വിമാനത്തിന്റെ ചിറകില്‍ ഒരു പക്ഷി വന്ന് അടിച്ചുവെന്ന് മറ്റൊരു യാത്രക്കാരന്‍ കുടുംബത്തിനയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്.
ദക്ഷിണ കൊറിയയിലുണ്ടായ നടുക്കുന്ന വിമാനാപകടത്തില്‍ 177 പേർ മരിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് വിമാനത്തിലെ ഒരു യാത്രക്കാരന്‍ മൊബൈലില്‍ തന്റെ കുടുംബത്തിന് അയച്ച സന്ദേശം പുറത്തുവന്നിരിക്കുകയാണ്. 'ഞാന്‍ എന്റെ അവസാന വാക്കുകള്‍ പറയട്ടെ?' എന്നായിരുന്നു അദ്ദേഹം തന്റെ കുടുംബത്തിന് അയച്ചതെന്ന് ന്യൂസ് 1 ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമാനത്തിന്റെ ചിറകില്‍ ഒരു പക്ഷി വന്ന് അടിച്ചുവെന്ന് മറ്റൊരു യാത്രക്കാരന്‍ കുടുംബത്തിനയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്. മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടമുണ്ടായത്.
തായ്‌ലന്‍ഡില്‍ നിന്നും മടങ്ങുന്ന ജേജു എയര്‍ ഫ്‌ളൈറ്റ് 2216 ആണ് അപകടത്തില്‍പ്പെട്ടത്. 181 പേരുമായി സഞ്ചരിച്ച വിമാനം ലാന്‍ഡിങ്ങിന് തൊട്ടുമുമ്പായാണ് അപകടം ഉണ്ടായത്.
രണ്ട് പേരൊഴികെ വിമാനത്തിലുണ്ടായിരുന്ന ബാക്കിയെല്ലാവരും മരിച്ചെന്നായിരുന്നു വിവരം. എന്നാല്‍ നിലവില്‍ 177 പേര്‍ മരിച്ചതായി ദക്ഷിണ കൊറിയ ഫയര്‍ ഏജന്‍സി സ്ഥിരീകരിച്ചിരിക്കുകയാണ്.
ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ പക്ഷിക്കൂട്ടം ഇടിച്ചുണ്ടായ തകരാറായിരിക്കാം അപകട കാരണമെന്നാണ് സൂചന. ദക്ഷിണ കൊറിയന്‍ ന്യൂസ് ഏജന്‍സിയായ യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രകാരം സംഭവം നടക്കുന്ന സമയത്ത് ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടന്നതായി കേട്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞിട്ടുണ്ട്.
'വിമാനം താഴ്ന്നിറങ്ങുന്നത് കണ്ടു. ലാന്‍ഡ് ചെയ്യുകയാണെന്നാണ് വിചാരിച്ചത്. അപ്പോഴാണ് ചെറുതായി തീ കണ്ടത്. പുകപടലം ഉയരുന്നതിനോടൊപ്പം വലിയ ശബ്ദവും കേട്ടു. പിന്നാലെ വലിയ ശബ്ദത്തില്‍ തുടരെ തുടരെ സ്‌ഫോടനമുണ്ടാവുന്നതും കണ്ടു,'ദൃക്‌സാക്ഷി പറഞ്ഞു.
ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വലിയ വിമാനാപകടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം കസാഖിസ്ഥാനില്‍ അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് വീണ് 38 പേര്‍ മരിച്ചിരുന്നു. ക്രിസ്മസ് ദിനത്തില്‍ ബാക്കുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം തകര്‍ന്നു വീണത്.