fbwpx
VIDEO | റേയുടെ ആരാധകനായ ഹോളിവുഡ് സംവിധായകന്‍ ; ഫന്‍റാസ്റ്റിക് മിസ്റ്റർ ആന്‍ഡേഴ്സണ്‍
logo

ന്യൂസ് ഡെസ്ക്

Posted : 25 Apr, 2025 07:57 PM

വെസ് ആൻഡേഴ്സണിന്റെ ഫിലോമോ​ഗ്രഫിയിലെ ഏതൊരു വർക്കെടുത്താലും അതിൽ സ്റ്റൈലിനും സ്റ്റോറിടെല്ലിങ്ങിനും ഒരേ പ്രാധാന്യമാണ്

HOLLYWOOD


ഒരിടത്തൊരിടത്ത് എന്ന് തുടങ്ങുന്ന കഥകൾ കേട്ട് വളർന്നവരാണ് നമ്മളിൽ പലരും. ഈ ഇല്ലാക്കഥകളിലെ നെല്ലും പതിരും വേർതിരിക്കാൻ പാകമായപ്പോൾ നമ്മൾ സിനിമാപ്രേമികളായി. ചിലപ്പോൾ അതിനു മുൻപും. എന്തായിരിക്കാം അത്തരമൊരാൾക്ക് നല്ല സിനിമ? ഒരു നല്ല സിനിമ, കണ്ടോ എന്ന് നമുക്ക് പോലും തീർച്ചയില്ലാത്ത സ്വപ്നം പോലെയാണ്. 'THE END' എന്ന് എഴുതിക്കാണിച്ചാലും എഴുന്നേൽക്കാനാകാതെ ആ ആലസ്യത്തിൽ നമ്മൾ അങ്ങനെ മതിമറന്നുപോകും. വെസ് ആൻഡേഴ്സൺ സിനിമകളും അതുപോലെയാണ്. ഒരു കൊച്ച് മധുര മനോഹര സ്വപ്നം. അവിടെ സുഖമുണ്ട്, ദുഃഖമുണ്ട് - നല്ലതുണ്ട്, ചീത്തയുണ്ട്. ഇതിനിടയിൽ നല്ല ഹാസ്യവുമുണ്ട്. എല്ലാം അൽപം സിമട്രിക്കലായിരിക്കുമെന്ന് മാത്രം!



ഫ്രഞ്ച് എഴുത്തുകാരൻ ​ഗുസ്താവ് ഫ്ലൊബേറിന്റെ ഒരു പ്രയോ​ഗമുണ്ട്. THE DEVIL IS IN THE DETAILS. വെസ് ആൻഡേഴ്സണിന്റെ കാര്യത്തിൽ ഇത് നൂറ് ശതമാനം ശരിയാണ്. അദ്ദേഹത്തിന്റെ ഓരോ ഫ്രെയിമുകളും വിശദാംശങ്ങൾ കൊണ്ട് സമ്പന്നമാണ്.




