14 തവണ എംഎല്‍എയും എംപിയുമായി തെരഞ്ഞെടുക്കപ്പെട്ട പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ബാരാമതി മണ്ഡലത്തില്‍ വച്ചായിരുന്നു ശരദ് പവാറിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം
രാഷ്ട്രീയ വിരമിക്കല്‍ സൂചന നല്‍കി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എന്‍സിപി) നേതാവ് ശരദ് പവാർ. 83 വയസുള്ള പവാർ രാജ്യസഭ കാലാവധി തീർന്നതിനു ശേഷം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് പ്രഖാപിച്ചു. 18 മാസം കൂടിയാണ് ശരദ് പവാറിന്‍റെ രാജ്യസഭ കാലാവധി. 14 തവണ എംഎല്‍എയും എംപിയുമായി തെരഞ്ഞെടുക്കപ്പെട്ട പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ബാരാമതി മണ്ഡലത്തില്‍ വച്ചായിരുന്നു ശരദ് പവാറിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം.
"ഞാൻ അധികാരത്തിലില്ല... രാജ്യസഭയിലെ എൻ്റെ കാലാവധിക്ക് ഒന്നര വർഷമാണ് ബാക്കിയുള്ളത്. (അതിനുശേഷം) ഞാൻ ഭാവിയിൽ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല. (എനിക്ക്) എവിടെയെങ്കിലും വച്ച് നിർത്തേണ്ടി വരും..." എംപിയും എംഎൽഎയുമായി വിജയിപ്പിച്ച ബാരാമതിയിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞുകൊണ്ട് ശരദ് പവാർ പറഞ്ഞു.
നവംബർ 20ന് നടക്കുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് എന്‍സിപിക്കും ശരദ് പവാറിനും ഒരുപോലെ നിർണായകമാണ്. എന്‍സിപി ( ശരദ് പവാർ), കോണ്‍ഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ) എന്നവരടങ്ങുന്ന മഹാ വികാസ് അഘാഡി സഖ്യം സംസ്ഥാനത്ത് കരുത്ത് തെളിയിക്കാനുള്ള ശ്രമത്തിലാണ്. എതിർപക്ഷത്ത് ബിജെപി, ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ), എന്‍സിപി ( അജിത് പവാർ) എന്നിവരുടെ മഹായുതി സഖ്യമാണ്.
ബാരാമതി മണ്ഡലത്തില്‍ മഹായുതിക്കായി മത്സരരംഗത്തുള്ളത് എന്‍സിപിയില്‍ നിന്നും പിരിഞ്ഞ അജിത് പവാറാണ്. ശരദ് പവാറിന്‍റെ അനന്തരവൻ കൂടിയായ യുഗേന്ദ്ര പവാറാണ് അജിത് പവാറിനെതിരെ മത്സരിക്കുക. പവാർ കുടുംബത്തിന്‍റെ വേരുകള്‍ ശക്തമായ ബാരാമതി അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രമാകും. ബാരാമതിക്ക് വേണ്ടിയുള്ള പോരാട്ടം ഇരു പവാർമാർക്കും വോട്ടർമാർക്കിടയില്‍ തുടരുന്ന സ്വാധീനത്തെക്കുറിച്ചുള്ള ജനഹിത പരിശോധനയായാണ് കണക്കാക്കപ്പെടുന്നത്.
ബാരാമതിയിൽ നിന്ന് അഞ്ച് തവണ എംഎൽഎ ആയ നേതാവാണ് അജിത് പവാർ. എന്നാൽ, നേരത്തെ നേടിയ ഓരോ വിജയങ്ങളിലും അദ്ദേഹത്തിന് അമ്മാവൻ്റെ (ശരദ് പവാർ) പാർട്ടിയുടെ പിന്തുണയുണ്ടായിരുന്നു. സ്വന്തം പാർട്ടിയുടെ ബാനറിൽ അജിത് പവാർ മത്സരിക്കുന്ന ആദ്യ സംസ്ഥാന തെരഞ്ഞെടുപ്പാണിത്. അതേസമയം, ബാരാമതി ലോക്‌സഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം അജിത് പവാറിനും മഹായുതി സഖ്യത്തിനും ഒരുപോലെ ആശാസ്യമായിരുന്നില്ല. ശരദ് പവാറിന്‍റെ മകളായ സുപ്രിയ സുലെയ്ക്ക് അനുകൂലമായിരുന്നു ജനവിധി. ഇത് അജിത് പവാറിന് മുന്നിലുള്ള കടുത്ത വെല്ലുവിളി എന്താണെന്ന് അടിവരയിടുന്നു. 732,312 വോട്ടുകള്‍ നേടിയാണ് സുപ്രിയ സൂലെ മണ്ഡലത്തില്‍ വിജയിച്ചത്.
