ഇന്ന് ചേരാനിരുന്ന മന്ത്രിസഭാ യോഗം ഇസ്രയേൽ നീട്ടിവെച്ചു
ഗാസ വെടിനിർത്തല്‍ കരാർ വ്യവസ്ഥകളില്‍ നിന്ന് ഹമാസ് പിന്‍മാറുന്നുവെന്ന ആരോപണവുമായി ഇസ്രയേല്‍. എന്നാൽ ഹമാസ് ഈ ആരോപണങ്ങൾ നിഷേധിച്ചു. പലസ്തിൻ തടവുകാരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന ഹമാസിന്‍റെ ആവശ്യത്തെത്തുടർന്നാണ് ഇരുപക്ഷത്തിനുമിടയിൽ അഭിപ്രായവ്യത്യാസമുണ്ടായത്. വ്യവസ്ഥകളെല്ലാം ഹമാസ് അംഗീകരിക്കുന്നതുവരെ കരാറിന് അംഗീകാരം കൊടുക്കില്ലെന്നാണ് ഇസ്രയേല്‍ പക്ഷം. ഇന്ന് ചേരാനിരുന്ന മന്ത്രിസഭാ യോഗം ഇസ്രയേൽ നീട്ടിവെച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ഓഫീസാണ് പ്രസ്താവനകള്‍ പുറത്തുവിട്ടത്.
വെടിനിർത്തൽ കരാർ വൈകുന്നതിനിടയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗാസയിൽ കുറഞ്ഞത് 70 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. വിവിധ വ്യോമാക്രമണങ്ങളിൽ 48 മണിക്കൂറിനിടയിൽ 70 പേർ കൊല്ലപ്പെട്ടതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ഗാസയിൽ വെടിനിർത്തലും ബന്ദി മോചന കരാറും യാഥാർഥ്യമാകും എന്ന വാർത്തകൾ വരുന്ന മണിക്കൂറുകളിലാണ് ഇത് സംഭവിച്ചത് എന്നതാണ് പ്രധാനം. ഗാസ മുനമ്പിനെ പൂർണമായി തകർക്കുന്ന രീതിയിലാണ് ഇസ്രയേൽ ആക്രമണങ്ങൾ പുരോഗമിക്കുന്നത്.
വ്യാഴാഴ്ച രാവിലെ നടക്കാനിരുന്ന ആസൂത്രണ യോഗം ഇസ്രയേൽ സുരക്ഷാ മന്ത്രിസഭ വൈകിപ്പിച്ചതിനാൽ കരാർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മധ്യസ്ഥരുമായും ഇസ്രയേലുമായും ഉണ്ടാക്കിയ കരാറിന്റെ ചില ഭാഗങ്ങൾ ഹമാസ് ബഹിഷ്കരിച്ചുവെന്നും അവസാന നിമിഷം ഇളവുകൾ നേടാനുള്ള ശ്രമമാണ് അവർ നടത്തുന്നതെന്നുമാണ് നെതന്യാഹുവിന്റെ ഓഫീസിന്റെ ആരോപണം . ഹമാസ് കരാറിന്റെ എല്ലാ ഘടകങ്ങളും അംഗീകരിച്ചുവെന്ന് മധ്യസ്ഥർ ഇസ്രായേലിനെ അറിയിക്കുന്നതുവരെ മന്ത്രിസഭ യോഗം ചേരില്ലെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
Also Read: ഗാസയില്‍ വെടിനിർത്തല്‍ യാഥാർഥ്യമായി? കരാറിലെത്തിയതായി ഇസ്രയേലും ഹമാസും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
ഇതോടെ വെടിനിർത്തല്‍ പ്രഖ്യാപനം നീളുമോ എന്ന ആശങ്കയാണ് ഉയരുന്നത്. ഇസ്രയേല്‍ മോചിപ്പിക്കാനുദ്ദേശിക്കുന്ന പലസ്തീനി തടവുകാരുടെ ഐഡന്‍റിന്‍റി പുറത്തുവിടണമെന്ന ഹമാസിന്‍റെ ആവശ്യവുമായി ബന്ധപ്പെട്ട തർക്കമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് പ്രസ്താവന വ്യക്തമാക്കുന്നത്. നേരത്തെ തീരുമാനത്തിലെത്തിയതിനെ എതിർത്താണ് പുതിയ ആവശ്യം ഹമാസ് ഉന്നയിക്കുന്നതെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു.
