കടപ്പുറം വനിത - ശിശു ആശുപത്രിയിൽ കുഞ്ഞിന്റെ മാതാവിന് നൽകിയ ആദ്യ മൂന്ന് മാസത്തെ പ്രസവകാല ചികിത്സ തൃപ്തികരമായിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി
ആലപ്പുഴയിൽ ഗുരുതര ശാരീരിക വ്യതിയാനങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. കടപ്പുറം വനിത - ശിശു ആശുപത്രിയിൽ കുഞ്ഞിന്റെ മാതാവിന് നൽകിയ ആദ്യ മൂന്ന് മാസത്തെ പ്രസവകാല ചികിത്സ തൃപ്തികരമായിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആദ്യ മൂന്ന് മാസത്തെ പ്രസവ ചികിത്സയിലെ അപകട സാധ്യത സംബന്ധിച്ച് അമ്മയുമായി ആശയവിനിമയം നടത്തുന്നതിൽ വീഴ്ച സംഭവിച്ചതായാണ് കണ്ടെത്തൽ.
കടപ്പുറം ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർമാരായ സി.വി. പുഷ്പകുമാരി, കെ.എ. ഷെർലി എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടി ഉണ്ടായേക്കുക. ഇത് ചൂണ്ടിക്കാട്ടി അന്വേഷണ റിപ്പോർട്ട് ആരോഗ്യവകുപ്പ് സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇതിനിടെ വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടാകാത്തതിനെ തുടർന്ന് ആലപ്പുഴയിലെ വണ്ടാനം മെഡിക്കൽ കോളജിലേക്ക് വീണ്ടും എത്തിച്ചു.
ALSO READ: താമരശേരി ഷഹബാസ് വധക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഏപ്രില്‍ എട്ടിന്
ചികിത്സാപ്പിഴവിലെ അന്വേഷണ റിപ്പോർട്ട് വൈകുന്നതിൽ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞദിവസം റിപ്പോർട്ട് പുറത്തുവന്നത്. കുഞ്ഞിന്റെ മാതാവിന്റെ സ്കാനിങ് നടത്തിയ ആലപ്പുഴയിലെ സ്വകാര്യ സ്കാനിങ് കേന്ദ്രങ്ങൾ നേരത്തെ തന്നെ അടച്ചുപൂട്ടിയിരുന്നു. 2024 നവംബർ എട്ടിനാണ് ഗുരുതര ശാരീരിക വ്യതിയാനങ്ങളുമായി കുഞ്ഞ് ജനിച്ചത്.