തൃപ്തികരമായ ഒരു പാത സാധ്യമാകും എന്ന് ഞാൻ ആദ്യം വിചാരിച്ചിരുന്നില്ല....
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബർഗ് റിസർച്ച് എന്ന പേര് ഇന്ത്യക്കാർക്ക് സുപരിചിതമായത് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിലൂടെയാണ്. നിരവധി കോർപ്പറേറ്റ് തട്ടിപ്പുകള്‍ മറനീക്കികൊണ്ടുവരുന്നതിനു കാരണമായ ഈ സ്ഥാപനം പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ട് സ്ഥാപകനായ നേറ്റ് ആന്‍ഡേഴ്സണ്‍ ഇങ്ങനെ കുറിച്ചു....
കഴിഞ്ഞ വർഷാവസാനം മുതൽ കുടുംബത്തോടും സുഹൃത്തുക്കളോടും ടീമിനോടും പറഞ്ഞുകൊണ്ടിരുന്നതുപോലെ, ഹിൻഡൻബർഗ് റിസർച്ച് പിരിച്ചുവിടാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. ഞങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്ന ആശയങ്ങളുടെ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം ഈ സംരംഭം അവസാനിപ്പിക്കാനായിരുന്നു പദ്ധതി. ഇപ്പോഴിതാ അവസാന പോൺസി കേസുകളും ഞങ്ങൾ റെഗുലേറ്റർമാരുമായി പങ്കുവെച്ചുകഴിഞ്ഞിരിക്കുന്നു. അതേ , ആ ദിവസം ഇന്നാണ്.
സന്തോഷത്തോടെയാണ് ഞാൻ ഇത് എഴുതുന്നത്. ഈ സ്ഥാപനം പടുത്തുയർത്തുക എന്നത് എന്‍റെ ജീവിതത്തിലെ ഒരു സ്വപ്നമായിരുന്നു. ഇത് എളുപ്പമുള്ള ഓപ്ഷനായിരുന്നില്ല. പക്ഷേ അപകടത്തെക്കുറിച്ച് ഞാൻ ബോധവാനായിരുന്നില്ല , അതിലേക്ക് ഞാൻ കാന്തികമായി ആകർഷിക്കപ്പെടുകയായിരുന്നു.
ഞാൻ ഈ സ്ഥാപനം ആരംഭിച്ചപ്പോൾ, ഇതിനുള്ള പ്രാപ്തി എനിക്കുണ്ടെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. സാമ്പത്തിക മേഖലയിൽ പാരമ്പര്യപശ്ചാത്തലം എനിക്കില്ല. എന്റെ ബന്ധുക്കളിൽ ആരും ഈ മേഖലയിലില്ല. ഒരു സർക്കാർ സ്കൂളിലാണ് ഞാൻ പോയിരുന്നത്. ഞാൻ മിടുക്കനായ ഒരു വിൽപ്പനക്കാരനുമല്ല. ധരിക്കേണ്ട ശരിയായ വസ്ത്രങ്ങൾ ഏതൊക്കെയാണെന്ന് എനിക്കറിയില്ല. എനിക്ക് ഗോൾഫ് കളിക്കാൻ അറിയില്ല. 4 മണിക്കൂർ മാത്രം ഉറങ്ങിയ ശേഷം പ്രവർത്തിക്കാൻ കഴിയുന്ന ഒരു അതിമാനുഷനുമല്ല ഞാൻ. മൊത്തത്തിൽ നോക്കിയാൽ ചെയ്ത ഭൂരിഭാഗം ജോലികളിലും നല്ല ഒരു പണിക്കാരനായിരുന്നിട്ടും ഞാൻ അവഗണിക്കപ്പെട്ടു. തുടക്കകാലത്ത് എന്റെ കയ്യിൽ പണമില്ലായിരുന്നു- തുടക്കത്തിൽ തന്നെ തുടർച്ചയായി മൂന്ന് ലോ സ്യൂട്ടുകളും ആയപ്പോൾ ഞാൻ തീർത്തും ദരിദ്രനായി.
