കണ്ണൂരിൽ താമസിക്കുകയായിരുന്ന ഖമറുന്നീസ 2022-ലാണ് വടകരയിൽ എത്തിയത്. അസ്മ ചൊക്ലിയിലാണ് താമസം. 2024-ൽ വിസയുടെ കാലാവധി കഴിഞ്ഞതിനാൽ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് ഇരുവരും പറയുന്നത്.
കോഴിക്കോട് താമസിക്കുന്ന പാക് പൗരത്വമുള്ള മൂന്നുപേർക്ക് രാജ്യം വിടാൻ പൊലീസ് നോട്ടീസ് നൽകിയിരിക്കുകയാണ്.രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തുള്ള പാക് പൗരന്മാർ മടങ്ങിപ്പോകണമെന്ന കേന്ദ്ര തീരുമാനത്തിൻ്റെ കൊയിലാണ്ടി സ്വദേശി പുത്തൻ വളപ്പിൽ ഹംസക്കും, വടകര സ്വദേശികളായ രണ്ട് പേർക്കുമാണ് നോട്ടീസ് ലഭിച്ചത്. സ്വന്തം രാജ്യത്തു നിന്ന് പുറത്തു പോകേണ്ടി വരുമെന്ന ആശങ്കയോടെയാണ് ഇപ്പോൾ ഇവർ ജീവിക്കുന്നത്. താൻ ജനിച്ചുവളർന്നതും പഠിച്ചതും, കുടുംബവുമെല്ലാം ഈ നാട്ടിലെന്നും, കുടംബത്തെ സംക്ഷിക്കാൻ ജോലി തേടിയാണ് പാകിസ്ഥാനിലേക്ക് പോയതെന്നും വേദനയോടെ പറയുകയാണ് ഹംസ.
1965 ൽ പത്തൊമ്പതാമത്തെ വയസിലാണ് ഹംസ കൽക്കത്ത വഴി കിഴക്കൻ പാകിസ്ഥാനിലേക്ക് ജോലി തേടി പോകുന്നത്. ഏജൻ്റ് മുഖേന ആദ്യം ബംഗ്ലാദേശിൻ്റെ തലസ്ഥാനമായ ധാക്കയിലെത്തിയ ഹംസ പിന്നീട് കറാച്ചിയിലുള്ള സഹോദരൻ്റെ അടുത്തേക്ക് പോയി. കറാച്ചിയിൽ കട നടത്തിയിരുന്ന സഹോദരൻ്റെ കൂടെയായിരുന്നു ഹംസ ജോലി ചെയ്തത്. പിന്നീട് കറാച്ചിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ലഭിക്കുകയും ചെയ്തു.
1971 ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധത്തിനുശേഷം 1972ൽ നാട്ടിലേക്ക് വരാൻ പാസ്പോർട്ട് ആവശ്യമായി വന്നപ്പോഴാണ് ഹംസ പാക് പൗരത്വം സ്വീകരിച്ചത്. 2007ൽ കച്ചവടം അവസാനിപ്പിച്ച് കേരളത്തിൽ എത്തിയ ഹംസ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകിയെങ്കിലും അപേക്ഷ ലഭിച്ചു എന്ന മറുപടി മാത്രമാണ് ഹംസയ്ക്ക് ലഭിച്ചത്.
Also Read;'നാളെ രാജ്യം വിടണം, ഇല്ലെങ്കിൽ നിയമനടപടി'; പാകിസ്ഥാൻ പൗരത്വമുള്ള 3 കോഴിക്കോട് സ്വദേശികൾക്ക് നോട്ടീസ്
നല്ലൊരു വരുമാനമുള്ള ജോലി നേടികുടുംബത്തെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യം മാത്രമേ അന്ന് ഹംസക്കുണ്ടായിരുന്നുള്ളൂ. കൊയിലാണ്ടി ഗവൺമെൻ്റ് മാപ്പിള ഹൈസ്കൂളിൽ എന്നാണ് ഹംസ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2007 ൽ പാകിസ്ഥാനിൽ നിന്നും തിരിച്ചെത്തിയ ഹംസ കഴിഞ്ഞ 18 വർഷമായി കുടുംബത്തോടൊപ്പം കൊയിലാണ്ടിയിലാണ് കഴിയുന്നത്. ഭീകരാക്രമണത്തെ തുടർന്ന് 27 നകം ഇന്ത്യ വിടണമെന്ന് കൊയിലാണ്ടി പൊലീസിൻ്റെ നോട്ടീസ് കിട്ടിയതു മുതൽ ഹംസയും കുടുംബവും ആശങ്കയിലാണ്.
വടകര വൈക്കിലിശ്ശേരിയിൽ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവർക്കും രാജ്യം വിടാൻ നോട്ടീസ് ലഭിച്ചു. കറാച്ചിയിൽ കച്ചവടം നടത്തിയിരുന്ന ഇവരുടെ കുടുംബം പിതാവ് മരിച്ച ശേഷം 1993-ലാണ് കേരളത്തിൽ എത്തിയത്. കണ്ണൂരിൽ താമസിക്കുകയായിരുന്ന ഖമറുന്നീസ 2022-ലാണ് വടകരയിൽ എത്തിയത്. അസ്മ ചൊക്ലിയിലാണ് താമസം. 2024-ൽ വിസയുടെ കാലാവധി കഴിഞ്ഞതിനാൽ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് ഇരുവരും പറയുന്നത്.
വ്യാപാരം, വിവാഹം ഉൾപ്പടെയുള്ള കാരണങ്ങളാൽ പാക് പൗരത്വം നേടിയ മലയാളികളാണ് ഇവർ മൂന്നുപേരും. മതിയായ രേഖകൾ ഇല്ലാതെ ഇന്ത്യയിൽ താമസിക്കുന്നതിനാൽ ഞായറാഴ്ചക്കുള്ളിൽ രാജ്യം വിട്ടുപോകണമെന്ന് കാണിച്ചാണ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. ജീവിത സാഹചര്യങ്ങൾ കൊണ്ട് മറ്റൊരു രാജ്യത്ത് ജീവിക്കേണ്ടി വന്നെങ്കിലും ഏറെ ആശ്വാസത്തോടെ സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തിയ ഈ മനുഷ്യർ ഇന്ന് ഏറെ ആശങ്കയോടെയാണ് മുന്നോട്ട് നോക്കുന്നത്.