വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്നയാളെ തടയാനുള്ള ശ്രമത്തിനിടയിലാണ് താരത്തിന് കുത്തേറ്റത്. മോഷണ ശ്രമത്തിൻ്റെ ഭാഗമായാണ് ആക്രമണമുണ്ടായതെന്ന് ഡിസിപി ദീക്ഷിത് ഗേഡാം സ്ഥിരീകരിച്ചിട്ടുണ്ട്.
മോഷണശ്രമത്തിനിടെ ബോളിവുഡ് താരം സെയ്‌ഫ് അലി ഖാൻ കുത്തേറ്റ് ഗുരുതരമായ പരിക്കോടെ ചികിത്സയിൽ കഴിയുമ്പോഴും ദുരൂഹതകൾ ബാക്കിയാകുന്നു. മുംബൈയിലെ ബാന്ദ്ര വെസ്റ്റിൽ സെയ്ഫ് അലി ഖാന്‍റെയും പങ്കാളി കരീനകപൂറിന്‍റെയും വസതിയിൽ വച്ചാണ് നടന് കുത്തേറ്റത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ആക്രമികൾ ഒരു കോടി രൂപ ആവശ്യപ്പെട്ടതായി കസ്റ്റഡിയുള്ള ജോലിക്കാർ വെളിപ്പെടുത്തിയതായാണ് വിവരം. 5.5 അടി ഉയരമുള്ള 30 വയസ് തോന്നിക്കുന്ന ആളാണ് ആക്രമണം നടത്തിയതെന്ന് ജോലിക്കാരിയുടെ മൊഴി
സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷണ ശ്രമത്തിൻ്റെ ഭാഗമായാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് സ്ഥീരീകരിച്ചിരുന്നു. ആക്രമണത്തിൽ ഒന്നിലധികം പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഡിസിപി ദീക്ഷിത് ഗേഡാം വ്യക്തമാക്കി. പ്രതിയുടെ സിസിടിവി ദൃശ്യം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്നയാളെ തടയാനുള്ള ശ്രമത്തിനിടയിലാണ് താരത്തിന് കുത്തേറ്റത്. മോഷണ ശ്രമത്തിൻ്റെ ഭാഗമായാണ് ആക്രമണമുണ്ടായതെന്ന് ഡിസിപി ദീക്ഷിത് ഗേഡാം സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നിലധികം പ്രതികൾ കൃത്യത്തില്‍ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ പ്രതികളുടെ വിവരം പുറത്തുവിട്ടിട്ടില്ല. സിസിടിവി കേന്ദ്രികരിച്ചുള്ള അന്വേഷണത്തില്‍ ഫയർ എസ്ക്കേപ്പ് ഗോവണി വഴിയാണ് പ്രതി വീടിനുള്ളിൽ പ്രവേശിച്ചതെന്നും കണ്ടെത്തി.
ഈ ഒരൊറ്റ സംഭവം കൊണ്ട് മുംബൈ സുരക്ഷിതമല്ലെന്ന് പറയാനാകില്ലെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിൻ്റെ പ്രതികരണം. പഴുതടച്ചുള്ള അന്വേഷണവും മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഉന്നത സുരക്ഷയുള്ളവർ പോലും ആക്രമണത്തിന് ഇരയാകുന്നു, അപ്പോൾ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന പ്രതിപക്ഷത്തിൻ്റെ ചോദ്യത്തിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ബാന്ദ്ര പൊലീസ്, ക്രൈംബ്രാഞ്ച് ഉള്‍പ്പെടെയുള്ള സംഘങ്ങളുടെ പ്രത്യേക ടീം രൂപികരിച്ചാണ് അന്വേഷണം തുടരുന്നത്. സെയ്ഫ് അലിഖാൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.സംഘർഷത്തിനിടെ മാരകമായി പരിക്കേറ്റ സെയ്ഫ് സൈഫ് ഐസിയുവില്‍ ചികില്‍സയിലാണ്.ആറ് തവണ കുത്തേറ്റ സൈഫിൻ്റെ രണ്ടു മുറിവുകള്‍ ആഴത്തിലുള്ളതാണ്. താരത്തിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നും മെഡിക്കല്‍ സംഘം അറിയിച്ചു. ഇതിനിടെ ബോളിവുഡ് താരങ്ങളും കുടുംബാംഗാങ്ങളുമായ കരിഷ്മ കപൂർ, സോഹ അലിഖാൻ എന്നിവർ ലീലവതി ആശുപത്രി സന്ദർശിച്ചു.
Also Read; സെയ്‌ഫ് അലി ഖാൻ്റെ ആരോഗ്യനില തൃപ്തികരം? അടിയന്തര ശസ്ത്രക്രിയ നടത്തി, മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
താരത്തിൻ്റെ വീട്ടിലെ മൂന്ന് പരിചാരകരെ പൊലീസ് കസ്റ്റഡിലെടുത്ത് മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവരിൽ ഒരാൾ അക്രമിക്ക് സഹായം ചെയ്തുവെന്ന സംശയത്തിലായിരുന്നു ആദ്യഘട്ടത്തിലെ അന്വേഷണം. മാധ്യമങ്ങളോടും ആരാധകരോടും ക്ഷമയോടെയിരിക്കണമെന്ന് അഭ്യർത്ഥിച്ച് സെയ്ഫ് അലി ഖാൻ്റെ ടീം പ്രസ്താവനയിറക്കിട്ടുണ്ട്. ആക്രമണം ഞെട്ടലുണ്ടാക്കിയെന്നായിരുന്നു ബോളിവുഡ് താരങ്ങളും സെയ്ഫ് അലി ഖാന്‍റെ സഹപ്രവർത്തകരും പ്രതികരിച്ചത്. നിരവധി രാഷ്ട്രീയ- സാംസ്കാരിക പ്രമുഖരും സംഭവത്തെ അപലപിച്ചു.
ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയി സംഘത്തിൽപ്പെട്ടവരെന്ന് കരുതുന്ന രണ്ട് പേർ നടൻ സൽമാൻ ഖാൻ്റെ ബാന്ദ്രയിലെ വസതിക്ക് പുറത്ത് വെടിയുതിർത്ത് മാസങ്ങൾക്കിപ്പുറമാണ് സെയ്ഫ് അലി ഖാനെതിരെ ആക്രമണമുണ്ടാകുന്നത്.തന്‍റെ മൂത്തമകന് തൈമൂർ എന്ന് പേരിട്ടതിന് പിന്നാലെയും സെയ്ഫ് അലി ഖാൻ വധഭീഷണി നേരിട്ടിട്ടുണ്ട്. 2018ൽ ക്വിന്‍റിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായം പറയുന്നവരെ കൊല്ലുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്ന സെയ്ഫ് അലി ഖാൻ്റെ പ്രസ്താവന ചർച്ചയായിരുന്നു.