സാമ്പത്തിക സ്രോതസുകളുടെ അഭാവം ഉണ്ടായിരുന്നിട്ടും എന്റെ കേസുകൾ ഏറ്റെടുത്ത ലോക പ്രശസ്തനായ വിസിൽബ്ലോവർ ബ്രയാൻ വുഡിന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ തുടക്കത്തിൽ തന്നെ ഞാൻ പരാജയപ്പെടുമായിരുന്നു. ആ സമയത്ത് ഞാൻ എന്റെ കുഞ്ഞുമായി വീട് ഒഴിയൽ എന്ന ഭീഷണി നേരിടുകയായിരുന്നു. ഞാൻ ഭയപ്പെട്ടു. പക്ഷെ അങ്ങനെ സ്തംഭിച്ചു നിന്നാൽ തകർന്ന് പോകുമെന്ന് എനിക്ക് അറിയാമായിരുന്നു. മുന്നോട്ട് പോകുക എന്നതായിരുന്നു എനിക്ക് മുന്നിലുള്ള ഒരേയൊരു ഓപ്ഷൻ.
അശുഭ ചിന്തകൾക്ക് കീഴടങ്ങാനും മറ്റുള്ളവർ നിങ്ങളെപ്പറ്റി വിചാരിക്കുന്നത് വിശ്വസിക്കാനും എളുപ്പമാണ്. പ്രത്യേകിച്ചു കാര്യങ്ങൾ കൈവിട്ട് പോകുമ്പോൾ. പക്ഷെ ഇതൊക്കെ തകർക്കാന്‍ സാധ്യമാണ്. ഞാൻ അതിൽ ആവേശഭരിതനായിരുന്നു. എന്റെ ഭയങ്ങളേയും അരക്ഷിതാവസ്ഥകളെയും അതിജീവിക്കാൻ ഞാൻ ആ ആവേശത്തെ അനുവദിച്ചു.
അങ്ങനെ പതിയെ അത് അഭിവൃദ്ധിപ്പെടാൻ തുടങ്ങി.
ഒന്നൊന്നായി, വ്യക്തമായ ഒരു പദ്ധതിയില്ലാതെ, മികച്ച 11 പേരുടെ ഒരു ടീം ഞങ്ങൾ നിർമിച്ചു. തൊഴിലാളികളെ ആവശ്യമുണ്ടായതുകൊണ്ട് മാത്രമല്ല ഞാൻ അവരെ ജോലിക്കെടുത്തത്. പ്രവർത്തന മേഖലയിൽ അവരെ കണ്ടുമുട്ടിയപ്പോൾ അവർ ആരാണ് എന്നെനിക്ക് മനസിലായി. അവരെ കൂടെകൂട്ടാതിരിക്കുക എന്നത് ഒരു ഭ്രാന്തൻ തീരുമാനം ആയിരിക്കുമെന്ന് ഞാൻ തിരിച്ചറിഞ്ഞു.
അവർ മിടുക്കരും ശ്രദ്ധാലുക്കളും കൂടെ ജോലിചെയ്യാൻ രസമുള്ളവരുമാണ്. ഒരുതരത്തിലുമുള്ള അഹങ്കാരവുമില്ലാത്തവർ. കാണുമ്പോൾ അവരെല്ലാം നല്ല മര്യാദയുള്ളവരാണെന്ന് നിങ്ങൾക്ക് തോന്നും. എന്നാൽ ഈ ഫീൽഡിലേക്ക് വരുമ്പോൾ അവരെല്ലാം ലോകോത്തര നിലവാരത്തിൽ ജോലികൾ ചെയ്യാൻ സാധിക്കുന്ന ക്രൂരരായ വാടകക്കൊലയാളികളെപ്പോലെയാണ്. എന്നെപ്പോലെ തന്നെ അവർക്കും സാമ്പത്തിക മേഖലയിൽ പാരമ്പര്യമില്ല. ഞാൻ ആദ്യം ജോലിക്കെടുത്ത ആൾ അയാളെ സ്വയം വിശേഷിപ്പിച്ചിരുന്നത് ഒരു മുൻ ബാർടെൻഡറായിട്ടാണ്.
ഞങ്ങൾക്കെല്ലാവർക്കും ലോകത്തെപ്പറ്റി സമാനമായ ഒരു കാഴ്ചപ്പാടാണുള്ളത്. ശാന്തമായ പ്രതലവും തീവ്രമായി എരിയുന്ന അകവുമുള്ള ഒരു ലോകം. അവരെല്ലാം എനിക്ക് കുടുംബമാണ്.
തെളിവുകളുടെ അടിസ്ഥാനത്തിൽ വാക്കുകൾ നിർണയിക്കുകയും കൃത്യതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തുകൊണ്ട് അങ്ങേയറ്റം കഠിനാധ്വാനം ചെയ്തവരാണ് ഞങ്ങൾ.
