹി പൊലീസിനായില്ല.  

നജീബിന്റെ തിരോധാനം സംബന്ധിച്ച് ഇപ്പോഴും തുടരുന്ന ഈ അനിശ്ചിതത്വത്തിന് കാരണം നിയമ നിര്‍വഹണത്തിന്റെ പരാജയമാണെന്ന് ദേശീയ മാധ്യമമായ ദ ടെലഗ്രാഫിന്റെ എഡിറ്റര്‍ അറ്റ് ദ ലാര്‍ജ്, ആര്‍. രാജഗോപാല്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.


'നിയമ നിര്‍വഹണത്തിന്റെ പരാജയം തന്നെയാണ് ഇത്. ഡല്‍ഹി പൊലീസ് ഇന്ത്യയിലെ തന്നെ ഏറ്റവും റിസോഴ്സസ് ഉള്ള പൊലീസ് സേനയാണ്. കേന്ദ്രവുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്ന ഫോഴ്സ് ആണ്. തുടക്കത്തിൽ കേസ് അന്വേഷിച്ച പൊലീസ് ഫോഴ്സിന് ഒരു തുമ്പും കണ്ടു പിടിക്കാന്‍ പറ്റിയില്ല എന്നതില്‍ തന്നെ ഈ കേസ് അന്വേഷിക്കുന്നതില്‍ അവര്‍ക്ക് എന്തോ പരിമിതി ഉണ്ടായിട്ടുണ്ട് എന്ന് വേണം കണക്കാക്കാന്‍. അത്തരത്തിലുള്ള ഒരു സാഹചര്യത്തില്‍ നിരന്തരമായി മാധ്യമ ഇടപെടല്‍ തന്നെയായിരുന്നു ഇതിനുള്ള ഏറ്റവും നല്ല പോംവഴി,' ആര്‍. രാജഗോപാല്‍ പറഞ്ഞു.


കേസ് അന്വേഷണം സിബിഐക്ക്


കേസ് ആദ്യം അന്വേഷിച്ച ഡർഹി പൊലീസിൽ നിന്ന് പിന്നീട് ക്രൈം ബ്രാഞ്ചിലേക്കും അതിന് ശേഷം സിബിഐയുടെ കൈയ്യിലേക്കും എത്തി. ഇപ്പോഴുള്ള അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അതുകൊണ്ട് കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് മാതാവ് നഫീസ് കോടതിയെ സമീപിച്ചു. ഈ ഹർജിയിലാണ് കേസ് സിബിഐക്ക് വിട്ടുകൊണ്ട് കോടതി ഉത്തരവിടുന്നത്.

പ്രതികളായ ഒൻപത് പേരുടെ ഫോൺ കോളുകൾ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചു. ആറ് മാസത്തോളം കഴിഞ്ഞാണ് ആ റിപ്പോർട്ട് സംബന്ധിച്ച് എന്തെങ്കിലും ഒരു വിവരം പുറത്തുവരുന്നത്. സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നായിരുന്നു റിപ്പോർട്ട്. കേസിൽ എബിവിപി കുറ്റാരോപിതരായ 9 എബിവിപി പ്രവർത്തകരെയും നജീബിന്‍റെ റൂംമേറ്റിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിർദേശം കോടതി തന്നെ നൽകിയിരുന്നു.

ഇതിന് പിന്നാലെ സിബിഐ നുണ പരിശോധനയ്ക്ക് തയ്യാറെടുത്തെങ്കിലും ഇതിനെ എതിർത്ത് എബിവിപി പ്രവർത്തകർ ഹർജി നൽകിയതോടെ ഡൽഹിയിലെ കോടതി സിബിഐയുടെ ഹർജി തള്ളി. കേസ് സിബിഐക്ക് കൈമാറിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. 2018ല്‍ കേസ് അവസാനിപ്പിക്കുന്നതിനായി സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നജീബിന്റേത് സാധാരണ കാണാതാവല്‍ സംഭവം മാത്രമാണെന്നും കുറ്റകൃത്യം നടന്നതിന് തെളിവില്ലെന്നുമായിരുന്നു സിബിഐ കോടതിയില്‍ അറിയിച്ചത്. കേസ് അവസാനിപ്പിക്കാന്‍ അനുമതി നല്‍കിയ കോടതി അന്വേഷണ ചുമതല പ്രത്യേക സംഘത്തെ ഏല്‍പ്പിക്കണമെന്ന നഫീസിന്റെ ആവശ്യം തള്ളുകയും ചെയ്തു.