അതേസമയം, ബാരാമതിയിലെ പവാർ കുടുംബാംഗങ്ങള്‍ക്കിടയില്‍ പോരാട്ടം നടക്കുന്നുവെന്ന വാദം ശരദ് പവാർ തള്ളിക്കളഞ്ഞു. തലമുറമാറ്റത്തിന്‍റെ വ്യക്തമായ സൂചനകള്‍ ശരദ് പവാറിന്‍റെ വാക്കുകളില്‍ പ്രതിഫലിച്ചു.
Also Read: എല്ലാ സ്വകാര്യ സ്വത്തും സർക്കാരിന് ഏറ്റെടുക്കാനാവില്ല: സുപ്രീം കോടതി
"എനിക്ക് അദ്ദേഹത്തോട് (അജിത് പവാർ) യാതൊരു വിരോധവുമില്ല... ഏകദേശം 30 വർഷം അദ്ദേഹം നിങ്ങളെ നയിച്ചു. അടുത്ത 30 വർഷത്തേക്ക് അത് ഏറ്റെടുക്കാൻ കഴിയുന്ന യുവത്വവും ചലനാത്മകതയും ചേർന്ന ഒരു നേതൃത്വത്തെ തയ്യാറാക്കാനുള്ള സമയമാണിത്", യുഗേന്ദ്ര പവാറിന്‍റെ സ്ഥാനാർഥിത്വത്തെ ചൂണ്ടിക്കാട്ടി ശരദ് പവാർ പറഞ്ഞു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും ശരദ് പവാർ വിരമിക്കുന്നുവെന്ന വാർത്തകള്‍ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്. എന്‍സിപിയില്‍ വിമത നീക്കം നടത്തി ഒടുവില്‍ പാർട്ടി വിട്ട അജിത് പവാറും ശരദ് പവാറിന്‍റെ വിരമിക്കല്‍ വിഷയം ഉയർത്തിക്കൊണ്ട് വന്നിരുന്നു.
കഴിഞ്ഞ വർഷം മേയിൽ, എൻസിപിയില്‍ ആഭ്യന്തര പ്രതിസന്ധി കടുത്തപ്പോള്‍ പാർട്ടി മേധാവി സ്ഥാനം രാജിവയ്ക്കുന്നതായി ശരദ് പവാർ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാർട്ടിയിലെ ഉന്നത നേതാക്കള്‍ ഈ പ്രഖ്യാപനം ഏകകണ്ഠമായി തള്ളി. ദിവസങ്ങൾക്ക് ശേഷം ശരദ് പവാർ തന്നെ രാജി പിൻവലിച്ചു.
Also Read: ബാല്‍ താക്കറെ ഉയര്‍ത്തിക്കെട്ടിയ കൊടിയും പിന്‍ഗാമികളുടെ തമ്മിലടിയും
മഹാരാഷ്ട്ര രാഷ്ടീയത്തിലെ അതികായനായ ശരദ് പവാർ 1999ലാണ് എന്‍സിപി രൂപീകരിച്ചത്. പിന്നീടങ്ങോട്ട് സംസ്ഥാനത്തിന്‍റെ രാഷ്ട്രീയ ഭാഗധേയം നിർണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച നേതാവാണ് അദ്ദേഹം. എന്നാല്‍ പാർട്ടിക്കുള്ളിലെ വിമത നീക്കം പവാറിനെ രാഷ്ട്രീയമായി തളർത്തി. ശരദ് പവാറിന്‍റെ അപ്രമാദിത്വം ചോദ്യം ചെയ്ത് അനന്തരവന്‍ അജിത് പവാർ പാർട്ടി പിളർത്തി 41 എംഎൽഎമാരോടൊപ്പം എൻഡിഎയിലേക്ക് ചേക്കേറുകയായിരുന്നു. അതോടെ ഏക്നാഥ് ഷിൻഡെ- ദേവേന്ദ്ര ഫഡ്നാവിസ് കൂട്ടുകെട്ടിനൊപ്പം അജിത് പവാറും മഹാരാഷ്ട്രയിലെ മഹായുതി സർക്കാരിൻ്റെ ഭാഗമായി. അധികം വൈകാതെ നിയമപോരാട്ടങ്ങൾക്കൊടുവിൽ ഭൂരിപക്ഷത്തിൻ്റെ പിൻബലത്തിൽ പാർട്ടി ചിഹ്നവും അജിത് പവാർ വിഭാഗത്തിലേക്കെത്തി. വിരമിക്കല്‍ സൂചന കൂടി നല്‍കിയതോടെ പാർട്ടി ചിഹ്നത്തേക്കാള്‍ ഉപരി തന്‍റെ രാഷ്ട്രീയ സ്വാധീനം തെളിയിക്കാനുള്ള പോരാട്ടം എന്ന നിലയിലായിരിക്കും ശരദ് പവാർ നിയമസഭ തെരഞ്ഞെടുപ്പിനെ സമീപിക്കുക.