ഇതിനർത്ഥം ചിലപ്പോഴൊക്കെ വലിയ മാറ്റങ്ങളും പോരാട്ടങ്ങളും ഏറ്റെടുക്കേണ്ടിവരുമെന്നു കൂടിയാണ്. വ്യക്തികൾ എന്ന നിലയിൽ നമ്മളെക്കാൾ വളരെ വലുതായിരിക്കും ആ പോരാട്ടങ്ങൾ. വഞ്ചന, അഴിമതി, നിഷേധാത്മകത എന്നിവ പലപ്പോഴും അതിരുകടന്നതായി തോന്നും. ആദ്യകാലങ്ങളിൽ, നീതിബോധം അവ്യക്തമായിരുന്നു. എന്നാൽ അത് സംഭവിച്ചുകഴിഞ്ഞപ്പോൾ, വളരെയധികം സംതൃപ്തി തോന്നി. ഞങ്ങൾക്ക് ആവശ്യമുള്ളപ്പോഴൊക്കെ ഇത് ഞങ്ങളെ മുന്നോട്ട് നയിച്ചു.
ഒടുവിൽ ഞങ്ങൾക്ക് ഒരു സ്വാധീനം ഉണ്ടാക്കാനായി, തുടക്കത്തിൽ സാധ്യമാണെന്ന് ഞാൻ സങ്കൽപ്പിച്ചതിലും അധികം. ശതകോടീശ്വരന്മാരും കുലീനവർഗക്കാരും ഉൾപ്പെടെ ഞങ്ങളുടെ പ്രവർത്തനങ്ങളിലൂടെ കുറഞ്ഞത് 100 ഓളം വ്യക്തികൾക്കെതിരെ റെഗുലേറ്റർമാർ സിവിൽ അല്ലെങ്കിൽ ക്രിമിനൽ കുറ്റം ചുമത്തി. വിറപ്പിക്കേണ്ടതുണ്ടെന്ന് ഞങ്ങൾക്ക് തോന്നിയ ചില സാമ്രാജ്യങ്ങളെ ഞങ്ങൾ വിറപ്പിച്ചു.
കാലക്രമേണ, ഞങ്ങൾക്ക് കാണിച്ചുകൊടുക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിച്ച കാര്യങ്ങൾ ആളുകൾ കാണാൻ തുടങ്ങി. നിങ്ങളിപ്പോൾ ആരായാലും ഒരു സ്വാധീനം സാധ്യമാണ്.
അത് വളരെ തീവ്രവും ചിലപ്പോഴൊക്കെ എല്ലാം ഉൾക്കൊള്ളുന്നതുമാണ്. ഒരു പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രെഡ് ആലോചിച്ചിട്ടോ, പകൽ സമയത്ത് എന്നെ കുഴക്കിയിരുന്ന ഒരു കാര്യം എഡിറ്റ് ചെയ്തുകൊണ്ടൊ ആണ് ഞാൻ പലപ്പോഴും എന്റെ സ്വപ്നങ്ങളിൽ നിന്ന് ഉണരുന്നത്. അല്ലെങ്കിൽ അതിന്റെയെല്ലാം സമ്മർദ്ദം മൂലം. ഞങ്ങൾ ഭയമില്ലാത്തവരല്ല - സത്യത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്, അത് നമ്മെ ശരിയായ പാതയിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എല്ലാത്തിനും ഞാൻ നന്ദിയുള്ളവനാണ്. വിചിത്രവും ഉല്ലാസകരവും പരിഹാസ്യവുമായ കഥകളുടെ അനേകം ദിവസങ്ങൾ ഞങ്ങൾക്കുണ്ടായിട്ടുണ്ട്. സമ്മർദങ്ങൾക്കും വെല്ലുവിളികൾക്കുമിടയിൽ ഞങ്ങൾ അത് വളരെയധികം ആസ്വദിച്ചിട്ടുണ്ട്. അത് ഒരു ജീവിതകാലത്തെ സാഹസികതയാണ്.
പിന്നെ എന്തിനിപ്പോൾ പിരിച്ചുവിടുന്നു? പ്രത്യേക ഒരു കാരണമില്ല - ഭീഷണിയില്ല, ആരോഗ്യ പ്രശ്നമില്ല, വ്യക്തിപരമായ പ്രശ്നവുമില്ല.
വിജയകരമായ ഒരു കരിയറിന്റെ ഒരു പ്രത്യേക ഘട്ടത്തിൽ നിങ്ങളുടെ പ്രവൃത്തികൾ സ്വാർഥമാകുമെന്ന് ഒരിക്കൽ എന്നോട് ഒരാൾ പറഞ്ഞു.
