fbwpx
SPOTLIGHT| പുതിയ മാര്‍പാപ്പ എവിടെ നിന്ന്?
logo

ന്യൂസ് ഡെസ്ക്

Posted : 27 Apr, 2025 09:21 AM

പുതിയ മാര്‍പാപ്പയ്ക്കായി കാത്തിരിക്കുന്നതു ക്രൈസ്തവര്‍ മാത്രമല്ല. ഈ ലോകം തന്നെയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തു പകര്‍ന്ന വെളിച്ചമാണ് ആ കാത്തിരിപ്പിന്റെ കാരണം

WORLD


ഇത്തവണയും യൂറോപ്പിന് പുറത്തു നിന്ന് ഒരു മാര്‍പാപ്പ വരുമോ? അങ്ങനെ വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് സഭയുടെ കണക്കുകള്‍ കാണിക്കുന്നത്. കത്തോലിക്ക വിശ്വാസികളില്‍ യൂറോപ്പിനെ മറികടന്ന് മറ്റു പ്രദേശങ്ങള്‍ മുന്നിലെത്തിയതാണ് കാരണം. 100 വര്‍ഷം മുന്‍പ് 1910 ല്‍ മൊത്തം കത്തോലിക്കരില്‍ 65 ശതമാനവും യൂറോപ്പിലായിരുന്നു. ഇപ്പോള്‍ 20 ശതമാനം മാത്രമാണ് യൂറോപ്പിലുള്ളത്. ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് കഴിഞ്ഞ തവണ ഫ്രാന്‍സിസ് മാര്‍പാപ്പ വന്നതു പോലെ ഒരിക്കല്‍ കൂടി അങ്ങനെ ഒരു തീരുമാനം വന്നാലും അത്ഭുതപ്പെടേണ്ടതില്ല. ക്രൈസ്തവരുടെ എണ്ണത്തില്‍ മൂന്ന് ദശാംശം മൂന്നു ശതമാനം വളര്‍ച്ചയുള്ള ആഫ്രിക്കയില്‍ നിന്ന് ഒരു മാര്‍പാപ്പ വന്നുകൂടായ്കയില്ല. യൂറോപ്പില്‍ ക്രൈസ്തവരുടെ എണ്ണത്തില്‍ ദശാംശം രണ്ടു ശതമാനം മാത്രമാണ് വളര്‍ച്ച. ഏഷ്യയില്‍ ദശാംശം ആറു ശതമാനവും.


