ഹിന്ദു ഐക്യവേദിയും മുഴുവന്‍ ഹിന്ദു സംഘടനകളും കുടുംബത്തിന് പിന്തുണ നല്‍കിയെന്നും സനന്തന്‍ പറഞ്ഞു.
ശിവന്റെ അമ്പലത്തില്‍ അച്ഛന്‍ മഹാസമാധിയായതാണെന്നും ഇതിന് തടസം നിന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നെയ്യാറ്റിന്‍കര ഗോപന്‍സ്വാമിയുടെ മകന്‍ സനന്തന്‍. ഹിന്ദു ആചാരത്തെ വ്രണപ്പെടുത്തിയവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദിയും മുഴുവന്‍ ഹിന്ദു സംഘടനകളും കുടുംബത്തിന് പിന്തുണ നല്‍കിയെന്നും സനന്തന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയെ നാളെ വിപുലമായ ചടങ്ങുകളോടെ മഹാസമാധി നടത്താനാണ് തീരുമാനം.
പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണമാണെന്ന് കണ്ടെത്തിയിരുന്നു. അതേസമയം ആന്തരികാവയവങ്ങളുടെ രാസപരിശോധന അടക്കം പൂര്‍ത്തിയായാലേ ഇതില്‍ അന്തിമമായി തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളു.
ALSO READ: വിവാദ കല്ലറയ്ക്കുള്ളിലെ രഹസ്യം പുറത്ത്; നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണം
ഇന്ന് രാവിലെയാണ് ഗോപന്‍സ്വാമിയെ സമാധി ചെയ്ത കല്ലറ പൊളിച്ചത്. ഗോപന്‍ സ്വാമിയുടെ തലയില്‍ സ്ലാബ് മുട്ടിയിരുന്നില്ലെന്നും വായ തുറന്ന നിലയിലായിരുന്നെന്നും വാര്‍ഡ് മെമ്പര്‍ വിശദീകരിച്ചു. മൃതദേഹം ഗോപന്‍ സ്വാമിയുടേത് തന്നെയാണെന്ന് ഉറപ്പിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.
ഭസ്മം ഇട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ശരീരം മുഴുവന്‍ തുണികൊണ്ട് പൊതിഞ്ഞ നിലയില്‍ ആയിരുന്നു. മൃതദേഹത്തിന്റെ വായ മാത്രമാണ് അഴുകിയിരുന്നതെന്നും മെമ്പര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.