കേസില്‍ പൊലീസും സിബിഐയും കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്ന് നജീബിന്‍റെ കുടുംബം ആരോപിച്ചു. "ഹൃദയം തകരുന്ന വിധിയാണിത്. കുറ്റവാളികളെ സംരക്ഷിക്കുന്ന പക്ഷപാതപരമായ അന്വേഷണമാണ് സിബിഐ നടത്തിയത്. സിബിഐ, ഡല്‍ഹി പൊലീസ് എന്നിവരെല്ലാം മോദി സര്‍ക്കാരിന്റെ പാവകളായി മാറി. നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകും," എന്നായിരുന്നു കേസ് അവസാനിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയതിന് പിന്നാലെ ഫാത്തിമ നഫീസ് മാധ്യമങ്ങളോടായി പറഞ്ഞത്.

നജീബ് പോയത് ജാമിയ മില്ലിയയിലേക്കോ?

നജീബ് തിരോധാന കേസില്‍ തുടക്കം മുതല്‍ വ്യാജമായി പലതും സൃഷ്ടിക്കാന്‍ പൊലീസ് ശ്രമിച്ചിട്ടുണ്ട്. അതില്‍ ഒന്നായിരുന്നു പൊലീസ് ശേഖരിച്ച ഒരു ഓട്ടോ ഡ്രൈവറുടെ മൊഴി. നജീബിനെ കാണാതായെന്ന് പറയപ്പെടുന്ന ദിവസം രാവിലെ അദ്ദേഹത്തെ തന്റെ ഓട്ടോയില്‍ ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ കൊണ്ടു വിട്ടു എന്നായിരുന്നു ഓട്ടോ ഡ്രൈവറുടെ മൊഴി. എന്നാല്‍ ആ മൊഴി ഡല്‍ഹി പൊലീസ് കെട്ടച്ചമച്ചതാണെന്ന് സിബിഐ ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു. ഡല്‍ഹി പൊലീസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കിയതെന്ന് അതോടെ വ്യക്തമായി.

തുടക്കം മുതല്‍ കേസിനെ വഴിതിരിച്ചു വിടാനാണ് പൊലീസും കോളേജ് അധികൃതരും ശ്രമിച്ചു കൊണ്ടിരുന്നതെന്ന് അന്ന് സര്‍വകലാശാല യൂണിയന്‍ ഭാരവാഹിയായിരുന്ന ഡോ. അമല്‍ പുല്ലാര്‍ക്കാട്ട് ന്യൂസ് മലയാളത്തോട് പറഞ്ഞു.

"ഈ കേസില്‍ പൊലീസിന്റെ ഭാഗത്തു നിന്നുള്ള അനാസ്ഥ വളരെ പ്രകടമായിരുന്നു. കേസ് കോടതിയില്‍ വരികയും കോടതിയുടെ ഇടപെടലിലുമാണ് പൊലീസ് കുറച്ചു കൂടി താത്പര്യത്തോടെ അന്വേഷണം നടത്തുന്നത്. തുടക്കത്തില്‍ കേസ് അന്വേഷിച്ച ഡല്‍ഹി പൊലീസിന്റെ ഇരട്ടത്താപ്പ് കേസ് അന്വേഷണത്തില്‍ പ്രകടമായിരുന്നു. ഈ കേസില്‍ എബിവിപി പ്രവര്‍ത്തകരാണ് പ്രതികള്‍. അവര്‍ക്കെതിരെ ഒരു തരത്തിലുമുള്ള അന്വേഷണമോ നടപടികളോ യൂണിവേഴ്‌സിറ്റി അധികൃതകരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടായിട്ടില്ല. സംഭവം വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് സര്‍വകലാശാല പേരിന് ഒരു അന്വേഷണ കമ്മീഷനെ പോലും നിയമിക്കുന്നത്. അതിന്റെ ഭാഗമായി അന്ന് അവര്‍ ചെയ്തത് കുറ്റാരോപിതരായ എബിവിപി പ്രവര്‍ത്തകരെ മാഹി മാണ്ഡവ്യയില്‍ നിന്ന് മറ്റൊരു ഹോസ്റ്റലിലേക്ക് മാറ്റുന്ന തരത്തില്‍ ഒരു ഹോസ്റ്റല്‍ ട്രാന്‍സ്ഫര്‍ നടത്തി എന്നത് മാത്രമാണ്. മറിച്ച് അവിടെ നടന്ന പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച ഞങ്ങള്‍ അടക്കമുള്ള അന്നത്തെ വിദ്യാര്‍ഥികള്‍ക്കു മേല്‍ 20,000 രൂപവരെ പിഴ ചുമത്തുന്ന സാഹചര്യം വരെയുണ്ടായി," അമല്‍ പുല്ലാര്‍ക്കാട്ട് പറഞ്ഞു.



