കനത്ത പൊലീസ് സുരക്ഷയിൽ നിലമ്പൂരിലെ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് അൻവറിനെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്.
പി വി അൻവർ എം എൽ എ ജയിലിൽ. നിലമ്പൂർ നോർത്ത് DFO ഓഫീസ് അടിച്ചു തകർത്തതിനും പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ജാമ്യമില്ലാ വകപ്പുകൾ ചുമത്തിയാണ് പി വി അൻവർ ഉൾപ്പെടെ 11 Dmk പ്രവർത്തകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്ത അൻവറിനെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെയും പി ശശിയുടെയും ആവശ്യ പ്രകാരമാണ് തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നതെന്നും ഇന്ന് നിലമ്പൂർ കോടതിയിൽ ജാമ്യ അപേക്ഷ സമർപ്പിക്കുമെന്നും അൻവർ പറഞ്ഞു .
അൻവറിനൊപ്പം നാല് ഡിഎംകെ പ്രവർത്തകരും അറസ്റ്റിലായിട്ടുണ്ട്. കേസിൽ അൻവറാണ് ഒന്നാം പ്രതി. അൻവർ ഉൾപ്പെടെ 11 പേരാണ് കേസിലെ പ്രതികൾ. വൻ സന്നാഹത്തോടെ വസതിയിലെത്തിയാണ് പൊലീസ് അൻവറിനെ അറസ്റ്റ് ചെയ്തത്. കനത്ത പൊലീസ് സുരക്ഷയിൽ നിലമ്പൂരിലെ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് അൻവറിനെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്.
Also Read; പി.വി. അന്വർ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡിൽ
നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ നേതൃത്വത്തിൽ 40ഓളം വരുന്ന പ്രവർത്തകർ അന്യായമായി സംഘം ചേർന്ന് നിലമ്പൂർ ഡിഎഫ്ഒ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയതായാണ് എഫ്ഐആറിൽ പറയുന്നത്. 10 ഓളം വരുന്ന ഡിഎംകെ പ്രവർത്തകർ നോർത്ത് ഡിഎഫ്ഒ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയെന്നും തടയാൻ ശ്രമിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ തള്ളിമാറ്റുകയും ചവിട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു.
ഓഫീസിന്റെ ഫാബ്രിക്കേഷൻ ഡോർ ചവിട്ടി പൊളിച്ചും അവിടെയുണ്ടായിരുന്ന ക്ലോക്കും, ട്യൂബ് ലൈറ്റ്, കസേരകളും മേശയും ഓഫീസ് റൂമിന്റെ വാതിൽ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിച്ചും നാശനഷ്ടങ്ങൾ വരുത്തിയെന്നുമാണ് പരാതി.കരുളായി ഫോറസ്റ്റ് റേഞ്ചിലെ മാഞ്ചീരി വനത്തിൽ ആനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അൻവറിൻ്റെ ഡിഎംകെ പാർട്ടി ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കുന്നതിനിടെയാണ് അക്രമസംഭവങ്ങളുണ്ടായത്.