പ്രതിഷേധക്കാർ പൊലീസ് വാഹനങ്ങളും ബസും തീവെച്ചതായും കല്ലേറും റോഡ് ഉപരോധവും നടത്തിയതായും പൊലീസ് പറഞ്ഞു
പശ്ചിമ ബംഗാളിലെ മുസ്ലീം ഭൂരിപക്ഷമുള്ള മുർഷിദാബാദ് ജില്ലയിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധം ആക്രമാസക്തം. പ്രതിഷേധവുമായി ബന്ധപ്പെട്ട് 110 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാൾഡ, മുർഷിദാബാദ്, സൗത്ത് 24 പർഗാനാസ്, ഹൂഗ്ലി ജില്ലകളിൽ പ്രതിഷേധം വ്യാപിച്ചതായും പ്രതിഷേധക്കാർ പൊലീസ് വാഹനങ്ങളും ബസും തീവെച്ചതായും കല്ലേറും റോഡ് ഉപരോധവും നടത്തിയതായും പൊലീസ് പറഞ്ഞു.
ഈ ജില്ലകളിലെല്ലാം റെയ്ഡ് നടക്കുന്നുണ്ടെന്നും മുർഷിദാബാദിൽ മാത്രം 110 ലധികം പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് സുതിയിൽ നിന്ന് 70 ഓളം പേരെയും സംസർഗഞ്ചിൽ നിന്ന് 41 പേരെയും അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. പുതിയ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ശനിയാഴ്ച രാവിലെയും അക്രമ ബാധിത പ്രദേശങ്ങളിൽ സ്ഥിതിഗതികൾ സംഘർഷ ഭരിതമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അക്രമം ഏറ്റവും കൂടുതൽ ബാധിച്ച മുർഷിദാബാദ് ജില്ലയിൽ നിരോധന ഉത്തരവുകൾ ഏർപ്പെടുത്തുകയും ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
അതേസമയം, സുതിയിലെ കലാപത്തെ തുടർന്നുണ്ടായ പൊലീസ് വെടിവെപ്പിൽ ആൺകുട്ടിക്ക് പരിക്കേറ്റു. ഈ കുട്ടിയെ ചികിത്സയ്ക്കായി കൊൽക്കത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതലായും മുസ്ലീം ജനസംഖ്യ ഭൂരിഭാഗമുള്ള പ്രദേശത്താണ് സംഘർഷം കൂടുതലായുള്ളത്. പ്രതിഷേധക്കാരുടെ ആശങ്കകൾ അകറ്റുന്നതിനും സ്ഥിതിഗതികൾ വഷളാകുന്നത് ഒഴിവാക്കാനും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതിഷേധ രംഗത്തുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും വാർത്തകളുണ്ട്. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലായി വലിയ പ്രതിഷേധമാണ് വഖഫ് നിയമത്തിനെതിരായി ഉയരുന്നത്. വഖഫ് ഭേദഗതി നിയമം ഏപ്രിൽ എട്ട് മുതലാണ് പ്രാബല്യത്തിൽ വന്നത്.