നജീബ് ഐഎസില്‍ ചേര്‍ന്നോ?

തിരോധാന കേസില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. ഇതിനിടയില്‍ 2017 മാര്‍ച്ച് 21ന് ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ ഒരു വാര്‍ത്തവന്നു. കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദ് ഐഎസില്‍ ചേര്‍ന്നുവെന്ന് ചാപ്പകുത്തിക്കൊണ്ടായിരുന്നു ആ വാര്‍ത്ത. 'Missing JNU student saw IS videos: Cops' എന്നായിരുന്നു ആ വാര്‍ത്തയുടെ തലക്കെട്ട്. അതായത് നജീബ് തന്റെ ഫോണില്‍ ഐഎസുമായി ബന്ധമുള്ള വീഡിയോകള്‍ കണ്ടതായി പൊലീസ് പറയുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. വാര്‍ത്തയുടെ ഉള്ളടക്കം ഇങ്ങനെ:

'കാണാതാവുന്നതിന് മുമ്പുള്ള മാസങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടും അതിന്റെ ആശയങ്ങളുമായി ബന്ധപ്പെട്ടുമുള്ള വിവരങ്ങള്‍ നജീബ് ഇന്റര്‍നെറ്റില്‍ തിരഞ്ഞു എന്ന് കാണിക്കുന്ന റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചതായി രാജ്ശേഖര്‍ ഝാ റിപ്പോര്‍ട്ട് ചെയ്യുന്നു. നജീബ് തന്റെ ലാപ്ടോപ്പില്‍ നിന്ന് കണ്ട കൂടുതല്‍ യൂട്യൂബ് വീഡിയോകളും ഐഎസുമായി ബന്ധമുള്ളവയായിരുന്നുവെന്ന് പൊലീസുമായി ബന്ധമുള്ള വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇത് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് വഴി തുറക്കും. അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹൈക്കോടതിക്ക് കൈമാറി'.

ഈ വാർത്തയ്ക്ക് പുറമെ ഉൾപ്പേജിൽ രാജ്‌ശേഖര്‍ ഝാ തന്നെ തയ്യാറാക്കിയ, മൂന്ന് കോളം വാര്‍ത്തയും നല്‍കിയിരുന്നു. 'നജീബ് ഐഎസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരഞ്ഞു' എന്ന തലക്കെട്ടില്‍, നജീബ് ഐഎസ് ആശയങ്ങളോട് എങ്ങനെ പൊരുത്തപ്പെട്ടിരിക്കാം എന്ന് വിശദമാക്കുന്ന വാർത്തയായിരുന്നു അത്.

നജീബിന്റെ ഗൂഗിള്‍ ഹിസ്റ്ററിയും മറ്റു സെര്‍ച്ച് ഹിസ്റ്ററിയും വിരല്‍ ചൂണ്ടുന്നത് അദ്ദേഹം ഐഎസില്‍ ചേര്‍ന്നിരിക്കാം എന്നതിലേക്കാണെന്നും റിപ്പോര്‍ട്ട് പറഞ്ഞു വെക്കുന്നു. ഈ റിപ്പോര്‍ട്ട് നിരവധി മാധ്യമങ്ങള്‍ ഏറ്റെടുത്തു. നജീബിന് ഐഎസ് ബന്ധമോ എന്ന് സംശയം പങ്കുവെച്ചും, നജീബ് ഐഎസില്‍ ചേര്‍ന്നു എന്ന് സ്ഥാപിച്ചും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഈ വാര്‍ത്തകളെ നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു നജീബ് തിരോധാന കേസില്‍ ഡല്‍ഹി പൊലീസിലെ മുതിര്‍ന്ന വക്താവിന്റെ പ്രസ്താവന. നജീബിന് ഐഎസുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ പറ്റുന്ന തരത്തില്‍ ഒന്നും തന്നെ ഡല്‍ഹി പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ദീപേന്ദ്ര പതക്ക് വ്യക്തമാക്കി. വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് തെളിഞ്ഞെങ്കിലും തീവ്രവലതുപക്ഷ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഇത് ഏറ്റെടുത്തു. അന്നത്തെ ബിജെപിയുടെ ഐടി സെല്‍ തലവന്‍ അമിത് മാളവ്യ അടക്കം അന്ന് ഈ വാര്‍ത്ത പങ്കുവെച്ചു.