1996ൽ ആദ്യ ചിത്രം, ബോട്ടിൽ റോക്കറ്റിന്റെ റഷസ് കണ്ടുകൊണ്ടിരുന്ന ആൻഡേഴ്സണ് ചില സീനുകൾ റീഷൂട്ട് ചെയ്യണമെന്ന് തോന്നി. പക്ഷേ സാധിച്ചില്ല. അപ്പോഴേക്കും നിർമാതാക്കളായ കൊളംബിയ പിക്‌ച്ചേഴ്സ് പ്രോപ്പർട്ടീസ് മുഴുവൻ വിറ്റിരുന്നു. അതും നിസാര വിലയ്ക്ക്. അടുത്ത ചിത്രം, റഷ്മോർ മുതൽ ഷൂട്ടിങ് തീർന്നതും ആൻഡേഴ്സൺ പ്രോപ്പുകളെല്ലാം ഒരു എസ്.യു.വിയിലാക്കി സ്ഥലം വിടാൻ തുടങ്ങി. ഇങ്ങനെ കുന്ന് കൂടിയ സാധനങ്ങളെല്ലാം കൂടി ഇം​ഗ്ലണ്ടിലെ കെന്റിലെ ഒരു സ്റ്റോറേജ് ഫെസിലിറ്റിയിലാണ് സൂക്ഷിച്ചിരുന്നത്. ആയിരക്കണക്കിന് വരുന്ന ആ പ്രോപ്പർട്ടികൾ ചേർത്ത് പാരിസിലെ സിനിമാത്തെക് ഫ്രാൻസേയ്സും ലണ്ടനിലെ ഡിസൈൻ മ്യൂസിയവും ചേർന്ന് ഒരു വെസ് ആൻഡേഴ്സൺ മ്യൂസിയം റെട്രോസ്പെക്ടീവ് തന്നെ ഒരുക്കി.  നമുക്കിതിനെ മ്യൂസിയം ഓഫ് ഇന്നസെൻസ് എന്ന് വിളിക്കാം. കാരണം ഒരു വെസ് ആൻഡേഴ്സൺ യൂണിവേഴ്സിലേക്ക് കടക്കുമ്പോൾ നമ്മൾ ഒരു കുട്ടിയുടെ നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ട്. മെച്യൂരിറ്റി ജാഡകൾ അഴിച്ചുവെച്ചാൽ മാത്രം കണ്ണിൽപ്പെടുന്ന വിശദാംശങ്ങളുടെ ലോകമാണത്.


Also Read: VIDEO | എന്താകും ടാരന്‍റീനോയുടെ പത്താം പടം? ഹോളിവുഡിലെ 'സിനിമാ പ്രാന്തന്‍റെ' കഥ



വെസ് ആൻഡേഴ്സണിന്റെ ഫിലോമോ​ഗ്രഫിയിലെ ഏതൊരു വർക്കെടുത്താലും അതിൽ സ്റ്റൈലിനും സ്റ്റോറിടെല്ലിങ്ങിനും ഒരേ പ്രാധാന്യമാണ്. സിനിമാട്ടോ​ഗ്രഫിയും പ്രൊഡക്ഷൻ ഡിസൈനുമാണ് സിനിമകൾക്ക് സ്റ്റൈൽ നൽകുന്നതെങ്കിൽ വായനയും കാഴ്ചപ്പാടുമാണ് ആൻഡേഴ്സണിലെ കഥാകാരന് വ്യത്യസ്ത ശബ്ദം നൽകുന്നത്. ആൻഡേഴ്സണിന്റെ കഥകൾ ഭൂരിഭാ​ഗവും കേന്ദ്രീകരിക്കുന്നുത് കുട്ടികളിലാണ്. അല്ലെങ്കിൽ മുതിർന്നിട്ടും കുട്ടികളെപ്പോലെ പെരുമാറുന്നവരില്‍. ചുറ്റുപാടുകളുമായി അവർ ഒരിക്കലും ഒത്തുപോകുന്നില്ല. എന്നാൽ അവർ കലഹിക്കുകയല്ല, പിണങ്ങി നിൽക്കുകയാണ്. അവരിൽ സ്വാർഥ താൽപ്പര്യങ്ങൾ ഉണ്ടാകും, വൈരുദ്ധ്യങ്ങളും. ഉദാഹരണത്തിന് ​ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടലിലെ ​ഗുസ്താവ് അല്ലെങ്കിൽ ദ ലൈഫ് അക്വാട്ടിക്കിലെ സ്റ്റീവ് സിസു. ഈ കഥാപാത്രങ്ങളെ വിചിത്ര സ്വഭാവമുള്ളവരായിട്ടാകും നമുക്ക് തോന്നുക. പക്ഷേ ഇവരെന്താണ് ഇങ്ങനെ, എന്നൊരു ചോദ്യം കാണികൾക്കുണ്ടാകില്ല. കാരണം, മറ്റൊരു സിനിമകൾക്കും ഇല്ലാത്ത പശ്ചാത്തലവും അവതരണ രീതിയുമാകും അവർക്ക് ആൻഡേഴ്സൺ നൽകിയിട്ടുണ്ടാകുക. അവരുടെ കോസ്റ്റ്യൂമുകളും സെറ്റ് ഡിസൈനുമെല്ലാം കഥാപാത്രങ്ങൾക്കും കഥയ്ക്കും ചേരുന്നവിധം തിരശീലയിൽ തുന്നിച്ചേർത്തിരിക്കുകയാണ്.