തുടക്കത്തിൽ, ചില കാര്യങ്ങൾ സ്വയം തെളിയിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. ഒരുപക്ഷേ എന്റെ ജീവിതത്തിൽ ആദ്യമായി ഇപ്പോൾ എനിക്ക് എന്നിൽ തന്നെ ആശ്വാസം കണ്ടെത്താൻ കഴിഞ്ഞിരിക്കുന്നു. ഞാൻ എന്നെത്തന്നെ അനുവദിച്ചിരുന്നെങ്കിൽ എനിക്ക് എല്ലാം അനുഭവിക്കാൻ സാധിക്കുമായിരുന്നു. പക്ഷേ ആദ്യം അൽപ്പം നരകത്തിലൂടെ കടന്നുപോകാമെന്ന് ഞാൻ തീരുമാനിച്ചു. ചുറ്റുമുള്ള ലോകവും സ്നേഹിക്കുന്ന ആളുകളെയും നഷ്ടപ്പെടുത്തിയാണ് ഞാൻ തീവ്രതയും ശ്രദ്ധയും നേടിയത്. ഞാനിപ്പോൾ ഹിൻഡൻബർഗിനെ കാണുന്നത് എന്നെ നിർവചിക്കുന്ന ഒന്നായിട്ടല്ല മറിച്ച് എന്റെ ജീവിതത്തിലെ ഒരു അധ്യായം മാത്രമായിട്ടാണ്.
ആശ്വാസത്തിനായുള്ള എന്റെ സ്വന്തം ആഗ്രഹത്തിനപ്പുറം, നമ്മൾ ശേഖരിച്ച അറിവ് നമ്മുടെ ചെറിയ ടീമിനുള്ളിൽ കുടുക്കിയിടുന്നത് സ്വാർത്ഥതയായിട്ട് തോന്നുന്നു. എനിക്ക് ഇപ്പോൾ തന്നെ ആവശ്യത്തിലധികം ഉണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഞങ്ങൾ എന്താണ് ചെയ്യുന്നതെന്നും ഞങ്ങൾ അത് എങ്ങനെ ചെയ്യുന്നുവെന്നും അല്ലെങ്കിൽ ഞങ്ങളുടെ ടീമിൽ ചേരാൻ കഴിയുമോ എന്നും ചോദിച്ച് നിങ്ങളിൽ പലരിൽ നിന്നും ആയിരക്കണക്കിന് സന്ദേശങ്ങൾ ഞങ്ങളെ തേടിയെത്തിയിട്ടുണ്ട്. ഞാൻ അവയെല്ലാം വായിച്ചു. എല്ലാവർക്കും ഉത്തരം നൽകാൻ കഴിയുന്ന രീതിയിൽ എങ്ങനെ പ്രതികരിക്കാമെന്ന് കണ്ടെത്താൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് . അതിനാൽ അടുത്ത ആറ് മാസത്തിനുള്ളിൽ ഞങ്ങളുടെ മോഡലിന്റെ എല്ലാ വശങ്ങളും ഞങ്ങൾ അന്വേഷണങ്ങൾ എങ്ങനെ നടത്തുന്നു എന്നതും ഓപ്പൺ സോഴ്‌സ് ചെയ്യുന്നതിനായി മെറ്റീരിയലുകളുടെയും വീഡിയോകളുടെയും ഒരു പരമ്പര സൃഷിടിക്കാനാണ് ഞാൻ പദ്ധതിയിടുന്നത്.
ഞങ്ങളുടെ പ്രക്രിയ പൂർണമായി പങ്കിട്ടുകഴിഞ്ഞാൽ, കുറച്ച് വർഷത്തിനുള്ളിൽ ഇത് വായിക്കുന്ന ഒരാളിൽ നിന്ന് (ഒരുപക്ഷേ നിങ്ങൾ) ആവശ്യപ്പെടാതെ തന്നെ ഒരു സന്ദേശം എനിക്ക് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മുന്നിലെ തടസങ്ങൾക്കിടയിലും ഇതേ അഭിനിവേശം ഏറ്റെടുക്കുകയും, പണി പഠിക്കുകയും, ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളിൽ വെളിച്ചം വീഴ്ത്താൻ ആത്മവിശ്വാസം നേടുകയും ചെയ്യുന്ന ഒരാൾ. സംഗീതം പഠിക്കുകയോ, പൂന്തോട്ടമുണ്ടാക്കുകയോ, അങ്ങനെ അപ്പോൾ ഞാനിനി എന്ത് ചെയ്തുകൊണ്ടിരിക്കുകയാണെങ്കിലും അത് എന്റെ ദിവസം മികച്ചതാക്കും.