ഇത്തരത്തില്‍ ഒരു വാര്‍ത്ത വന്നു കഴിഞ്ഞാല്‍ അത് കാട്ടുതീ പോലെ പടരുമെന്നതാണ് ഓണ്‍ലൈനിന്റെ പ്രശ്നം. ഇന്ത്യയില്‍ ഇന്നത്തെ സ്ഥിതിയനുസരിച്ച് ഒരു മുസ്ലീം ചെറുപ്പക്കാരനെ കുറിച്ച് എന്ത് തിയറി പറഞ്ഞാലും അതൊക്കെ വിശ്വസിക്കാന്‍ എത്ര വിദ്യാഭ്യാസമുള്ളവരാണെങ്കില്‍ പോലും ഉണ്ടെന്നത് വലിയ അപകടകരമായ കാര്യമാണെന്ന് ആര്‍. രാജഗോപാല്‍ ചൂണ്ടിക്കാട്ടി.

വലിയ രീതിയില്‍ പ്രചരിച്ചു കഴിഞ്ഞ ഒരു വ്യാജ വാര്‍ത്ത നമുക്ക് തടയാന്‍ കഴിയില്ല. പക്ഷെ നജീബിനെക്കുറിച്ചുള്ള ഫേക്ക് ന്യൂസ് അല്ലാത്ത കാര്യങ്ങള്‍, ആ മാതാവിന്റെ വേദന, അവര്‍ എത്രയോ കാലങ്ങളായി നടത്തുന്ന പരിശ്രമം തുടങ്ങിയവയെ പോലും മാധ്യമങ്ങള്‍ ഇതുവരെ കവര്‍ ചെയ്തിട്ടില്ല. ഇങ്ങനയുള്ള വിഷയങ്ങളില്‍ മാധ്യമങ്ങളുടെ ആദ്യ ചുമതല എന്നു പറയുന്നത് കഴിയുന്നത്ര കോലാഹലം ഉണ്ടാക്കുക എന്നതാണ്. പക്ഷെ ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ അവരുടെ കടമ നിര്‍വഹിച്ചില്ല എന്നതിന് യാതൊരു സംശയവുമില്ലാത്ത ഒന്നാണെന്നും ആര്‍. രാജഗോപാല്‍ പറഞ്ഞു.

നജീബിന്റെ മാനസികാരോഗ്യമോ തിരോധാനത്തിന് കാരണം?



നജീബ് ഡിപ്രഷന്‍, ഉറക്കമില്ലായ്മ തുടങ്ങിയ അവസ്ഥകൾക്കായി മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ വാദം. നജീബ് മാനസികമായി മോശം അവസ്ഥയിലായിരുന്നിരിക്കാമെന്നും അതിനാല്‍ തന്നെ ക്യാംപസ് വിട്ട് മനഃപൂര്‍വ്വം പോയതായിരിക്കാമെന്ന നിഗമനവും പൊലീസ് മുന്നോട്ടു വെച്ചു. നജീബ് സ്ഥിരമായി കാണിച്ചിരുന്നെന്ന് പറയപ്പെടുന്ന ഡോക്ടറുടെ അടുത്തുനിന്ന് കഴിച്ചിരുന്ന മരുന്നുകളുടെ അടക്കം കുറിപ്പടിയും മറ്റു വിവരങ്ങളും ശേഖരിച്ചതായും പൊലീസ് പറഞ്ഞിരുന്നു. മാധ്യമങ്ങളും ഇതേ ആരോപണം ഏറ്റെടുത്തു.

