പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയ വധശിക്ഷകാത്ത് യെമനിലെ ജെയിലിൽ കഴിയുകയാണ്. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് കോടതി നിമിഷയെ ശിക്ഷിച്ചത്.
യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാകുമെന്ന വാർത്തയുടെ നടുക്കത്തിലാണ് കേരളം. നിമിഷയുടെ വിധശിക്ഷയ്ക്ക് അനുമതി നൽകിയത് സംബന്ധിച്ച് വിവരം ലഭിച്ചെന്ന് വിദേശമന്ത്രാലയം വക്താവ് രൺദീർ ജെയ്സ് വാൾ അറിയിച്ചിരുന്നു. നിമിഷപ്രിയയുടെ കുടുംബത്തിന് സർക്കാർ എല്ലാവിധ സഹായവും ഉറപ്പാക്കുമെന്നും വിദേശമന്ത്രാലയം അറിയിച്ചിട്ടുണ്ട്. യെമൻ പ്രസിഡൻ്റ് തന്നെ വധശിക്ഷ അംഗീകരിച്ച സാഹചര്യത്തിൽ നിമിഷയുടെ മോചന സാധ്യതകൾ മങ്ങുകയാണ്. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ.
പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയ വധശിക്ഷകാത്ത് യെമനിലെ ജെയിലിൽ കഴിയുകയാണ്. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് കോടതി നിമിഷയെ ശിക്ഷിച്ചത്. 2017ലാണ് യെമൻ പൗരനും നിമിഷപ്രിയയ്ക്കൊപ്പം സനായിൽ ക്ലിനിക് നടത്തിയ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. നിമിഷപ്രിയ, തലാലിന്റെ ഭാര്യയാണെന്നതിനു യെമനിൽ രേഖകളുണ്ട്. എന്നാൽ അത് അവിടെ ക്ലിനിക്ക് തുടങ്ങുന്നതിനുള്ള ലൈസൻസ് സംഘടിപ്പിക്കാൻ തയ്യാറാക്കിയ താൽക്കാലിക രേഖയാണെന്നാണ് നിമിഷയുടെ വാദം.
മാത്രവുമല്ല തലാൽ തന്നെ ഉപദ്രവിച്ചിരുന്നതായും നിമിഷ വെളിപ്പെടുത്തിയിരുന്നു. ഭാര്യയും കുഞ്ഞുമുള്ള തലാൽ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാൾക്കും കൂട്ടുകാർക്കും വഴങ്ങാൻ തന്നെ നിർബന്ധിച്ചിരുന്നതായും നിമിഷ പറയുന്നുണ്ട്. പൊലീസിൽ പരാതിപ്പെട്ടെങ്കിലും. ജയിലിൽ നിന്ന് പുറത്തുവന്നതോടെ തലാൽ കൂടുതൽ ഉപദ്രവകാരിയായി മാറുകയായിരുന്നു.
Also Read; നിമിഷപ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് വിദേശമന്ത്രാലയം
ഒടുവിൽ ജീവിന് ഭീഷണിയായതോടെയാണ് തലാലിനെ ഇല്ലാതാക്കിയത്. അനസ്തേഷ്യക്കുള്ള മരുന്നു നൽകി മയക്കിയെന്നും ഉണരുന്നില്ലെന്നു കണ്ടതോടെ ഒപ്പം ജോലി ചെയ്തിരുന്ന ഹനാനുമായി ചേർന്നു കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കോടതിയെ അറിയിച്ചത്. തലാലിൻ്റെ മൃതദേഹം നശിപ്പിക്കാൻ വഴികളില്ലാതെ വന്നതോടെ കഷണങ്ങളാക്കി മുറിച്ച് വെള്ളത്തിലൊഴുക്കുകയായിരുന്നു.
പിന്നീട് നിമിഷ ക്ലിനിക്കിൽ നിന്നു മാറി മറ്റൊരു ആശുപത്രി ജോലിക്കു ചേർന്നു. അതേ സമയം തലാലിനായി ബന്ധുക്കൾ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി പത്രത്തിൽ നിമിഷയുടെ ചിത്രം കണ്ട ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കേസ് നടപടികൾ ആരംഭിച്ചു.2017 ജൂലൈയിലാണു നിമിഷപ്രിയ അറസ്റ്റിലായത്. 2020ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു.
Also Read; അബ്ദുള്‍ റഹീമിന്റെ മോചനത്തില്‍ നിരാശ; കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി റിയാദ് ക്രിമിനല്‍ കോടതി
കീഴ്‌ക്കോടതിയാണ് നിമിഷയ്ക്ക് വധശിക്ഷ വിധിച്ചത്. കൊലപാതകത്തിന് നിമിഷയെ സഹായിച്ച യെമൻ സ്വദേശിയായ നഴ്സ് ഹനാന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. വധശിക്ഷയിൽ ഇളവു ലഭിക്കണമെന്ന നിമിഷപ്രിയയുടെ അപേക്ഷ നേരത്തെ കോടതി പരിഗണിച്ചിരുന്നു. 70 ലക്ഷം രൂപ നൽകിയാൽ കേസിൽ നിന്നു പിന്മാറാൻ തയാറാണെന്ന് കൊല്ലപ്പെട്ട യുവാവിൻ്റെ കുടുംബം അറിയിച്ചിരുന്നെങ്കിലും തദ്ദേശീയരുടെ എതിർപ്പുമൂലം നടന്നിരുന്നില്ല.
മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി ഈ വർഷം ഏപ്രിൽ 20നു യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്.ഇതിനിടെ രണ്ടു തവണ അവർ മകളെ ജെയിലിൽ ചെന്നു കണ്ടിരുന്നു. തലാലിൻ്റെ കുടുംബത്തിന് ദയാധനം നൽകി ശിക്ഷ ഒഴിവാക്കാൻ ആക്ഷൻ കൗൺസിൽ ഉൾപ്പെടെ തുടങ്ങി പണം ശേഖരിച്ചിരുന്നു.19,871 ഡോളർ കൂട്ടായ ശ്രമത്തിലൂടെ സമാഹരിച്ചു 2024 ജൂലൈയിൽ കൈമാറിയിരുന്നു.ചില അഭിപ്രായ ഭിന്നതകളെത്തുടർന്ന് രണ്ടാ ഘട്ടം പണം സമാഹരിക്കൽ തുടരാനായില്ല.