fbwpx
രക്ഷപ്പെടാൻ നൂറുശതമാനം സാധ്യതയുണ്ടായിരുന്നു, എന്നിട്ടും...; അനീസയുടെ ഈയവസ്ഥയ്ക്ക് കാരണം ഡോക്ടര്‍മാര്‍
logo

ഫൗസിയ മുസ്തഫ

Last Updated : 09 Dec, 2024 05:17 PM

കഴിഞ്ഞ 13 വർഷത്തെ അനൗദ്യോഗിക കണക്കെടുത്താൽ കേരളത്തിൽ മാത്രം ഏതാണ്ട് നൂറിലധികം കുഞ്ഞുങ്ങൾ അമ്മമാരാൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്

INVESTIGATION


2019 ഒക്ടോബർ 12 മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷൻ, ക്രൈം നമ്പർ 279/19.

മുപ്പത്തുകാരിയായ അനീസ തേഞ്ഞിപ്പാലത്തെ സ്വന്തം വീട്ടിൽ മൂന്നാമതും പ്രസവിച്ചു കിടക്കുന്ന സമയം. ബ്ലീഡിങ് നിലയ്ക്കാത്തതിലും മറ്റും വളരെയധികം അസ്വാഭാവിക മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചുപോരുന്ന സമയം. സംഭവദിവസവും ഡോക്ടറെ കണ്ടിരുന്നു. എന്നാൽ അന്ന് അർദ്ധരാത്രി രണ്ട് മണിയോടെ, രണ്ട് മാസം പ്രായമുള്ള തന്റെ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നതിനു ശേഷം കൈഞരമ്പ് മുറിച്ചു ആത്മത്യാശ്രമം നടത്തി.


പോസ്റ്റ്‌പാർട്ടം സൈക്കോസിസ് എന്ന രോഗത്തിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് അനീസ കടന്നുപോയത് എന്നാണ് ചികിത്സിച്ച ഗൈനക്കോളജിസ്റ്റിന്റെ വാക്കുകൾ ഓർത്തെടുത്തു അമ്മ ഉറപ്പിച്ചു പറയുന്നത്. പക്ഷേ തക്കസമയം ചികിത്സ ഉറപ്പാക്കാനോ, ഉറ്റവർക്ക് രോഗത്തെക്കുറിച്ചുള്ള അജ്ഞത മാറ്റാനോ ഡോക്ടർ ശ്രമിച്ചില്ല.

അസ്വാഭാവികത നിറഞ്ഞ മകളുടെ പെരുമാറ്റത്തിൽ സംശയം പ്രകടിപ്പിച്ച ബന്ധുക്കളെ നിസ്സംശയം മടക്കി അയച്ച ഡോക്ടർമാരെക്കുറിച്ചാണ് അമ്മയ്ക്ക് പറയാനുള്ളത്. എന്തുകൊണ്ടായിരിക്കാം അന്ന് ആ ഡോക്ടർ അനീസയ്ക്ക് തക്ക ചികിത്സ നൽകാതെ മടക്കി വിട്ടതെന്ന ഞെട്ടിക്കുന്ന വസ്തുത കൂടി നാം അറിഞ്ഞിരിക്കണം.


ALSO READ: 'സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാർ'; ഈ ശിശുഹത്യകളുടെ സത്യമെന്ത്? ന്യൂസ് മലയാളം അന്വേഷണം


രക്ഷപ്പെടാൻ നൂറുശതമാനം സാധ്യതയുള്ള രോഗത്തെ അവഗണിച്ച ഡോക്ടർ അനീസയ്ക്ക് എന്നന്നേക്കുമായി നൽകിയത് കടുത്ത വിഷാദത്തിനൊപ്പം വീട്ടുതടങ്കൽ കൂടിയാണ്. വരാനിരിക്കുന്ന വിചാരണയും ജയിലും അനീസയുടെ അസുഖത്തിന്റെ ആഴം കൂട്ടുന്നുവെന്നതാണ് അചിന്തനീയം.