ടൈംസ് ഓഫ് ഇന്ത്യയിലെ ഐഎസ്  ആരോപണമുന്നയിക്കുന്ന അതേ വാര്‍ത്തയില്‍ തന്നെ, നജീബിന്‍റെ മാനസിക ആരോഗ്യ സംബന്ധമായ പൊലീസ് വാദങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള കാര്യങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

റിപ്പോര്‍ട്ട് തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകന്‍ നജീബ് കഴിച്ചെന്ന് പറയുന്ന മരുന്നുകളിലും സംശയം ഉന്നയിക്കുന്നുണ്ട്.  കേസില്‍ നാലര മാസത്തിനിടയ്ക്ക് പല ട്വിസ്റ്റുകളും സംഭവിക്കുന്നുണ്ടെന്നും അതില്‍ പൊലീസിന് ലഭിച്ച ആദ്യ ലീഡ് നജീബ് കഴിച്ചിരുന്ന മരുന്നുകളെക്കുറിച്ചാണെന്നും രാജ്‌ശേഖര്‍ ഝാ റിപ്പോർട്ട് ചെയ്തു. നജീബ് ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡറിന് (ഒസിഡി) മരുന്ന് കഴിച്ചിരുന്നു. ഡിപ്രഷനും ഉറക്കത്തിനുമായുള്ള മരുന്നുകളും അദ്ദേഹം കഴിച്ചിരുന്നതായും പാനിക്ക് അറ്റാക്കിനും ഫിറ്റ്‌സിനും മറ്റും നല്‍കുന്ന മരുന്നും നജീബിന്റെ മുറിയില്‍ നിന്ന് ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മരുന്നുകളുടെ പേരും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യ മാത്രമല്ല, മറ്റു മാധ്യമങ്ങളും മാനസികാരോഗ്യ നിലയും മരുന്നുകളെക്കുറിച്ചും വാര്‍ത്തകളില്‍ വിവരങ്ങള്‍ പങ്കുവെക്കുന്നുണ്ട്. എന്നാല്‍ നജീബിന്റെ മാനസിക നിലയുമായി തിരോധാനത്തെ ബന്ധിപ്പിക്കുന്നതിലെ അപാകത ചൂണ്ടിക്കാണിക്കുകയാണ് ആര്‍. രാജഗോപാല്‍.


'ഇത് ഒരു ചെറുപ്പക്കാരന്റെ ജീവന്റെ പ്രശ്നമാണ്. പ്രത്യേകിച്ചും കാണാതാവുന്നതിന് തൊട്ടു തലേദിവസം ഒരു സംഘട്ടനം നടന്നുവെന്ന് തെളിഞ്ഞിട്ടുള്ള സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്ക് ഇതില്‍ കൃത്യമായ കടമ നിര്‍വഹിക്കേണ്ടതായിരുന്നു. പക്ഷെ ഇവിടെ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പങ്കുവെച്ചു എന്നത് മാത്രമല്ല, നജീബിന്റെ മാനസിക ആരോഗ്യ നിലയെക്കുറിച്ച് സംശയം ഉന്നയിക്കുകയും ചെയ്തു. അദ്ദേഹം കഴിച്ച മരുന്നുകളുടെയും ഡോസേജിന്റെയും പോലും പേരില്‍ ആരോപണം ഉന്നയിക്കുകയാണ്. ആരോഗ്യ സംബന്ധമായ കാര്യം ഒരാളുടെ വളരെ സ്വകാര്യമായ ഒന്നാണ്. ഇതിനെയൊക്കെ പബ്ലിക്ക് ആയി ചര്‍ച്ച ചെയ്യുകയോ, കുടുംബങ്ങളോട് സംസാരിക്കുകയോ ചെയ്യാന്‍ പാടില്ലാത്തതാണ്. ഒരാളുടെ ആരോഗ്യ വിവരങ്ങള്‍ കുടുംബത്തിന്‍റെ സമ്മതമുണ്ടെങ്കിൽ പോലും അയാളുടെ സമ്മതമില്ലാതെ കൊടുക്കാന്‍ പാടില്ല എന്നതാണ് മാധ്യമ ധര്‍മം. എന്നാല്‍ ഇതൊന്നും മാധ്യമങ്ങള്‍ ഇപ്പോള്‍ ശ്രദ്ധിക്കാറില്ല. നജീബിന്‍റെ തിരോധാനത്തിൽ മാധ്യമങ്ങള്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ല. ഇപ്പോഴും അത് ചെയ്യുന്നുമില്ല. ഒരു ജീവന് നമ്മള്‍ വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍ നിരന്തരമായി ഇതിനെക്കുറിച്ചുള്ള ചോദ്യം നമ്മള്‍ ചോദിച്ചു കൊണ്ടേയിരിക്കണം,' ആര്‍. രാജഗോപാല്‍ പറഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യ മാപ്പ് പറഞ്ഞോ?