റോയൽ ടെനൻബോംസിലെ ചാസ് ടെനൻബോം എന്ന കഥാപാത്രമെടുക്കാം. അയാൾ എപ്പോഴും ചുവന്ന അഡിഡാസ് ട്രാക്ക് സ്യൂട്ടാണ് ധരിക്കുക. അയാളുടെ മക്കൾ, അരിയും, ഉസിയും ധരിക്കുന്നതും അതേ വസ്ത്രങ്ങൾ തന്നെ. ഇത് എങ്ങനെയാണ് ആ കഥാപാത്രങ്ങളെ നിർവചിക്കുന്നത്? ചെറുപ്പത്തിലെ അച്ഛന്റെ ഉപദ്രവങ്ങൾ നേരിടേണ്ടി വന്ന ചാസ്. വിഭാര്യൻ. അയാൾ കഴിഞ്ഞ കാലത്തിൽ നിന്നും ഓടിയൊളിക്കാനുള്ള ശ്രമത്തിലാണ്. അങ്ങനെയൊരാളെയാണ് ആൻഡേഴ്സൺ സിനിമയിലുടനീളം ട്രാക്ക് സ്യൂട്ട് ഇടീപ്പിക്കുന്നത്. ആ ഓട്ടത്തിൽ ഓവർ പ്രൊട്ടക്ടീവായ അയാൾ മക്കളേയും കൂട്ടുന്നു. ഇത്തരം കഥാപാത്ര നിർമിതികളെ പ്രത്യേകം ശ്രദ്ധ എടുത്താണ് ആൻഡേഴ്ൺ സൃഷ്ടിക്കുന്നത്. ആ ശ്രദ്ധ ഫന്റാസ്റ്റിക് മിസ്റ്റർ ഫോക്സ് എന്ന സ്റ്റോപ്പ് മോഷൻ സിനിമയിലെ ജീവികളുടെ രോമങ്ങളിൽ പോലും കാണാം.

ഇനി സെറ്റ് ഡിസൈനിന്റെ കാര്യമെടുത്താൽ, ലൈഫ് അക്വാട്ടിക്കിലെ സ്റ്റീവിന്റെ ബോട്ട്, ബെലഫോന്റെ, ​ഗ്രാൻഡ് ബുഡാപെസ്റ്റിലെ ഹോട്ടൽ, ഇവ രണ്ടും കഥയിൽ നിന്ന് വേറിട്ട് നിൽക്കുന്ന സ്ഥലങ്ങളല്ല. കഥ നടക്കുന്നിടം എന്നതിലുപരിയായ അത് തന്നെയാണ് കഥ. ആ ബോട്ടും ഹോട്ടലും സിസുവിന്റെയും ​ഗുസ്താവിന്റെയും വ്യക്തിത്വങ്ങളുടെ പകർപ്പ് തന്നെയാണ്.


Also Read: VIDEO | ക്ഷമിക്കൂ, ഈ ശബ്ദം സെന്‍‌സറിങ്ങിന് വഴങ്ങില്ല! ജാഫർ പനാഹിയുടെ സിനിമകളും പ്രതിരോധവും


