മരിക്കുന്നതിന് മുൻപ് ഭാര്യയെയും രണ്ട് മക്കളെയും തരുൺ മറ്റൊരു മുറിയിൽ പൂട്ടിയിട്ടിരുന്നു
ഉത്തർപ്രദേശ് ഝാൻസി ജില്ലയിൽ തൊഴിൽ സമ്മർദ്ദം താങ്ങാനാകാതെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. ബജാജ് ഫിനാൻസ് ഏരിയ മാനേജറായ 42കാരൻ തരുൺ സക്സേനയാണ് ജോലി സമ്മർദ്ദം താങ്ങാനാകാതെ ആത്മഹത്യ ചെയ്തത്. സീനിയർ ജീവനക്കാർ കഴിഞ്ഞ രണ്ട് മാസങ്ങളായി ടാർഗറ്റ് തികയ്ക്കുന്നതിനായി സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും, ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും തരുൺ സക്സേനയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. എന്നാൽ, ബജാജ് ഫിനാൻസ് ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇന്ന് രാവിലെയാണ് വീട്ടിലെ സഹായി തരുൺ സക്സേനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് ഭാര്യയെയും രണ്ട് മക്കളെയും തരുൺ മറ്റൊരു മുറിയിൽ പൂട്ടിയിട്ടിരുന്നു.
ALSO READ: ജോലി സമ്മർദം: വൈക്കത്ത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ കാണാനില്ല
താൻ ഒരുപാട് ശ്രമിച്ചിട്ടും ടാർഗറ്റ് തികയ്ക്കുന്നതിൽ വലിയ ബുദ്ധിമുട്ടനുഭവിച്ചിരുന്നു, അതിനെ തുടർന്ന് വലിയ സമ്മർദ്ദമുണ്ടായിരുന്നുവെന്നും തരുൺ സക്സേന ഭാര്യയ്ക്ക് എഴുതിയ കുറിപ്പിൽ പറയുന്നു. ജോലി നഷ്ടപ്പെടുമോ എന്ന് പേടി തോന്നിയിരുന്നു. സീനിയർ ഉദ്യോഗസ്ഥർ നിരന്തരം അപമാനിച്ചു. എനിക്ക് ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോൾ പേടിയാണ്. ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 45 ദിവസമായി ഉറക്കവും വിശപ്പുമില്ല. സീനിയർ ഉദ്യോഗസ്ഥർ എങ്ങനെയെങ്കിലും ടാർഗറ്റ് തികയ്ക്കാനോ, അല്ലെങ്കിൽ ജോലി ഉപേക്ഷിക്കാനോ സമ്മർദ്ദം ചെലുത്തുന്നുവെന്നും സക്സേനയുടെ കുറിപ്പിൽ പറയുന്നുണ്ട്. സീനിയർ ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു സക്സേനയുടെ കുറിപ്പ്.
ALSO READ: ജോലിക്കിടെ ബാങ്ക് ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ചു, മരണകാരണം ജോലി സമ്മര്‍ദമെന്ന് സഹപ്രവര്‍ത്തകര്‍
ഇവൈ കമ്പനിയിലെ ജോലി സമ്മർദ്ദത്തെ തുടർന്ന് കൊച്ചി സ്വദേശിനിയായ അന്ന സെബാസ്റ്റ്യൻ മരിച്ച സംഭവം രാജ്യത്തൊട്ടാകെ വലിയ കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെയാണ് ബജാജ് ഫിനാൻസിലെ തൊഴിൽ സമ്മർദ്ദവും ഇപ്പോൾ പുറത്തുവരുന്നത്.