പഞ്ചാബിലെ ആം ആദ്മി പാർട്ടി നേതാവായ ദാവിന്ദർ സൈനിയുടെ മകളാണ് മരിച്ചത്.
കാനഡയിലെ ഒട്ടാവയിൽ 21കാരിയായ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ഒട്ടാവ ബീച്ചിനടുത്ത് നിന്നാണ് വൻഷിക സൈനിയുടെ മൃതദേഹം ലഭിച്ചത്. ഇവരെ ഏപ്രിൽ 22 മുതൽ വാടക വീട്ടിൽ നിന്നും കാണാതായിരുന്നു. പഞ്ചാബിലെ ആം ആദ്മി പാർട്ടി നേതാവായ ദാവിന്ദർ സൈനിയുടെ മകളാണ് മരിച്ചത്.
ഇക്കഴിഞ്ഞ ഏപ്രിൽ 25നാണ് മകളെ കാണാതായെന്ന വിവരം കുടുംബം അറിഞ്ഞത്. വൻഷികയുടെ സുഹൃത്താണ് ഇവരെ കാണാനില്ലെന്ന് കുടുംബത്തെ അറിയിച്ചത്. തുടർന്നാണ് പിതാവ് പൊലീസിനെ സമീപിച്ചതും ഒട്ടാവയിലെ എംബസി മുഖേന അധികൃതർക്ക് പരാതി കൈമാറിയതും.
ലഭിക്കുന്ന വിവരമനുസരിച്ച് വൻഷികയുടെ പോസ്റ്റ്മോർട്ടം നടത്തിയെന്നും റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പിതാവ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം വൈകാതെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പിതാവ് അറിയിച്ചു. എപ്രിൽ 22നാണ് വൻഷിക അവസാനമായി കുടുംബത്തോട് ഫോണിലൂടെ സംസാരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.
ALSO READ: കാനഡ ഫെഡറൽ തെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകള്‍ ലിബറല്‍ പാർട്ടിക്ക് അനുകൂലം
ചണ്ഡീഗഡിനടുത്തുള്ള ദേര ബസി എന്ന സ്ഥലത്താണ് വൻഷികയുടെ വീട്. രണ്ട് വർഷത്തെ ഹെൽത്ത് സ്റ്റഡീസ് ഡിഗ്രി പഠനത്തിനായാണ് അവൾ കാനഡയിലേക്ക് പോയത്. കാനഡയിലെ ഒരു സ്വകാര്യ ക്ലിനിക്കിലും മറ്റൊരു കോൾ സെൻ്ററിലുമായി ജോലി ചെയ്തിരുന്നുവെന്നാണ് വിവരം. ജോലിക്കായി പോയ വൻഷിക പിന്നീട് വാടക വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് സുഹൃത്തുക്കളാണ് കുടുംബത്തെ അറിയിച്ചത്.