ഡല്‍ഹി പൊലീസ് വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയതോടെ തൊട്ടടുത്ത ദിവസം ടൈംസ് ഓഫ് ഇന്ത്യ, ഒരു ഒറ്റക്കോളം വാർത്ത നൽകി. 'നജീബ് ഐഎസിൽ ചേർന്നുവെന്ന വാർത്ത ഡൽഹി പൊലീസ് നിഷേധിച്ചു' എന്ന തലക്കെട്ടിലായിരുന്നു വാർത്ത. അതല്ലാതെ കൃത്യമായ മാപ്പ് പോലും പത്രം നൽകിയില്ല. നജീബിനെ ഐഎസ് ചേര്‍ത്തുവെന്ന ആശങ്ക പ്രകടിപ്പിക്കാന്‍ കാണിച്ച അത്രമാത്രം ആത്മാര്‍ഥതയോ ആകുലതയോ അടുത്ത ദിവസത്തെ റിപ്പോർട്ടിൽ ഉണ്ടായില്ല. 

പിന്നാലെ നജീബിനെതിരായ വ്യാജ പ്രചരണത്തില്‍ മാതാവ് ഫാത്തിമ നഫീസ് ഡല്‍ഹി ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. നജീബ് ഐഎസില്‍ ചേര്‍ന്നിരിക്കാമെന്ന ഊതിവീര്‍പ്പിച്ച വാര്‍ത്ത ആദ്യം നല്‍കിയ ടൈംസ് ഓഫ് ഇന്ത്യ, ടൈംസ് നൗ, ദില്ലി ആജ് തക് എന്നീ മാധ്യമങ്ങള്‍ക്കും ടെംസ് ഓഫ് ഇന്ത്യയിലെയും ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെയുമാണ് ഹര്‍ജി നല്‍കിയത്.


2018 മാര്‍ച്ച് 21നാണ് നഫീസ് ഹര്‍ജി ഫയല്‍ ചെയ്തത്. എന്നാല്‍ അഞ്ച് മാസങ്ങള്‍ക്കപ്പുറം 2018ല്‍ സെപ്തംബറില്‍ പുറത്തുവന്ന വാര്‍ത്ത ആ കേസ് ഫയല്‍ കോടതിയില്‍ വെച്ച് കാണാതായെന്നായിരുന്നു. അന്ന് നാഷണല്‍ ഹെറാള്‍ഡ് നല്‍കിയ വാര്‍ത്ത പ്രകാരം, ഫാത്തിമ നഫീസ് പാട്യാല ഹൗസ് കോടതിയില്‍ നല്‍കിയ ക്രിമിനല്‍ ഡിഫമേഷന്‍ കേസ്, മജിസ്‌ട്രേറ്റ് അംബിക സിംഗിന്റെ രജിസ്ട്രിയില്‍ നിന്ന് കാണാതായി എന്നാണ്. ഈ ഹര്‍ജിയില്‍ പിന്നീട് എന്ത് സംഭവിച്ചു എന്നതും വ്യക്തമല്ല.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഫാത്തിമ നഫീസ് പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എബിവിപി പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനായി ബിജെപി സര്‍ക്കാര്‍ ഇടപെട്ടെന്നും അതുകൊണ്ട് തന്നെ വിചാരണയ്ക്ക് മുമ്പ് തന്നെ ഈ അപകീര്‍ത്തി കേസ് ഒതുക്കി തീര്‍ക്കുക എന്നത് അവരുടെ ആവശ്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഈ വിഷയം കൈകാര്യം ചെയ്തതു പോലും വളരെ ദുര്‍ബലമായാണ്. അരികുവത്കരിക്കപ്പെട്ട ഒരാളുടെ കേസ് എന്ന നിലയ്ക്ക് പോലും കോടതിയ്ക്ക് അടിയന്തരമായി കേസില്‍ വിചാരണ പോലും നടത്തിയില്ല. ഇപ്പോള്‍ കേസില്‍ ഫയല്‍ പോലും നഷ്ടപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടാണ് കോടതി രാജ്യത്തെ ജനങ്ങളോട് ഇരട്ടത്താപ്പ് കാണിക്കുന്നത് എന്നും നഫീസ് പ്രസ്താവനയില്‍ ചോദിക്കുന്നുണ്ട്.

