കേന്ദ്രസർക്കാർ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി രാജ്യത്ത് തൊഴിലില്ലായ്‌മ രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നരേന്ദ്ര മോദി സർക്കാരിന് പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല. സംസ്ഥാനത്തിനുള്ള കാർഷിക സഹായങ്ങളും തൊഴിലുറപ്പ് പദ്ധതി വിഹിതവും കേന്ദ്രം വെട്ടിക്കുറച്ചു. കേന്ദ്ര സർക്കാർ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. നവംബർ ഒന്ന് മുതൽ കേരളത്തിൽ ഒരു അതിദരിദ്ര കുടുംബം പോലും ഉണ്ടാകില്ലെന്നും ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.
പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയർത്താൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അത്തരം ചെലവുകൾ വെട്ടിച്ചുരുക്കുന്നതാണ് കാണുന്നത്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് തൊഴിലുറപ്പ് പദ്ധതി കമ്യൂണിസ്റ്റ് പാർട്ടി സമ്മർദം ചെലുത്തിയാണ് നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി രാജ്യത്ത് തൊഴിലില്ലായ്‌മ രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി. പൊതുമേഖലാ സ്ഥാപനങ്ങളെ നശിക്കാൻ വിടുന്നു. റയിൽവേ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി നിഷേധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മോദി സർക്കാരിൻ്റെ തെറ്റായ നയങ്ങൾ കോൺഗ്രസ് ചോദ്യം ചെയ്യുന്നില്ല. ഉദാരവൽക്കരണം ഉൾപ്പെടെ കോൺഗ്രസിൻ്റെ തെറ്റായ നയങ്ങളാണ് ബിജെപി പിന്തുടരുന്നത്. ഉദാരവൽക്കരണം ചോദ്യം ചെയ്യാൻ കോൺഗ്രസിന് കഴിയുമോ?, മുഖ്യമന്ത്രി ചോദിച്ചു.
യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വ്യത്യാസം...
2011- 16 വരെ ഒരു ദുരന്തവും കേരളത്തിൽ ഉണ്ടായില്ല. എന്നാൽ യുഡിഎഫ് ഭരണം എന്ന ദുരന്തമുണ്ടായിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. നാഷണൽ ഹൈവേ നിർമാണത്തിന് സ്ഥലം ഏറ്റെടുക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. എൽഡിഎഫ് അത് നടപ്പാക്കി. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വ്യത്യാസം ഇതാണ്. കേരളത്തോട് കേന്ദ്ര സർക്കാരിന് വിപ്രതിപത്തിയെന്നും പിണറായി പറഞ്ഞു.
ഇടതുപക്ഷത്തെ എതിർക്കാം പക്ഷേ നാടിനോട് അതു പാടില്ല. വികസന പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കാൻ കേന്ദ്രം ശ്രമിച്ചു. ഖജനാവിലെ പണം കൊണ്ട് മാത്രം എല്ലാം ചെയ്യാൻ ആകില്ല. അതുകൊണ്ടാണ് കിഫ്‌ബിയെ സമീപിച്ചത്. ഇപ്പൊൾ തൊള്ളായിരം കോടിയുടെ വികസനപ്രവർത്തനങ്ങൾ ആയി. സഹിക്കുന്നില്ല കേന്ദ്രത്തിന്. കിഫ്‌ബി കേരളത്തിന്റെ കടത്തിന്റെ ഗണത്തിൽ പെടുത്താനാണ് കേന്ദ്ര ശ്രമം. കിഫ്ബിയുടെ പ്രവർത്തനം തുടർന്നു കൊണ്ടുപോകണം. അതിന് നിയമവഴി ഉൾപ്പെടെ തേടിയിരിക്കുകയാണ്, മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ദ്രോഹിക്കാൻ കേന്ദ്രത്തിനൊപ്പം യുഡിഎഫും ചേരുന്നു. കിഫ്ബിയുടെ പ്രവർത്തനം തടയാൻ ശ്രമിച്ചാൽ അത് മുന്നോട്ടു കൊണ്ടുപോകാനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ഭൂരിപക്ഷ വർഗീയതയാണ് ന്യൂനപക്ഷ വർഗീയത ഉണ്ടാക്കിയത്...