2010 മുതൽ 2023 വരെയുള്ള, കഴിഞ്ഞ 13 വർഷത്തെ അനൗദ്യോഗിക കണക്കെടുത്താൽ കേരളത്തിൽ മാത്രം ഏതാണ്ട് നൂറിലധികം കുഞ്ഞുങ്ങൾ അമ്മമാരാൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. എന്നാൽ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെയും സംസ്ഥാനങ്ങളിലെ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെയും കണക്കുകളിൽ ചരിത്രത്തിലിന്നേ വരെ കൊലപാതകക്കാരണമായി പെരിനാറ്റൽ സൈക്കോസിസ് രേഖപ്പെടുത്തിയിട്ടില്ല. ഒരു ഇൻഫന്റിസൈഡ് ആക്ട് നിലവിലില്ലാത്തതിനാൽ നമ്മുടെ രാജ്യത്ത് ഇത്തരം കേസുകളിലകപ്പെടുന്ന അമ്മമാരെ നിർബന്ധിത പ്രസവപരിരക്ഷ ഉറപ്പാക്കേണ്ട സമയത്തു പോലും സർക്കാരും നീതിപീഠവും ചേർന്ന് പ്രസവാനന്തര ചോരയോടെ ജയിലിലടക്കുന്നത് മനുഷ്യാവകാശലംഘനം തന്നെയാണ്.


ALSO READ: 10,000 അമ്മമാർക്ക് ആകെ ഒരു ഡോക്ടർ; പെരിനാറ്റൽ ഡിപ്രഷനും സൈക്കോസിസിനും കേരളത്തിൽ ചികിത്സ നിഷേധിക്കപ്പെടുന്നോ?


സംഭവം കഴിഞ്ഞ് അഞ്ച് വർഷം ആകാറായി. ഇന്നും പക്ഷേ, ഒരു നേരത്തേക്കു പോലും പുറത്തിറങ്ങാൻ വല്ലാത്ത പേടിയുളള പ്രകൃതം. പകൽ പതിനൊന്ന് മണിക്ക് ഞങ്ങൾ അനീസയെ കാണാനായി വീട്ടിലെത്തിയപ്പോഴും അടച്ചിട്ട മുറിയിൽ ഗാഢനിദ്രയിലായിരുന്നു. മനസ്സിനൊപ്പം ശരീരത്തിന്റെയും പകലുകൾ രാവുകളാക്കാൻ ഉറക്കഗുളികയിലെ ശാന്തിതീരത്തു അഭയം തേടുന്നവൾ.

വിചാരണ പോലും തുടങ്ങിയിട്ടില്ലാത്ത കേസിൽ മഞ്ചേരി കോടതിവരെ പോയി വരുന്ന ദിവസങ്ങൾ കുടുംബാംഗങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും വയ്യ. മാനസികമായും ശാരീരികമായും തകർന്നുപോയവൾ അന്നേ ദിവസം ഈ ഭൂമിയിലേ അല്ലാത്തവിധം പെരുമാറും. അത്രമേൽ സമ്മർദ്ദം ഇന്നും പേറുന്നവൾ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സംഭവിച്ചാലും തന്റെ പ്രിയപ്പെട്ടവളെ മരണം വരെ ചേർത്ത് നിറുത്താൻ തന്നെയാണ് ഭർത്താവിന്റെ തീരുമാനം എന്നതാണ് അനീസയുടെ ദുരിതക്കയത്തിലും ലഭിക്കുന്ന ഏക ആശ്വാസം.

അനീസയെപ്പോലുള്ളവരുടെ അവസ്ഥയ്ക്ക് കാരണം ഡോക്ടർമാരുടെ അനാസ്ഥ തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. രോഗം തിരിച്ചറിയാൻ ശ്രമിക്കാത്ത ഡോക്ടർമാരും അവരെ പിന്തുണയ്ക്കുന്ന സംഘടനകളും സർക്കാരുകളും ഒന്ന് മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങളുടെ അറിവില്ലായ്മയിൽ, അവഗണനയിൽ ആജീവനാന്തം കനത്ത പ്രഹരമേറ്റത് നിഷ്കളങ്കരായ സ്ത്രീകൾക്കാണ്.


FOOTBALL
2034 ലെ ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍; 2030 ല്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ വേദിയാകും
Also Read
user
Share This

Popular

KERALA
NATIONAL
തന്തൈ പെരിയാർ സ്മാരകം പിണറായിയും സ്റ്റാലിനും ചേർന്ന് ഇന്ന് നാടിന് സമർപ്പിക്കും; പൊതുസമ്മേളനം വൈക്കം ബീച്ച് മൈതാനത്ത്