ടെമ്പോ ട്രാവലര്‍ കുത്തി മറിക്കാനാണ് ആന ശ്രമിച്ചത്. ഈ സമയം വാഹനത്തില്‍ ആറോളം പേർ ഉണ്ടായിരുന്നു.
ഇടുക്കിയില്‍ വീണ്ടും കാട്ടു കൊമ്പന്‍ പടയപ്പയുടെ ആക്രമണം. മൂന്നാര്‍ രാജമല എട്ടാം മൈലിൽ നിർത്തിയിട്ടിരുന്ന വാഹനം തകര്‍ത്തു. സിനിമാ ചിത്രീകരണത്തിനായി എത്തിയ ടെമ്പോ ട്രാവലറാണ് തകര്‍ത്തത്.
രാത്രി പത്ത് മണിയോടുകൂടിയാണ് പടയപ്പ കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ നിർത്തിയിട്ട വാഹനം ആക്രമിച്ചത്. പടയപ്പ മദപ്പാടിലാണെന്ന് വനംവകുപ്പ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ടെമ്പോ ട്രാവലര്‍ കുത്തി മറിക്കാനാണ് ആന ശ്രമിച്ചത്. ഈ സമയം വാഹനത്തില്‍ ആറോളം പേർ ഉണ്ടായിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വാഹനത്തിന്റെ ചില്ലുള്‍പ്പെടെ പൊട്ടിയിട്ടുണ്ട്. വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞു.
ALSO READ: മൂന്ന് വയസുകാരിയുടെ കൈപിടിച്ച് തിരിച്ച അങ്കണവാടി ടീച്ചര്‍ക്ക് സസ്‌പെന്‍ഷന്‍
വാഹനത്തിലുണ്ടായിരുന്നവർ ബഹളം വെക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്തതോടെയാണ് ആന ആക്രമണത്തില്‍ നിന്ന് പിന്‍വാങ്ങിയത്. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
പടയപ്പയ്ക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ മദപ്പാട് ഉണ്ടായിരുന്നു. ഇത്തവണയും ഫെബ്രുവരി മാസത്തോട് അടുത്ത് പടയപ്പയ്ക്ക് മദപ്പാട് ഉണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ആനയുടെ ഇടത് ചെവിയുടെ സമീപത്താണ് മദപ്പാട് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും പടയപ്പ ചില ആക്രമണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. പടയപ്പയെ നിരീക്ഷിക്കുന്നതിനായി രണ്ട് വാച്ചര്‍മാരെ നിയോഗിച്ചിരുന്നു. ഇവര്‍ പടയപ്പയെ നിരീക്ഷിച്ച് വരുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം മറ്റൊരു കൊമ്പനാനയുടെ ആക്രമണത്തില്‍ പടയപ്പക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചെവിയുടെ ഭാഗത്ത് നിന്ന് രക്തം വരുന്ന നിലയില്‍ തൊഴിലാളികളാണ് ആനയെ കണ്ടത്.