ചോദ്യോത്തരവേളയില്‍ ചാത്തന്നൂർ എംഎല്‍എ വി. എസ്. ജയലാലിന്‍റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി
തൊഴില്‍ സമ്മർദം കാരണം EY ജീവനക്കാരിയായ അന്നാ സെബാസ്റ്റ്യൻ മരിച്ച സംഭവത്തില്‍ നിയമസഭയില്‍ പ്രതികരിച്ച് മന്ത്രി പി. രാജീവ്. കൂടുതൽ തൊഴിൽ സമ്മർദ്ദം എല്ലായിടത്തും നിലനിൽക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. കേരളത്തിലാണ് തൊഴിൽ സമ്മർദം മൂലം മരണം സംഭവിക്കുന്നതെങ്കിൽ മാധ്യമങ്ങൾ മാസങ്ങളോളം ആഘോഷിക്കുമെന്നും പി. രാജീവ് പറഞ്ഞു. ചോദ്യോത്തരവേളയില്‍ ചാത്തന്നൂർ എംഎല്‍എ വി. എസ്. ജയലാലിന്‍റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.
മനുഷ്യ ജീവന് വിലകല്‍പ്പിക്കാത്ത വിഷലിപ്തമായ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ചായിരുന്നു ജയലാലിന്‍റെ ചോദ്യം. അമിത ജോലിഭാരമാണ് മലയാളിയായ അന്നയുടെ ജീവന്‍ അപഹരിച്ചത്. ഈ പശ്ചാത്തലത്തില്‍ വ്യവസായ വികസന പരിപാടികള്‍ക്കൊപ്പം തൊഴിലെടുക്കുന്നവരുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ള നടപടിയിലേക്കും സർക്കാർ പോകുമോയെന്നും എംഎല്‍എ ചോദിച്ചു.
Also Read: ചേലക്കര ഉറപ്പിക്കാന്‍ സിപിഎം; ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പരിഗണനയിൽ ഉള്ളവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി
കേരളത്തിൽ എവിടെയെങ്കിലും അത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായാൽ സർക്കാർ ഇടപെടുമെന്നായിരുന്നു തൊഴില്‍ മന്ത്രി പി. രാജീവിന്‍റെ മറുപടി. കേരളത്തില്‍ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങളില്‍ നല്ല തൊഴില്‍ അന്തരീക്ഷം നിലനിർത്താനുള്ള സംവിധാനങ്ങള്‍ കൊണ്ടുവരാനാണ് സർക്കാരിന്‍റെ ഉദ്ദേശ്യ ലക്ഷ്യമെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു.
ജൂലൈയ് 24നാണ് ഏര്‍ണസ്റ്റ് & യങ് ഇന്‍ഡ്യ കമ്പനിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അന്നയെ പൂനെയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നയുടെ മരണകാരണം ജോലി സമ്മര്‍ദമെന്നാരോപിച്ച് അമ്മ അനിത അഗസ്റ്റിന്‍ EY കമ്പനി മേധാവി രാജീവ് മേമാനിക്ക് തുറന്ന കത്തയച്ചിരുന്നു. ഒരു മനുഷ്യന് ചെയ്യാന്‍ കഴിയുന്നതിനപ്പുറം ജോലിഭാരം നല്‍കുന്ന കമ്പനിയുടെ നിലപാട് തിരുത്തണമെന്നും ഇനി ഇത്തരം ഒരവസ്ഥ ഒരമ്മയ്ക്കും ഉണ്ടാവരുതെന്നുമാണ് കത്തില്‍ പറഞ്ഞിരുന്നത്.
ജോലി സമ്മര്‍ദവും മാനസിക പിരിമുറക്കവും കാരണം മകള്‍ ബുദ്ധിമുട്ടിയിരുന്നതായും അനിത പറയുന്നു. ഉറക്കമില്ലായ്മയും വൈകിയുള്ള ഭക്ഷണ ശീലവും മകളെ രോഗിയാക്കി, മരണവിവരമറിഞ്ഞ് സഹപ്രവര്‍ത്തകര്‍ ആരും തന്നെ അന്നയെ കാണാന്‍ എത്തിയില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് വിഷയം വാര്‍ത്തകളില്‍ ഇടം പിടിച്ചത്.