ഈ ഇടങ്ങൾക്ക് ആൻഡേഴ്സണിന്റെ കളർ പാലറ്റിലേക്ക് എത്തുമ്പോഴാണ് ജീവൻ വയ്ക്കുന്നത്. പേസ്റ്റൽ ടോണുകൾ കഥയുടെ മൂഡും ടോണും മാറ്റുന്നു. പക്ഷേ സിനിമ തീർന്ന് ഇരുന്നാലോചിക്കുമ്പോൾ മാത്രമാകും എങ്ങനെയിങ്ങനെ ഒരു കഥയിലേക്ക് വീണുപോയി എന്ന ചിന്ത വരിക. കഥകൾ പറയാനുള്ള ടൂൾ കൂടിയാണ് ആൻഡേഴ്സണ് നിറം. ​ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടലിൽ പല കാലഘട്ടങ്ങളിലായാണ് കഥ പരന്നുകിടക്കുന്നത്. ഹോട്ടലിന്റെ പ്രതാപ കാലത്ത് കടുത്ത പിങ്ക് നിറമാണ് ഉപയോ​ഗിച്ചതെങ്കിൽ അതിന്റെ പ്രൗഡി കുറയുന്നത് അനുസരിച്ച് നിറങ്ങളും നരയ്ക്കുന്നു. സാച്ചുറേഷനും ബ്രൈറ്റ്നസും വ്യത്യാസപ്പെടുന്നു. ഇതിന് അനുസരിച്ച് ആസ്പെക്ട് റേഷ്യോയിലും മാറ്റങ്ങൾ വരുമ്പോൾ കാലം മാറുന്നത് പ്രകടമാകുന്നു. എന്നാൽ സിനിമയുടെ ടോണിന് പരിക്കേൽക്കുകയും ഇല്ല.  ചുരുക്കത്തിൽ വെസ് ആൻഡേഴ്സൺ യൂണിവേഴ്സ് പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഓർമകളും, ആളുകളും, വസ്തുക്കളും, കഥകളും ചിട്ടയോടെ, അതായത് സിമിട്രിക്കലായി ഒരു ഫ്രെയിമിലേക്ക് എത്തുന്ന മായകാഴ്ചയാണ്. അതിനു ഇപ്പോൾ ഒരു ഉദാഹരണം പറയുക എന്നുവെച്ചാൽ വെസ് ആൻഡേഴ്സൺ പടങ്ങൾ മുഴുവൻ വരിക്ക് പറയേണ്ടി വരും. സിമിട്രിക്കലല്ലെങ്കിൽ, കാണികൾക്ക് മറിച്ചൊന്നു ചിന്തിക്കാതെ പറയാം - ഈ ഫ്രയിമിൽ ആൻഡേഴ്സണില്ല!


ഇത്തരത്തിലുള്ള എല്ലാ ​ഗുണങ്ങളും ഒത്തുചേർന്ന ഒരു ഫ്രെയിമിൽ നിന്ന് വിപ് പാൻ ചെയ്ത്, അല്ലെങ്കിൽ ലാറ്ററൽ പാൻ ചെയ്ത്, അതുമല്ലെങ്കിൽ വെർട്ടിക്കൽ പാനിങ് ചെയ്ത് കഥ മുന്നോട്ട് പോകുമ്പോഴാണ് ഒരു വെസ് ആൻഡേഴ്ൺ ഫാനിന് തൃപ്തി വരിക. അങ്ങനെ ഒരു ശീലം കാഴ്ചയിലുണ്ടാക്കാൻ ഈക്കാലയളവ് കൊണ്ട് സംവിധായകന് സാധിച്ചുകഴിഞ്ഞു.




Also Read: VIDEO | AI ആർട്ട് മാത്രമല്ല GHIBLI; ഹയാവോ മിയാസാക്കിയുടെ മാന്ത്രിക വരകള്‍



ഹൈലി സ്റ്റൈലൈസ്ഡ് ആയ ഒരു തോൽപ്പാവക്കൂത്തിന്റെ കാഴ്ചാനുഭവം മറഞ്ഞുകിടപ്പുണ്ട് ഈ ആൻഡേഴ്‌സണ്‍ സിനിമകളിൽ. ഇതിൽ പാവകൾ അഭിനേതാക്കളും കൂത്തുകാരൻ ആൻഡേഴ്സണുമാണ്. കൂത്തകാരന്റെ കൈവഴക്കമാണ് അഭിനേതാക്കളുടെ പ്രകടനമികവ്. എത്ര വലിയ കിന്നരിത്തൊപ്പിവെച്ച പാവയാണെങ്കിലും. കഥാപാത്രങ്ങളെ നിർമിച്ചെടുക്കുകയാണ് ആൻഡേഴ്സൺ. FULLY HANDMADE. ഇത് വെറുതെ അലങ്കാരത്തിന് പറയുന്നതല്ല. ഒരു അഭിനേതാവ് അഭിനയിച്ചുതുടങ്ങുമ്പോൾ മുതൽ ആൻഡേഴ്സൺ പ്രോംറ്റ് ചെയ്തുതുടങ്ങും. ഈ രീതി അഭിനേതാക്കളുടെ ഉള്ളിൽ നിന്ന് വരുന്ന വികാരങ്ങളെ ത്വക്കിൽ തട്ടിത്തെറിപ്പിക്കുന്നതാണ്. അതുകൊണ്ട് പൊതുവേ ആരും അതിനു തുനിയാറില്ല. അതാണ് ആൻഡേഴ്സണും വേണ്ടത്. നിർവികാരത മുറ്റി നിൽക്കുന്ന മുഖങ്ങൾ. കഥ പറയുന്ന പാവകൾ.



