പേരിടാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും പേരിട്ടത് മാറ്റാനല്ലെന്ന് ബിജെപിയും തിരിച്ചടിച്ചതോടെ പ്രശ്നം കൂടുതൽ വഷളാവുകയായിരുന്നു.
പാലക്കാട് നഗരസഭയിൽ ബിജെപി-പ്രതിപക്ഷ കൗൺസിലർമാർ ഏറ്റുമുട്ടി. ബഡ്‌സ് സ്കൂളിന് ഹെഡ്ഗേവാറിൻ്റെ പേരിടുന്നതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. പാലക്കാടിനെ അപമാനിച്ച ബിജെപി മാപ്പ് പറയണമെന്നാവശ്യപ്പെട്ടു കൊണ്ട് പ്ലക്കാർഡ് ഉയർത്തിയാണ് പ്രതിപക്ഷ കൗൺസിലർമാർ ആദ്യം പ്രതിഷേധിച്ചത്. പിന്നീട് പ്രതിഷേധത്തിൻ്റെ സ്വഭാവം മാറുകയും ബിജെപി കൗൺസിലറുമായി പ്രതിപക്ഷം കയ്യാങ്കളിയിലെത്തുകയും ചെയ്യുകയായിരുന്നു.
ഹെഡ്ഗേവാറിൻ്റെ പേരിടാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറില്ലെന്ന് നഗരസഭാ അധ്യക്ഷ അറിയിച്ചതോടെയാണ് പ്രതിപക്ഷ കൗൺസിലർമാർ ഏറ്റുമുട്ടാൻ തുടങ്ങിയത്. പേരിടാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും പേരിട്ടത് മാറ്റാനല്ലെന്ന് ബിജെപിയും തിരിച്ചടിച്ചതോടെ പ്രശ്നം കൂടുതൽ വഷളാവുകയായിരുന്നു. സിപിഐഎം കൗൺസിലർ സലീന, കോൺഗ്രസ് കൗൺസിലർ മൻസൂർ എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. ഹെഡ്ഗേവാറിൻ്റെ പേരിടാനുള്ള തീരുമാനത്തെ നിയമപരമായി നേരിടുമെന്നും, പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷം അറിയിച്ചു.