സംസ്ഥാനത്തെ ലോഡ് ഷെഡിങ് നിർത്തലാക്കിയെന്നും വ്യവസായ മേഖലയ്ക്ക് ഗുണമേന്മയുള്ള വൈദ്യുതി നൽകാൻ കഴിഞ്ഞെന്നും കോട്ടയത്ത് നടന്ന പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളം സ്റ്റാർട്ടപ്പുകളുടെ പറുദീസയാണെന്നും കേന്ദ്രത്തിൻ്റെ ഞെരുക്കലിനെ മറികടന്ന് സംസ്ഥാനത്തിന്റെ തനത് വരുമാനം 3 വർഷം കൊണ്ട് ഇരട്ടിയായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടിയുടെ ഭാഗമായി കോട്ടയത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തെരഞ്ഞെടുക്കപ്പെട്ട പൗരപ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ചയും നടത്തി.
സംസ്ഥാനത്ത് നിലവിലുള്ള സ്റ്റാർട്ടപ്പുകളുടെ എണ്ണം 6300. അടുത്ത വർഷത്തോടെ ഇത് 15,000 ആകുമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് വികസനം ഉണ്ടാവരുതെന്ന ചിലരുടെ മനോഭാവത്തെ അതിജീവിച്ചും കേന്ദ്രത്തിന്റെ ഞെരുക്കലിനെ മറികടന്നും തനത് വരുമാനം മൂന്നു വർഷം കൊണ്ട് ഇരട്ടിയാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
ഐടി മേഖലയിൽ തൊഴിൽ അവസരങ്ങൾ വർദ്ധിച്ചു. കാർഷിക വ്യവസായ മേഖലകളിൽ പ്രകടമായ വളർച്ചയുണ്ടായി. സംസ്ഥാനത്തെ ലോഡ് ഷെഡിങ് നിർത്തലാക്കിയെന്നും വ്യവസായ മേഖലയ്ക്ക് ഗുണമേന്മയുള്ള വൈദ്യുതി നൽകാൻ കഴിഞ്ഞെന്നും കോട്ടയത്ത് നടന്ന പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്റർനാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും മൂന്ന് സയൻസ് പാർക്കുകളും ഉടൻ പൂർത്തിയാക്കുമെന്നും അറിയിച്ചു.
കോട്ടയം ആൻസ് കൺവെൻഷൻ സെന്ററിൽ നടന്ന കൂടിക്കാഴ്ചയിൽ സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, ട്രേഡ് യൂണിയൻ-തൊഴിലാളികൾ, യുവജനങ്ങൾ, വിദ്യാർഥികൾ, സാംസ്‌കാരിക-കായിക രംഗത്തെ പ്രതിഭകൾ, പ്രഫഷണലുകൾ തുടങ്ങിയവരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി. കോട്ടയം നാഗമ്പടം മൈതാനത്ത് സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദർശന വിപണന മേള തുടരുകയാണ്.