ആൻഡേഴ്സൺ സിനിമകളിലെ കഥാപാത്രങ്ങളിൽ എല്ലാം സംവിധായകനുണ്ട്. വസ്ത്രത്തിലും അവതരണത്തിലും എല്ലാം നമുക്ക് അത് കാണാം. എട്ടാം വയസിൽ മാതാപിതാക്കളുടെ വേർപിരിയൽ അഘാതമായ ഒരു കുട്ടി. മൂന്ന് ആൺമക്കളിലെ നടുകഷ്ണം. അയാളുടെ എക്സെൻട്രിസിറ്റി. പഴയ പത്രങ്ങളും, റിപ്പോർട്ടർമാരും, തെരുവ് നായകളും, റോൾഡ് ഡാലിന്റെ കുറുക്കന്മാരും നിറഞ്ഞ അവന്റെ ലോകം. നമ്മൾ ഇത്രയും കാലം ആൻഡേഴ്സണൊപ്പം അയാളുടെ ഭൂതകാലത്തിലെ, ആ ബാലഭാവനയിലെ എണ്ണിയാൽ ഒടുങ്ങാത്ത കഥകളുടെ ഭാ​ഗമാകുകയായിരുന്നു. അതങ്ങനെയാണ്, ജീനിയസുകൾക്ക് ലോകത്തിലേക്ക് തുറന്നുവെച്ച മനസായിരിക്കും. അവർ കാണുന്ന കാഴ്ചകളെയും മനുഷ്യരെയും വായിക്കുന്ന എഴുത്തുകളേയും വിലയിരുത്താൻ മെനക്കെടും. ഇതിന് തയ്യാറല്ലാത്തവർ കോപ്പിയടിക്കും. പക്ഷേ, ആദ്യത്തെ കൂട്ടർക്കായിരിക്കും ആധികാരികതയുണ്ടാവുക. ആൻഡേഴ്സൺ ഒരു ഒതന്റിക് ഫിലിം മേക്കറാണ്. അകത്തും പുറത്തുമായി പലതരം ഇൻഫ്ലുവൻസുകളുണ്ടെങ്കിലും അവയെ ക്രിയാത്മകമായി കൈകാര്യം ചെയ്യാൻ അറിയുന്ന കലാകാരൻ. അത്തരത്തിൽ ആൻഡേഴ്സണിലുള്ള രണ്ട് പ്രധാന സ്വാധീനങ്ങളാണ് സത്യജിത് റേയും ബാലസാഹിത്യകാരൻ റോൾഡ് ഡാലും.

