ബ്രസീല്‍ അധികൃതരടെ സമ്മർദത്തില്‍പ്പെടുന്ന ആദ്യത്തെ സ്ഥാപനമല്ല എക്സ്. കഴിഞ്ഞ വർഷം ടെലിഗ്രാമിനും ചില പ്രൊഫൈലുകള്‍ ബ്ലോക്ക് ചെയ്യാത്തതിനെ തുടർന്ന് താല്‍കാലിക വിലക്ക് നേരിട്ടിരുന്നു
ബ്രസീലില്‍ വിലക്ക് നേരിടേണ്ടി വന്നേക്കാമെന്ന അറിയിപ്പുമായി സമൂഹമാധ്യമമായ എക്സ്. ബ്രസീല്‍ കോടതിയില്‍ നടക്കുന്ന കേസില്‍ പുതിയ നിയമ പ്രതിനിധിയെ നാമനിർദേശം ചെയ്യാനുള്ള സമയ പരിധി പാലിക്കാനാകാത്തതിനെ തുടർന്നാണ് വിലക്കിന്‍റെ സൂചനകള്‍ എക്സ് നല്കിയത്.
ഈ മാസം ആദ്യം എക്സിന്‍റെ ബ്രസീലിലെ ഓഫീസ് പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. സെന്‍സെർഷിപ്പ് പാലിക്കാത്തതിനെ തുടർന്ന് അറസ്റ്റ് ഭീഷണികള്‍ ഉയർന്നതിനാലാണ് ഓഫീസ് അടച്ചതെന്നായിരുന്നു എക്സ് പ്രതിനിധിയുടെ പ്രതികരണം. വ്യാജമായ വിവരങ്ങള്‍ ഇന്‍റർനെറ്റില്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് സുപ്രീം കോടതി ജഡ്ജ് അലക്സാണ്ടർ ഡി മോറെസ് നിരവധി എക്സ് അക്കൗണ്ടുകള്‍ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ അക്കൗണ്ടുകള്‍ റീ ആക്ടിവേറ്റ് ചെയ്യുമെന്ന വെല്ലുവിളിയുമായി എക്സ് ഉടമ ഇലോണ്‍ മസ്ക് രംഗത്തെത്തി. ഇതാണ് നിയമ പോരാട്ടത്തില്‍ ചെന്നെത്തിയത്.
നിയമ പ്രതിനിധിയെ നാമ നിർദേശം ചെയ്യാന്‍ 24 മണിക്കൂറാണ് എക്സിന് ജസ്റ്റിസ് മോറെസ് നല്‍കിയിരുന്നത്. എന്നാല്‍ വ്യാഴാഴ്ച ഇത് അവസാനിച്ചു. നിയമ പ്രതിനിധിയെ നിർദേശിക്കുന്നത് വരെ എക്സിന് വിലക്കും ബ്രസീലിയന്‍ നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ പിഴയും ഇടാക്കുമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. സമയ പരിധി അവസാനിച്ചതിനു ശേഷം ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും പങ്കുവെച്ച പോസ്റ്റ് വഴിയാണ് ഉത്തരവ് പാലിക്കാന്‍ സാധിച്ചില്ലെന്ന വിവരം എക്സ് അറിയിച്ചത്.
"അടുത്തു തന്നെ ജസ്റ്റിസ് അലക്സാണ്ടർ ഡി മോറെസ് ബ്രസീലില്‍ എക്സിനെ വിലക്കും. കാരണം നിസാരമാണ്. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ എതിരാളികളെ സെന്‍സർ ചെയ്യണമെന്ന നിയമ വിരുദ്ധ ഉത്തരവിന് ഞങ്ങള്‍ വഴങ്ങിയില്ല," പോസ്റ്റ് പറയുന്നു. നിയമവിരുദ്ധമായ ഉത്തരവുകള്‍ പാലിക്കില്ലെന്ന് പറഞ്ഞ എക്സ് ജഡ്ജിന്‍റെ അഭ്യർഥനകള്‍ വൈകാതെ പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞു. സുതാര്യത ലക്ഷ്യമാക്കിയാണിതെന്നും എക്സ് വ്യക്തമാക്കി.
അതേസമയം, മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ഇന്‍റർനെറ്റ് സ്ഥാപനമായ സാറ്റാർലിങ്കിന്‍റെ ബ്രസീലിലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. സുപ്രീം കോടതി വിധിയെ തുടർന്നായിരുന്നു നടപടി. മസ്കിന്‍റെ സ്പേയ്സ് എക്സിന്‍റെ അനുബന്ധ സ്ഥാപനമാണ് സ്റ്റാർലിങ്ക്. 2022ല്‍, അന്നത്തെ ബ്രസീല്‍ പ്രസിഡന്‍റായിരുന്ന ബോല്‍സനാരോയാണ് സ്റ്റാർലിങ്കിന് പ്രവർത്തനാനുമതി നല്‍കിയത്.
ബ്രസീല്‍ അധികൃതരടെ സമ്മർദത്തില്‍പ്പെടുന്ന ആദ്യത്തെ സ്ഥാപനമല്ല എക്സ്. കഴിഞ്ഞ വർഷം ടെലിഗ്രാമിനും ചില പ്രൊഫൈലുകള്‍ ബ്ലോക്ക് ചെയ്യാത്തതിനെ തുടർന്ന് താല്‍കാലിക വിലക്ക് നേരിട്ടിരുന്നു. 2015ലും 2016ലും വാട്സ്ആപ്പിനും സമാനമായ വിലക്കുകള്‍ വന്നിരുന്നു.