അയൽവാസികളോട് മോശം പെരുമാറ്റമാണ് ഉണ്ടായതെന്നും ഭാര്യയുടെ മൊഴിയിൽ പറയുന്നു
നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയ്ക്കെതിരെ ഭാര്യ പൊലീസിൽ മൊഴി നൽകി. ചെന്താമര നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും, സഹികെട്ടാണ് വീട്ടിൽ നിന്നിറങ്ങിയതെന്നും ഭാര്യയുടെ മൊഴിയിൽ പറയുന്നു. ചെന്താമരയുടെ ഭാര്യയാണ് എന്ന് അറിയപ്പെടാൻ പോലും താൽപ്പര്യമില്ലെന്നും, അയൽവാസികളോട് മോശം പെരുമാറ്റമാണ് ഉണ്ടായതെന്നും ഭാര്യയുടെ മൊഴിയിൽ പറയുന്നു. ആലത്തൂർ ഡിവൈഎസ്‌പി ഓഫീസിൽ എത്തിയാണ് മൊഴി നൽകിയത്.
ALSO READ: താമരശേരി കൊലപാതകം:ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിക്ക് ഗുരുതര വീഴ്ചയെന്ന് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട്
തന്നെ തൻ്റെ ഭാര്യയിൽ നിന്ന് വേർപ്പെടുത്തിയെന്ന് ആരോപിച്ചാണ് ചെന്താമര നൊന്മാറയിൽ രണ്ടുപേരെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട എട്ട് സാക്ഷികളുടെ രഹസ്യ മൊഴി ചിറ്റൂർ കോടതിയിൽ വച്ച് രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ദൃക്സാക്ഷിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഒരേ ഒരാളാണ് കൊലപാതകം നേരിട്ട് കണ്ടത്. ചെന്താമര അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും ദൃക്സാക്ഷി വെളിപ്പെടുത്തിയിരുന്നു. ഇയാൾ ആടിനെ മേക്കുന്നതിനിടെയാണ് സുധാകരൻ്റെ അമ്മ ലക്ഷ്മിയെ ചെന്താമര കൊല്ലുന്നത് കണ്ടത്. സംഭവത്തിന് ശേഷം ദൃക്സാക്ഷി പ്രദേശം വിട്ടു പോയിരുന്നു. പിന്നീട് നെല്ലിയാമ്പതിയിൽ നിന്നാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്.
അയൽവാസിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര വീട്ടമ്മയുടെ ഭർത്താവിനെയും അമ്മയെയും കൊലപ്പെടുത്തിയത്. ജനുവരി 27നാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനും, അമ്മ ലക്ഷ്മിയും കൊല്ലപ്പെട്ടത്. ജനുവരി 28 ന് പ്രതി ചെന്താമരയെ അറസ്റ്റ് ചെയ്തു. ഇതോടെ ആദ്യ കൊലക്കേസിൽ ചെന്താമരക്ക് ലഭിച്ച ജാമ്യം കോടതി റദ്ദാക്കിയിരുന്നു.
താൻ ചെയ്ത കുറ്റത്തിൽ തനിക്ക് കുറ്റബോധമില്ലെന്നും, എൻ്റെ കുടുംബത്തെ തകർത്തെന്നും ചെന്താമര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തെളിവെടുപ്പ് നടത്തിയ സമയത്താണെങ്കിലും, അയൽവാസിയായ സുധാകരനെയും, അമ്മ ലക്ഷ്മിയെയും എങ്ങനെ കൊന്നുവെന്ന് ഒരു കൂസലുമില്ലാതെ പ്രതി വിശദീകരിച്ചിരുന്നു.
ALSO READ: മാനന്തവാടിയിൽ വാഹന പരിശോനയ്ക്കിടെ എക്സൈസ് ഓഫീസറെ ഇടിച്ചുവീഴ്ത്തി യുവാവ്; ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്
തൻ്റെ കുടുംബം തകരാൻ പ്രധാന കാരണക്കാരിലൊരാൾ സമീപവാസിയായ പുഷ്പയാണെന്നും, അവരെ വകവരുത്താൻ പറ്റാത്തതിൽ നിരാശയുണ്ടെന്നും ചെന്താമര മൊഴി നൽകിയിരുന്നു. "താൻ പുറത്തിറങ്ങാതിരിക്കാൻ മാസ് പെറ്റീഷൻ നൽകിയവരിൽ പുഷ്പയും ഉണ്ട്. ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ല.അതുകൊണ്ട് മാത്രം പുഷ്പ രക്ഷപ്പെട്ടു", ആലത്തൂർ ഡിവൈഎസ്‌പിയുടെ ചോദ്യം ചെയ്യലിലാണ് ചെന്താമരയുടെ വെളിപ്പെടുത്തൽ ഉണ്ടായത്.