സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളുടെ ചീഫ് സെക്രട്ടറിമാർക്കാണ് ബാലാവകാശ കമ്മീഷൻ കത്തയച്ചത്
പ്രതീകാത്മക ചിത്രം
രാജ്യത്തെ മദ്രസ ബോര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ ശുപാര്‍ശ ചെയ്ത് ദേശീയ ബാലാവകാശ കമ്മീഷന്‍ (എന്‍സിപിസിആര്‍). മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്നും മദ്രസ ബോര്‍ഡുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും കമ്മീഷന്‍ മേധാവി പ്രിയങ്ക് കനുങ്കോ കത്തയച്ചു.
കമ്മീഷന്‍ തയ്യാറാക്കിയ 'വിശ്വാസത്തിന്റെ സംരക്ഷകരോ അവകാശ ധ്വംസകരോ: കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ വേഴ്‌സസ് മദ്രസകള്‍' എന്ന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് കത്ത്.'മദ്രസകളുടെ ചരിത്രവും കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ലംഘിക്കുന്നതില്‍ അവയ്ക്കുള്ള പങ്കും' ഉള്‍പ്പെടെ വിവരങ്ങളാണ് 11 അധ്യായങ്ങളിലായി റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, മദ്രസകളിലെ പഠനരീതി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നു, മതിയായ യോഗ്യതയുള്ളവരല്ല മദ്രസയിലെ അധ്യാപകര്‍ തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്.
ALSO READ: ഓച്ചിറയില്‍ 72 അടി ഉയരമുള്ള കെട്ടുകാള മറിഞ്ഞുവീണ് അപകടം
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസം നല്‍കുന്നതിലൂടെ മാത്രമേ സമത്വം, സാമുഹ്യനീതി, ജനാധിപത്യം എന്നീ മൂല്യങ്ങള്‍ നേടിയെടുക്കാനാകൂ എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് 2009ലെ വിദ്യാഭ്യാസ അവകാശ നിയമം കൊണ്ടുവന്നത്. എന്നാല്‍, കുട്ടികളുടെ മൗലികാവകാശങ്ങളും ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങളും ചേര്‍ന്ന് വൈരുദ്ധ്യമായൊരു ചിത്രമാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിലാണ് കമ്മീഷന്‍ ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2009ലെ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നതുപോലെ, എല്ലാ കുട്ടികള്‍ക്കും സ്‌കൂളുകളിലൂടെ ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ കടമയാണ് -പ്രിയങ്ക് കനുങ്കോ കത്തില്‍ പറയുന്നു.
ALSO READ: ബലാത്സംഗ കേസ്: സിദ്ദീഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ല, രേഖകൾ ഹാജരാക്കിയില്ലെന്ന് അന്വേഷണ സംഘം
മുസ്ലീം ഇതര കുട്ടികളെ മദ്രസകളില്‍നിന്ന് സ്‌കൂളുകളിലേക്ക് മാറ്റി അടിസ്ഥാന വിദ്യാഭ്യാസം നല്‍കണം. അംഗീകൃതമോ അല്ലാത്തതോ ആയ മദ്രസകളില്‍ പഠിക്കുന്ന മുസ്ലീം സമുദായത്തില്‍ നിന്നുള്ള കുട്ടികളെയും സ്‌കൂളില്‍ ചേര്‍ത്ത് വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള കരിക്കുലത്തിലും സമയത്തിലും വിദ്യാഭ്യാസം നല്‍കണം എന്നിങ്ങനെയും ശുപാര്‍ശയുണ്ട്.
നേരത്തെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മദ്രസകള്‍ക്കെതിരെ നിയമപോരാട്ടം തുടരുന്നതിനിടെയാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. കേരളത്തില്‍ മദ്രസകള്‍ക്ക് ധനസഹായം നല്‍കുന്നതിനെതിരെ കേന്ദ്രസര്‍ക്കാരും ബിജെപിയും നിരവധി തവണ നേരത്തെ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. അതിനു പിന്നാലെയാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ ശുപാര്‍ശയും എത്തുന്നത്.