അകറ്റി നിർത്തേണ്ട വർഗീയ ശക്തികളെ യുഡിഎഫ് കൂടെ കൂട്ടുന്നുവെന്ന് പിണറായി വിജയൻ ജില്ലാ സമ്മേളനത്തിലും ആവർത്തിച്ചു. വർഗീയ ശക്തികളെ അഴിഞ്ഞാടാൻ അനുവദിക്കില്ല. വർഗീയതയെ അകറ്റി നിർത്തണം. ഭൂരിപക്ഷ വർഗീയതയാണ് ന്യൂനപക്ഷ വർഗീയത ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി നിരീക്ഷിച്ചു. ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗീയതയെയും പ്രോത്സാഹിപ്പിക്കുന്നു. വർഗീയതയെ വർഗീയത കൊണ്ട് നേരിടാനാവില്ല മുഖ്യമന്ത്രി പറഞ്ഞു.
വർഗീയതയെ കൂട്ടുപിടിച്ചായാലും തൽക്കാലം കുറച്ചു വോട്ടും നാലു സീറ്റും എന്നതാണ് യുഡിഎഫ് രീതിയെന്ന് പിണറായി പറഞ്ഞു. യുഡിഎഫിൻ്റെ പാലക്കാട്ടെ വിജയം ആദ്യം ആഘോഷിച്ചത് എസ്ഡിപിഐയാണ്. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് ആലോചിക്കണം. ജമാഅത്തെ, എസ്ഡിപിഐ എന്നിവരുമായിട്ടാണ് ഇപ്പോൾ ലീഗിന്റെ കൂട്ട്. ലീഗിൻ്റെ കാര്യങ്ങൾ ഇപ്പോൾ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും പിണറായി പറഞ്ഞു. മുസ്ലീം ലീഗിൻ്റേത് ആത്മഹത്യാപരമായ നിലപാടാണെന്നും ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കൂടെ കൂട്ടുന്നത് ലീഗിനെ നാശത്തിലേക്ക് കൊണ്ടുപോകുമെന്നും പിണറായി കൂട്ടിച്ചേർത്തു.
ആലപ്പുഴ ജില്ലയിൽ സിപിഎം കുതിച്ചുയരും...
ആലപ്പുഴയിൽ സിപിഎം കുതിച്ചുയരുമെന്നായിരുന്നു സമ്മേളനത്തിന്റെ പൊതു വികാരമെന്ന് പിണറായി പറഞ്ഞു. ആലപ്പുഴ ജില്ല പാർട്ടിയിൽ നിർണായക പങ്ക് വഹിച്ച ജില്ലയാണ്. ഒരു തരത്തിലുമുള്ള അനാരോഗ്യ പ്രവണത സമ്മേളനത്തിലുണ്ടായില്ല. ആരോഗ്യപരമായ ചർച്ചകളാണ് സമ്മേളനത്തിൽ നടന്നത്. സംഘടനയ്ക്ക് അഭിമാനിക്കാവുന്ന സമ്മേളനമാണെന്നും പിണറായി അഭിപ്രായപ്പെട്ടു.
ആലപ്പുഴയിലെ പാർട്ടി ഗുണപരമായി വളർന്നു വരുന്നു. നേരത്തെ പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വലതുപക്ഷമാധ്യമങ്ങൾ ഈ പാർട്ടിയെ തകർക്കാം എന്ന് മോഹിച്ചു നടന്നിരുന്നു. എന്നാൽ തെറ്റായ പ്രവണത തിരുത്തി മുന്നോട്ട് പോകാൻ പാർട്ടിക്ക് ആയി, പിണറായി പറഞ്ഞു.
ഏതോ കാലത്ത് സമ്മേളനം നടത്തുന്ന പാർട്ടികളെ ജനാധിപത്യ പാർട്ടികൾ എന്നു പറയുന്നു. കൃത്യമായി ഇടവേളയിൽ സമ്മേളനവും തെരഞ്ഞെടുപ്പും നടത്തുന്ന സിപിഎമ്മിനെ ജനാധിപത്യ പാർട്ടി എന്നു വിളിക്കുന്നില്ലെന്നും പിണറായി പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ഇടതിന് ആശങ്കയുണ്ടാക്കുന്നു. വലതുപക്ഷ ശക്തികൾ രൂക്ഷമായ ആക്രമണം അഴിച്ചു വിടുന്നു. ഇടതിന് മാത്രമേ രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന തെറ്റുകളെ ചെറുക്കാൻ സാധിക്കൂ. ഇടതുപക്ഷം കൂടുതൽ കരുത്ത് ആർജിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും പിണറായി കൂട്ടിച്ചേർത്തു.