അതേസമയം, ആരോപണത്തെ ഹമാസ് നിഷേധിക്കുകയും ഇന്നലെ പ്രഖ്യാപിച്ച കരാറിനോട് പൂർണ പ്രതിബദ്ധത പുലർത്തുന്നതായും അറിയിച്ചു. ഹമാസിൻ്റെ മുതിർന്ന ഉദ്യോഗസ്ഥൻ ഇസ്സാത് എൽ-റിഷെഖാണ് പ്രതികരിച്ചത്.
തർക്കമേഖലയായ ഫിലാഡല്‍ഫി ഇടനാഴിയില്‍ നിന്നുള്ള പിന്‍മാറ്റത്തിലും ഇസ്രയേല്‍ വിരുദ്ധാഭിപ്രായം അറിയിച്ചിട്ടുണ്ട്. പിന്‍വാങ്ങലിന് ഇസ്രയേല്‍ സന്നദ്ധത അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ആദ്യഘട്ടത്തിലെ 42 ദിവസങ്ങളിലും ഇസ്രയേല്‍ സെെന്യം മേഖലയില്‍ തുടരും. സെെനികരുടെ എണ്ണത്തിലും കുറവുവരുത്തില്ല. എന്നാല്‍ പട്രോളിംഗിലും മേഖലയിലെ നിയന്ത്രണങ്ങലിലും മാറ്റമുണ്ടാകും. ആദ്യഘട്ടത്തിലെ 16 ദിവസങ്ങള്‍ക്ക് ശേഷമുള്ള ചർച്ചകളില്‍ ഹമാസ് ഇസ്രയേലിന്‍റെ ആവശ്യങ്ങളോട് വഴങ്ങാത്ത പക്ഷം ഇടനാഴിയില്‍ തന്നെതുടരാനാണ് തീരുമാനമെന്നും ഇവർ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ തന്നെ ക്രമേണ പിന്‍മാറുമെന്നായിരുന്നു കരടുരേഖയില്‍ നിന്ന് പുറത്തുവന്ന വിവരം. 42ാം ദിവസം സെെന്യത്തിന്‍റെ പിന്മാറ്റം ആരംഭിക്കുമെന്നും 50 ാം ദിവസത്തോടെ പൂർണമായ പിന്‍മാറ്റമുണ്ടാകുമെന്നുമായിരുന്നു റിപ്പോർട്ടുകൾ.
ഇതിനിടെ വെടിനിർത്തല്‍ കരാറിനെ എതിർത്ത് ജറുസലേമില്‍ നുറുകണക്കിന് തീവ്രവലതുപക്ഷ അനുകൂലികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാർച്ചും നടന്നു. കൊല്ലപ്പെട്ട ഇസ്രയേൽ സെെനികരുടെ കുടുംബാംഗങ്ങള്‍ അടങ്ങുന്ന ഗെവുറ ഫോറത്തിന്‍റെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. ജൂതരുടെ അഭിമാനത്തെ ഹനിക്കുന്നതും ഹമാസിന് കീഴടങ്ങുന്നതുമാണ് കരാറെന്നാണ് ഇവരുടെ വാദം.
Also Read: 'ബന്ദികൾ ഉടന്‍ മോചിതരാകും'; ഗാസ വെടിനിർത്തല്‍ കരാർ സാധ്യമായതായി ട്രംപ്
2023 ഒക്ടോബർ 7ന് തുടങ്ങിയ ഇസ്രയേലിന്റെ ഗാസ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 46,00 കടന്നുവെന്നാണ് റിപ്പോർട്ടുകൾ. യുദ്ധത്തിൽ ഇതുവരെ 46,788 പലസ്തീനികൾ കൊല്ലപ്പെടുകയും110,453 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്.