ഇപ്പോൾ, എന്റെ ശ്രദ്ധ ഞങ്ങളുടെ ടീമിലെ എല്ലാവരും അവർ അടുത്തതായി എത്താൻ ആഗ്രഹിക്കുന്നിടത്ത് എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിലാണ്. ചിലർ സ്വന്തമായി ഒരു ഗവേഷണ സ്ഥാപനം ആരംഭിക്കാൻ പോകുന്നു. എനിക്ക് വ്യക്തിപരമായ പങ്കാളിത്തമില്ലെങ്കിലും.
ഞാൻ അതിനെ ശക്തമായും പരസ്യമായും പ്രോത്സാഹിപ്പിക്കും. ഞങ്ങളുടെ ടീമിൽ ഫ്രീ ഏജന്റുമാരായി പ്രവർത്തിക്കുന്നവരുമുണ്ട്. മിടുക്കരും, ശ്രദ്ധാലുക്കളും, എളുപ്പത്തിൽ പ്രവർത്തിക്കാൻ കഴിയുന്നവരുമായ ആരെയെങ്കിലും നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ എന്നെ ബന്ധപ്പെടാൻ മടിക്കേണ്ട.
എനിക്കിതെല്ലാം ഇപ്പോൾ ഒരു പ്രണയകഥയായി തോന്നുന്നു. അതെനിക്ക് മുൻപ് വ്യക്തമായിരുന്നില്ല. ഇനി എന്റെ ഭാര്യയോടാണ്, നിങ്ങൾ എന്നോട് വളരെ ക്ഷമയോടെ പെരുമാറി. മിതമായ രീതിയിൽ പറഞ്ഞാൽ, ഇത് എളുപ്പമായിരുന്നില്ല, നിങ്ങൾ ഇത്രയധികം ത്യാഗങ്ങൾ സഹിച്ച് എന്നോടൊപ്പം മുന്നോട്ട് പോയതിൽ ഞാൻ എന്നേക്കും നന്ദിയുള്ളവനാണ്. പ്രീയപ്പെട്ടവളെ, ഈ ലോകം നമ്മെ അനുവദിക്കുന്നിടത്തോളം കാലം ഇനി നമുക്ക് ഒരുമിച്ച് ആസ്വദിക്കാൻ കഴിയും.
എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും, എന്റെ ശ്രദ്ധയെ അലയാൻവിട്ട് ഞാൻ നിങ്ങളെ അവഗണിച്ചതിൽ ഞാൻ ഖേദിക്കുന്നു. നിങ്ങളുമായി ഒരുമിച്ച് കൂടുതൽ സമയം പങ്കിടാനായി ഇനിയും കാത്തിരിക്കാൻ എനിക്ക് വയ്യ.
അവസാനമായി, ഞങ്ങളുടെ വായനക്കാരോട് നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വർഷങ്ങളായി നിങ്ങളുടെ ദയയും പ്രോത്സാഹനവും നിറഞ്ഞ സന്ദേശങ്ങൾ ഞങ്ങൾക്ക് മുന്നോട്ട് പോകാനുള്ള ശക്തി നൽകുന്നതിൽ വളരെയധികം സഹായിച്ചിട്ടുണ്ട്. ലോകം നന്മയാൽ നിറഞ്ഞിരിക്കുന്നുവെന്ന് ഇത് എന്നെ നിരന്തരം ഓർമ്മിപ്പിക്കുന്നു. എല്ലാത്തിനും നന്ദി - എനിക്കിതിൽ കൂടുതൽ ആവശ്യപ്പെടാൻ കഴിയില്ല . എല്ലാം ഒരു അനുഗ്രഹമായിരുന്നു.
അഗാധമായ കൃതജ്ഞതയോടെ,
നേറ്റ് ആൻഡേഴ്‌സൺ
(പി.കു. നിങ്ങൾക്ക് വേണമെന്നോ ആവശ്യമോ തോന്നുന്ന എന്തിനേയെങ്കിലും പിന്തുടരുകയാണെങ്കിൽ, അല്ലെങ്കിൽ നിങ്ങൾക്ക് മതി എന്ന് തോന്നിക്കഴിഞ്ഞാൽ, ഒരു മിനിറ്റ് എടുത്ത് ഇതൊന്ന് ശ്രദ്ധിക്കുക. നിർണായക സമയത്ത് ഇത് എന്നിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്)
സ്വതന്ത്ര പരിഭാഷ: ശ്രീജിത്ത് എസ്