ഇതുവരെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്ട്രേഞ്ചര്‍ തിങ്സ് സീസണ്‍ 5 2025 ഒക്ടോബര്‍ 10ന് റിലീസാകുമെന്നും അവസാന 2 ഭാഗങ്ങള്‍ 2025 നവംബര്‍ 27 ഓടെ ഇറങ്ങുമെന്നന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു
സ്ട്രേഞ്ചേര്‍ തിങ്സ് സീരീസിന്റെ ആദ്യ ഭാഗം മുതല്‍ വില്‍ ബയേഴ്സ് ആയി അഭിനയിക്കുന്ന താരമാണ് നോവാ ഷ്‌നാപ്. സീരീസിന്റെ അവസാന ഭാഗത്തെ കുറിച്ചുള്ള ത്രില്ലടിപ്പിക്കുന്ന പ്രസ്താവനയുമായി ഇപ്പോള്‍ മുന്നോട്ടു വന്നിരിക്കുകയാണ് താരം. സീസണ്‍ അവസാനിക്കുമ്പോള്‍ ആരാധകര്‍ തീര്‍ച്ചയായും തകര്‍ന്നു പോകുമെന്ന് നോവ പറയുന്നു. ന്യൂയോര്‍ക്കില്‍ നടന്ന 'സ്ട്രേഞ്ചര്‍ തിങ്സ്; ദ ഫസ്റ്റ് ഷാഡോ'യുടെ ഓപ്പണിംഗ് ഷോയില്‍ ദ ഹോളീവുഡ് റിപ്പോര്‍ട്ടറിനോട് സംസാരിക്കവെയായിരുന്നു പ്രസ്താവന. ഇതുവരെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്ട്രേഞ്ചര്‍ തിങ്സ് സീസണ്‍-5 2025 ഒക്ടോബര്‍ 10ന് റിലീസാകുമെന്നും അവസാന 2 ഭാഗങ്ങള്‍ 2025 നവംബര്‍ 27 ഓടെ ഇറങ്ങുമെന്നന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ALSO READ: "ലാല്‍ സാറിന്റെ പെര്‍ഫോമന്‍സ് കണ്ട് സ്തംഭിച്ചുപോയി"; തുടരും നല്ലൊരു ഫാമിലി ഡ്രാമയെന്ന് ശോഭന
"സ്ട്രേഞ്ചര്‍ തിങ്സിന്റെ ഏറ്റവും വൈകാരികമായ ഒരു സീസണിനാണ് നിങ്ങള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. നിങ്ങള്‍ തീര്‍ച്ചയായും സങ്കടപ്പെടും. അവസാനഭാഗം കാണുമ്പോള്‍ ആരാധകരുടെ റിയാക്ഷന്‍ എങ്ങനെയാകും എന്നറിയാന്‍ വളരെയധികം ആകാംക്ഷയിലാണ് ഞാന്‍. അവരുടെ കണ്ണുകള്‍ തീര്‍ച്ചയായും വരണ്ടതാവില്ല. ഈ എപ്പിസോഡുകള്‍ തീര്‍ച്ചയായും പ്രേക്ഷകരെ വളരെ അധികം ബാധിക്കും. മാത്രമല്ല നമ്മളെല്ലാവരും സഞ്ചരിച്ച കുട്ടികാലത്തിന്റെ അവസാനം കൂടിയാണിത്" - നോവ പറയുന്നു.
പുതിയ സീസണ്‍ വളരെ ത്രില്ലിംഗ് ആണെന്നും ഏറ്റവും വേഗത്തില്‍ തുടങ്ങിയ സീസണാണെന്നും താരങ്ങളെല്ലാം സീരീസിന്റെ പ്രവര്‍ത്തനത്തിലാണെന്നും നോവ കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം തന്നെ സേട്രേഞ്ചര്‍ തിങ്സിന്റെ സംവിധായകരായ ഡഫര്‍ ബ്രദേഴ്സിലെ റോസ് ഡഫറില്‍ നിന്ന് എന്തൊക്കെയാണ് പ്രതീക്ഷിക്കാനാവുക എന്നും താരം വ്യക്തമാക്കി. എന്നിരുന്നാലും വരാനിരിക്കുന്ന ഭാഗത്തിന്റെ ഇമോഷണല്‍ ഇംപാക്ടിനെ കുറിച്ചായിരുന്നു കൂടുതലായും താരത്തിന് പറയാനുണ്ടായിരുന്നത്. "ആത്യന്തികമായും, ഇത് ഞങ്ങളുടെ ഏറ്റവും വൈകാരികമായ സീസണാകുമെന്ന പ്രതീക്ഷയുണ്ടെന്നും" നോവ അഭിപ്രായപ്പെട്ടു.