നജീബിന് വേണ്ടി നടത്തിയ സമരങ്ങൾ

നജീബിന്റെ തിരോധാനം, ജെ.എന്‍.യു ക്യാംപസിനെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കി. വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലും ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയന്റെ നേതൃത്വത്തിലുമായി വലിയ പ്രതിഷേധങ്ങള്‍ നടന്നു. നജീബിനെ കണ്ടെത്തുന്നതിനായി കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും, അധികൃതര്‍ തിരോധാനത്തില്‍ വേണ്ടവിധം ഇടപെടലുകള്‍ നടത്തിയില്ലെന്നുമൊക്കെ കാണിച്ചാണ് പ്രതിഷേധിച്ചത്.


നജീബിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അന്ന് മാതാവ് ഫാത്തിമ നഫീസും ഇടത് വിദ്യാര്‍ഥി സംഘടനകളും ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയനും വിദ്യാര്‍ഥികളും ചേര്‍ന്ന് ഇന്ത്യാഗേറ്റില്‍ നടത്തിയ സമരത്തെ പൊലീസ് നേരിട്ടത് കായികമായാണ്. നജീബിന്റെ മാതാവിനെ പൊലീസ് തെരുവില്‍ വലിച്ചിഴച്ചു. അവരെ പിടിച്ചു മാറ്റാന്‍ ശ്രമിച്ച എസ്എഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു, അന്ന് വിദ്യാര്‍ഥിയായിരുന്ന നിതീഷ് നാരയണന്‍ (ഇന്ന് എസ്എഫ്‌ഐ വൈസ് പ്രസിഡന്റ്) തുടങ്ങി നിരവധി വിദ്യാർഥികൾക്കും മർദ്ദനമേറ്റു.


ഇന്ത്യാഗേറ്റില്‍ സമരം ചെയ്ത നജീബിന്റെ ഉമ്മയെ വളരെ ക്രൂരമായിട്ടാണ് അന്ന് പൊലീസ് വലിച്ചിഴച്ച് കൊണ്ടു പോയത്. അതിനെ തടയാന്‍ ശ്രമിക്കുമ്പോഴാണ് ഞങ്ങള്‍ക്കെല്ലാം മര്‍ദ്ദനമേറ്റത്. നജീബിന്റെ ഉമ്മ കഴിഞ്ഞ എട്ടു വര്‍ഷമായിട്ട് നിരന്തരം ഈ സമരത്തിന്റെ ഭാഗമായിട്ടുള്ള ഒരാളാണ്. നജീബിന്റെ ഉമ്മ ഇന്ത്യയിലെ ഇന്നത്തെ സമരങ്ങളുടെ പ്രതീകമായികൂടി മാറിയിട്ടുള്ള ആളാണ്. നജീബിന്റെ ഉമ്മ ഇപ്പോഴും ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരങ്ങളില്‍ തുടര്‍ന്നും നില്‍ക്കുന്ന ആളാണെന്ന് എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് നിതീഷ് നാരായണന്‍ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

