മുനമ്പത്തെ സിപിഎം ബഹുജന കൂട്ടായ്മയിലാണ് മന്ത്രിയുടെ വിമർശനം
മുനമ്പത്തെ വഖഫ് വിഷയത്തിൽ പ്രതിപക്ഷം ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മന്ത്രി പി.രാജീവ്. സ്ഥലം വ്യാജരേഖയുണ്ടാക്കി വിറ്റത് കെപിസിസി സെക്രട്ടറിയെന്ന് മന്ത്രി ആരോപിച്ചു. പാണക്കാട് റഷീദ് അലി തങ്ങൾ ഇത് വഖഫ് ഭൂമിയാണെന്ന് പറഞ്ഞെന്നും പി. രാജീവ് ചൂണ്ടിക്കാട്ടി. മുനമ്പത്തെ സിപിഎം ബഹുജന കൂട്ടായ്മയിലാണ് മന്ത്രിയുടെ വിമർശനം.
റിപ്പോർട്ടുകൾ പരിശോധിക്കാതെയാണ് മാധ്യമങ്ങൾ വിഷയം കൈകാര്യം ചെയ്തതെന്ന വിമർശനവും മന്ത്രി ഉയർത്തി. മുനമ്പം വിഷയത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുത്ത് മുന്നോട്ട് പോവുകയാണ്. ആരെയും ഇറക്കിവിടില്ലെന്ന് മുഖ്യമന്ത്രി വാക്ക് നൽകിയിട്ടുണ്ടെന്നും പി. രാജീവ് പറയുന്നു.
പ്രതിപക്ഷത്തിനെ യൂദാസുമായാണ് മന്ത്രി ഉപമിച്ചിരിക്കുന്നത്. ചിലർ യൂദാസിനെ പോലെയാണ്. പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച സർക്കാറിനെതിരെ പറയാനാണ് പ്രതിപക്ഷം ക്രിസ്മസ് ദിനത്തിൽ എത്തിയത്. പ്രതിപക്ഷം ഇപ്പോൾ പുണ്യാളൻന്മാർ ആകുകയാണ്. കരം അടയ്ക്കാൻ സർക്കാർ പറഞ്ഞപ്പോൾ അതിനെ എതിർത്ത് പ്രമേയം കൊണ്ടുവന്നത് യുഡിഎഫാണെന്നും പാർട്ടിക്ക് ഇരട്ടത്താപ്പാണെന്നും മന്ത്രി ആരോപിച്ചു.
അതേസമയം മുനമ്പം ഭൂമിത്തർക്കത്തിൽ നിർണായക ഇടപെടലുമായി വഖഫ് ട്രിബ്യൂണൽ രംഗത്തെത്തിയിരിക്കുകയാണ്. സിദ്ദിഖ് സേട്ടിന് തിരുവതാംകൂർ രാജാവ് ഭൂമി നൽകിയതിൻ്റെ രേഖകൾ ഹാജരാക്കണമെന്നാണ് വഖഫ് ട്രിബ്യൂണലിൻ്റെ നിർദേശം. പാട്ടത്തിന് കൊടുത്ത ഭൂമിയാണെങ്കിൽ അത് വഖഫ് ഭൂമി ആകില്ലെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി. ട്രിബ്യൂണൽ മുമ്പാകെ കേസ് ഫയൽ ചെയ്യുമെന്ന് ഭൂസംരക്ഷണ സമിതി അറിയിച്ചു.