ചെക്ക് മുഖേന വരവ് കാണിച്ചിരിക്കുന്ന തുക അക്കൗണ്ടിൽ ലഭിച്ചിട്ടില്ലന്ന് എൽഡിഎഫ് ആരോപിച്ചു
മുൻജീവനക്കാരൻ്റെ പെൻഷൻ ഫണ്ട് തട്ടിപ്പിന് പിന്നാലെ കോട്ടയം നഗരസഭയിൽ വീണ്ടും സാമ്പത്തിക ക്രമക്കേട് ആരോപണം. നഗരസഭയുടെ അക്കൗണ്ടുകളില്‍ 211.89 കോടി രൂപ കാണാനില്ലെന്ന് പ്രതിപക്ഷം. നഗരസഭ വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചു എന്ന് പറയുന്ന പണം അക്കൗണ്ടുകളിൽ എത്തിയിട്ടില്ലെന്നാണ് ആരോപണം.
നഗരസഭയുടെ ബാങ്ക് അക്കൗണ്ടുകളിലെ റീ കണ്‍സിലിയേഷന്‍ രേഖകള്‍ പരിശോധിച്ചതില്‍, ചെക്ക് മുഖേന വരവ് രേഖപ്പെടുത്തിയിട്ടുള്ള തുക കാണാനില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 211 കോടി 89 ലക്ഷത്തി 4,017 രൂപയുടെ കുറവാണ് ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയത്.
ഓഡിറ്റ് റിപ്പോർട്ടിലെ പരമാർശം കഴിഞ്ഞ ദിവസം കൂടിയ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ ആണ് ഉന്നയിച്ചത്. തനത് ഫണ്ടിനത്തിൽ എസ്ബിഐ, എസ്ഐബി, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ ബാങ്കുകളിൽ നിക്ഷേപിക്കേണ്ട തുകയാണ് കാണാതായത്.
വിഷയത്തിൽ എൽഡിഎഫ് പ്രവർത്തകർ നഗരസഭയിൽ പ്രതിഷേധം നടത്തിയിരുന്നു. ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടി എടുക്കും എന്നാണ് സെക്രട്ടറിയുടെ നിലപാട്. ആരോപണത്തിൽ അന്വേഷണം നടത്തുമെന്ന് നഗരസഭാ ചെയർപേഴ്‌സണും ഉറപ്പ് നൽകിയിട്ടുണ്ട്.