എന്തുകൊണ്ടാണ് നജീബിന്റെ ഉമ്മ തെരുവിലിഴയ്ക്കപ്പെടുന്നത്? ആക്രമിക്കപ്പെടുന്നത്? എന്തുകൊണ്ടാണ് അവരോട് ഒരു കരുണയുമില്ലാതെ പെരുമാറുന്നത്? നജീബിന്റെ ഉമ്മ ഏതെങ്കിലും തരത്തിലുള്ള അനുകമ്പയോ കരുണയോ ഉത്തരവാദിത്തമോ ഉള്ള ഭരണകൂടമല്ല ഇന്ത്യയിലുള്ളത്. നജീബിന്റെ ഉമ്മയോടോ രോഹിത് വെമുലയുടെ അമ്മയോടോ ദേശദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലുകളില്‍ അടയ്ക്കപ്പെട്ട് കിടക്കുന്ന എത്രയോ വിദ്യാര്‍ഥികള്‍ ഉണ്ട് അവരുടെ പ്രിയപ്പെട്ടവരോടോ ജിഎന്‍ സായിബാബയുടെ ഭാര്യയോടോ സുഹൃത്തുക്കളോടോ ഒന്നും അനുകമ്പയുള്ള സര്‍ക്കാര്‍ അല്ല ഇവിടെയുള്ളത്. പക്ഷെ അപ്പോഴും നജീബിന്റെ ഉമ്മ ഒരു സമരത്തിന്റെ മുഖമായി ഇന്ത്യയില്‍ ബാക്കിയാകുന്നു എന്നത് ഇന്ത്യയില്‍ ഇതിനൊക്കെ എതിരായി നിലനില്‍ക്കുന്ന ചെറുത്തുനില്‍പ്പാണ് എന്നത് കൂടിയാണ് കാണിക്കുന്നതെന്നും നിതീഷ് നാരായണന്‍ പറഞ്ഞു.

നജീബ് തിരോധാനത്തില്‍ 2019ല്‍ ജെഎന്‍യുവിലെ യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ് എന്ന ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നജീബിന്റെ മാതാവ്, കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ്, എഴുത്തുകാരി അരുന്ധതി, അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ളവര്‍ ചേർന്ന്  പ്രതിഷേധ പരിപാടി നടത്തി. ഐസ, എസ്എഫ്‌ഐ, സത്രീകളുടെ കൂട്ടായ്മയായ പിഞ്ജ്ര തോഡ് തുടങ്ങിയ സംഘടനകള്‍ ഒരുമിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഉമര്‍ ഖാലിദും പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അന്ന് പരിപാടിയില്‍ പങ്കെടുത്തു.

എസ്ഐഒ (സ്റ്റുഡന്‍റ് ഇസ്ലാമിക് ഓർഗനൈസേഷൻ) അടക്കമുള്ള വിദ്യാർഥി സംഘടനകളും നജീബിന്‍റെ തിരോധാനത്തിൽ പ്രതിഷേധിച്ച് ഇന്നും സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നുണ്ട്. 2016ൽ മത നേതാക്കളും ആക്ടിവിസ്റ്റുകളും വിദ്യാര്‍ഥികളുമടങ്ങുന്ന സംഘം നജീബ് എവിടെയെന്ന ചോദ്യമുയര്‍ത്തി പാര്‍ലമെന്റ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി. എസ്‌ഐഒ സംഘടിപ്പിച്ച മാര്‍ച്ച് മണ്ഡി ഹൗസില്‍ നിന്ന് തുടങ്ങി ജന്തര്‍ മന്തറില്‍ അവസാനിച്ചു. ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ജമാ അത്തെ ഇസ്ലാമി ഹിന്ദ്, ആള്‍ ഇന്ത്യ മുസ്ലീം മജ്‌ലിസ് മുഷവറത്ത്, ലോക് രാജ് സംഗതന്‍ തുടങ്ങി നിരവധി സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.

'അവനെ കണ്ടെത്തുന്നതില്‍ സിബിഐക്ക് ഒരു താല്‍പ്പര്യവുമില്ലെ'ന്നാണ് നജീബ് തിരോധാന കേസ് അന്വേഷണ സംഘം അവസാനിപ്പിച്ചതിന് പിന്നാലെ അന്ന് ഫാത്തിമ നഫീസ് പറഞ്ഞത്. എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറവും മാധ്യമങ്ങളും പൊലീസുമടക്കം പറഞ്ഞ നിഗൂഢതങ്ങൾ നിറഞ്ഞ കഥകൾ മാത്രം ബാക്കിവെച്ച് നജീബ് എവിടെ എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ഫാത്തിമ നഫീസ് നജീബിനെ കാത്തിരിക്കുന്നുണ്ട്. 

KERALA
അവിഹിത ബന്ധങ്ങൾ നഷ്ടപരിഹാരത്തിന് കാരണമാകില്ല; കുടുംബ കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
Also Read
user
Share This

Popular

KERALA
KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?