ജില്ലയുടെ അകത്തും പുറത്തുനിന്നുമായി ദിവസേന ആയിരക്കണക്കിന് രോഗികൾ എത്തുന്ന എറണാകുളം ജനറൽ ആശുപത്രിയിലാണ് ഈ അവസ്ഥ
സ്ഥിരം ഡോക്ടർമാരോ തസ്തികളോ ഇല്ലാതെ എറണാകുളം ജനറൽ ആശുപത്രിയിലെ ചികിത്സാ വിഭാഗങ്ങൾ പ്രതിസന്ധിയിൽ. ന്യൂറോളജി, അത്യാഹിതം, ഓങ്കോളജി തുടങ്ങിയ വിഭാഗങ്ങളിലാണ് തസ്തിക ഇല്ലാത്തതിനാൽ സ്ഥിര നിയമനം സാധ്യമാകാത്തത്. വിവരാവകാശ രേഖപ്രകാരമുള്ള അപേക്ഷയിലാണ് ഞെട്ടിക്കുന്ന മറുപടി.
ജില്ലയുടെ അകത്തും പുറത്തുനിന്നുമായി ദിവസേന ആയിരക്കണക്കിന് രോഗികൾ എത്തുന്ന എറണാകുളം ജനറൽ ആശുപത്രിയിലാണ് ഈ അവസ്ഥ. 26 ആരോഗ്യ വിഭാഗങ്ങളിലായി 66 ഡോക്ടർ തസ്തികകളാണുള്ളത്. അതിൽ ഏഴോളം തസ്തികകളാണ് ഡോക്ടർമാരുടെ സ്ഥിരം സേവനമില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. ജനറൽ സർജറിയിൽ സീനിയർ കൺസൾട്ടൻ്റ് ഉൾപ്പെടെ മൂന്ന് ഒഴിവുകളും,ഗൈനക്കോളജി,ശിശുരോഗം,ഡെൻ്റൽ, അനസ്തേഷ്യ വിഭാഗങ്ങളിലായി ഓരോന്നു വീതവും ഒഴിവുകളാണുള്ളത്.
ALSO READ: പൈൽസിന് ശസ്ത്രക്രിയ നടത്തിയ വയോധിക മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി
2023 മുതലുള്ള സ്ഥിതിയാണിത്. ഭൂരിഭാഗം തസ്തികകളും സേവന കാലാവധി കഴിഞ്ഞ് ഡോക്ടർമാർ വിരമിച്ച ഒഴിവുകളാണ്. ജനറൽ മെഡിസിൻ, ജനറൽ സർജറി എന്നീ വിഭാഗങ്ങളിലും ആകെ ഓരോ തസ്തികകൾ മാത്രം. ഓങ്കോളജി, അത്യാഹിത വിഭാഗം, ന്യൂറോ സർജറി, പെയ്ൻ ആൻ്റ് പാലിയേറ്റീവ്, യൂറോളജി, കാർഡിയോ തൊറാസിക് വാസ്കുലാർ സർജറി എന്നീ 6 വകുപ്പുകളിൽ സ്ഥിര ഡോക്ടർ തസ്തിക പോലുമില്ലാത്തത് ഗൗരവതരമാണ്.
ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ ജില്ലക്ക് അകത്തും പുറത്തുമായി സാധാരണക്കാർ ആശ്രയിക്കുന്ന കേന്ദ്രമാണ് എറണാകുളം ജനറൽ ആശുപത്രി. ആരോഗ്യവകുപ്പ് ഇടപെട്ട് തസ്തികകളിലേക്ക് സ്ഥിരനിയമനം നടത്തണമെന്ന ആവശ്യം ആശുപത്രി ജീവനക്കാരും ഉയർത്തുന്നു.