സത്യജിത് റേ എന്ന ഇതിഹാസത്തെ, അദ്ദേഹത്തിന്റെ സിനിമകളെ, ആഴത്തിൽ മനസിലാക്കാൻ ശ്രമിക്കുന്ന സംവിധായകനാണ് വെസ് ആൻഡേഴ്സൺ. രണ്ട് പേരുടെയും സിനിമാ ശൈലി വ്യത്യാസപ്പെട്ടിരിക്കുമ്പോൾ തന്നെ ഉള്ളിലെ സൗന്ദര്യബോധം ഒന്നുതന്നെയാണ്. ഡാർജിലിങ് ലിമിറ്റഡ് എന്ന സിനിമ തന്നെ ഒരു തരത്തിൽ ആ ആരാധനയിൽ നിന്ന് ഉണ്ടായതാണ്. കഥയും കാഴ്ചപ്പാടും പടിഞ്ഞാറൻ ആണെങ്കിലും അത് പറയാൻ ഉപയോ​ഗിച്ചിരിക്കുന്ന സങ്കേതങ്ങളിൽ ചിലത് റേയുടെതാണ്. പ്രത്യേകിച്ചും പശ്ചാത്തല സം​ഗീതം. ചാരുലതയിലെ ചാരൂസ് തീം ഈ പടത്തിൽ ഉടനീളം ഉപയോ​ഗിച്ചിട്ടുണ്ട്. അവിടെയും തീരുന്നില്ല, ആരണ്യേർ ദിൻ രാത്തിലെ മെമ്മറി ​ഗെയിം എന്ന സീനിൽ റേ അവതരിപ്പിച്ച ക്യാമറാ മൂവ്മെന്റ്സ് തന്നെ ഡാർജിലിങ് ലിമിറ്റഡിന്റെ അവസാനത്തോട് അടുക്കുമ്പോൾ കാണാം. ഇതേ മെമ്മറി ​ഗെയിമും ക്യാമറാ മൂവ്മെന്റ്സും 2023ൽ പുറത്തിറങ്ങിയ ആസ്ട്രോയിഡ് സിറ്റിലും കാണാം. പടിഞ്ഞാറൻ നോട്ടത്തിലെ വിചിത്ര സ്വഭാവമുള്ളവരുടെ രാജ്യമായി തന്നെയാണ് ആൻഡേഴ്സണും ഇന്ത്യയെ അവതരിപ്പിക്കുന്നതെങ്കിലും ചില ഇടങ്ങളിൽ അമേരിക്കൻ രീതികളെ തന്നെ സംവിധായകൻ പരിഹസിക്കുന്നുണ്ട്. വിറ്റ്മാൻ സഹോദരങ്ങളുടെ ഇന്ത്യയിലേക്കുള്ള ആത്മീയാന്വേഷണ യാത്രതന്നെ അത്തരത്തിലൊന്നാണ്.


Also Read: ജെയിംസ് കാമറൂൺ: മുതലാളിത്തത്തെ തിരയില്‍ ചോദ്യം ചെയ്ത ഹോളിവുഡിലെ റെബല്‍


ഒടുവിൽ പേസ്റ്റൽ കളറിലുള്ള ആ സ്വപ്നം അവസാനിച്ചുവെന്ന് തോന്നുമ്പോൾ, തിയേറ്റർ വിടാൻ നേരമായി എന്ന് സുഹൃത്ത് ഓർമിപ്പിക്കുമ്പോൾ, പണിപ്പെട്ടായിരിക്കും ആ ലോകത്ത് നിന്ന് നമ്മൾ പുറത്തുകടക്കുക. ഈ കണ്ടതൊന്നും സിനിമയ്ക്ക് പുറത്തെ ലോകം തരില്ലെന്ന തൊന്നലാണ് നമ്മളെ ആ സീറ്റിൽ പിടിച്ചിരുത്തിയത്. എങ്ങനെ തരാൻ? വെസ് ആൻഡേഴ്സൺ പടങ്ങളിൽ സുഖവും ദുഃഖവും കൈകോർത്തു നടക്കും, എല്ലാ കാഴ്ചകളും മനോഹരങ്ങളായ പെയിന്റിങ്ങുകളാകും, ദാ, ഈ നിമിഷം പോലും ഓർമിക്കപ്പെടേണ്ടതാകും. വളരെ ലളിതമായ ഒരു തത്വമാണ് ആ സംവിധായകൻ പറഞ്ഞുവയ്ക്കുന്നത്.

ജീവിതം പെർഫെക്ടല്ല, എന്നാൽ അതിനെ പെർഫെക്ടിലി അറേഞ്ച് ചെയ്യാം!

TELUGU MOVIE
"ആ സീക്രട്ട് ഗ്രൂപ്പ് ഇപ്പോള്‍ ആക്ടീവ് അല്ല"; രാം ചരണും അല്ലു അര്‍ജുനുമെല്ലാം ഉണ്ടായിരുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിനെ കുറിച്ച് നാനി
Also Read
user
Share This

Popular

IPL 2025
KERALA
IPL 2025 | CSK vs SRH | ചെന്നൈയ്‌ക്കെതിരെ ഉദിച്ചുയർന്ന് ഹൈദരാബാദ്; ജയം അഞ്ച് വിക്കറ്റിന്