പുതിയ മാര്‍പാപ്പയ്ക്കായി കാത്ത് ലോകം


പുതിയ മാര്‍പാപ്പയ്ക്കായി കാത്തിരിക്കുന്നതു ക്രൈസ്തവര്‍ മാത്രമല്ല. ഈ ലോകം തന്നെയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തു പകര്‍ന്ന വെളിച്ചമാണ് ആ കാത്തിരിപ്പിന്റെ കാരണം. ഇത്രയും പൊളിറ്റിക്കലി കറക്ടായ, തത്വശാസ്ത്രപരമായി സത്യസന്ധമായ, നിലപാടുകളുള്ള മറ്റൊരു ലോകനേതാവും ഉണ്ടായിരുന്നില്ല. എല്ലാവര്‍ക്കും യോജിക്കാവുന്ന നയപരിസരമായിരുന്നു ഫ്രാന്‍സിസ് പാപ്പയുടേത്. ഇനി വരുന്ന മാര്‍പാപ്പ ഏതു രാജ്യത്തു നിന്നായാലും, ഏതു ദേശത്തു നിന്നായാലും, ആ തെളിച്ചം മങ്ങുക അസാധ്യമാണ്. അത്രയേറെ വ്യക്തവും ആകര്‍കവുമായ ഒരു ആഗോള കവചമാണ് ഫ്രാന്‍സിസ് പാപ്പ സൃഷ്ടിച്ചു നല്‍കിയത്. സഭയെ പൂര്‍ണമായും നവജനാധിപത്യം ആഗ്രഹിക്കുന്ന രീതിയിലേക്കു മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. എന്നാല്‍ യുവചിന്തകളാണ് ശരിയെന്നു പറയുന്ന ഒരു മാര്‍പാപ്പയാണ് ഉണ്ടായിരുന്നത്. എല്‍ജിബിടിക്യു, ഗര്‍ഭഛിദ്ര വിഷയങ്ങളിലൊക്കെ സഭയുടെ നിലപാടിനോട് വിയോജിക്കുന്നതാണ് നവീന ചിന്തകള്‍. സഭ തിരുത്തിയില്ലെങ്കിലും അപ്പുറത്തു ശരിയുണ്ട് എന്ന ചിന്ത ചില വാക്കുകള്‍ കൊണ്ടു വിശ്വാസികളിലേക്കു കൈമാറിയാണ് ഫ്രാന്‍സിസ് പാപ്പ വിടവാങ്ങിയത്. വൈദികര്‍ പീഡനങ്ങളില്‍ പ്രതികളാകുമ്പോള്‍ മാപ്പു പറഞ്ഞാല്‍, സഭ കുറ്റക്കാരാകും എന്ന ചിന്തയായിരുന്നു ഒരു പതിറ്റാണ്ടു മുന്‍പു വരെ ഉണ്ടായിരുന്നത്. നൂറ്റാണ്ടുകളായി തുടരുന്ന ആ കൊടിയ അനീതിയില്‍ മാപ്പു ചോദിച്ചത് ഫ്രാന്‍സിസ് പാപ്പയാണ്. അതോടെ സഭ കളങ്കപ്പെടുകയല്ല ചെയ്തത്, കൂടുതല്‍ വെളിച്ചമേകുകയായിരുന്നു. സഭയിലുള്ള വിശ്വാസമാണ് പലമടങ്ങ് ഇരട്ടിയായത്.



Also Read: അസാധാരണനായ മഹാ ഇടയന് വിട; മറക്കില്ല ലോകം പോപ്പ് ഫ്രാന്‍സിസിനെ...



ഇനി വരുന്ന പാപ്പയ്ക്കു മുന്നില്‍


പുതിയ മാര്‍പാപ്പയ്ക്ക് പഴയ സഭയുടെ കര്‍ശന നിയമങ്ങളുമായി ഇനി മുന്നോട്ടുപോകാന്‍ കഴിയില്ല. പത്തുവര്‍ഷംകൊണ്ട് നൂറുവര്‍ഷത്തെ സഭയെ എങ്കിലും നവീകരിച്ചാണ് ഫ്രാന്‍സിസ് പാപ്പ മടങ്ങിയത്. ആ യാത്രയ്ക്കാണ് നിത്യത എന്നു പറയുന്നത്. ഇതുവരെയുള്ള മാര്‍പാപ്പമാരുടെ എണ്ണമെടുത്താല്‍ ചില പൊരുത്തങ്ങളറിയാം. 266 മാര്‍പാപ്പമാരില്‍ 217 പേരും ഇറ്റലിയില്‍ നിന്നുള്ളവരായിരുന്നു. ഇറ്റലിക്കു പുറത്തു നിന്ന് 49 പാപ്പമാര്‍ മാത്രമാണ് ഉണ്ടായത്. അതില്‍ 16 പേരും ഫ്രാന്‍സില്‍ നിന്ന്. ആറുപേര്‍ ജര്‍മനിയില്‍ നിന്നും അഞ്ചുപേര്‍ സിറിയയില്‍ നിന്നും. നാലുപേര്‍ ഗ്രീക്കുകാര്‍ ആയിരുന്നു. ഈ കാലത്തിനിടയ്ക്ക് ഇംഗ്ലണ്ടില്‍ നിന്നു പോലും ഒരാള്‍ മാത്രമാണ് മാര്‍പാപ്പയായത്. എന്നും യൂറോപ്പിനായിരുന്നു മുന്‍തൂക്കം എന്നു പറയുമ്പോഴും ഇറ്റലിക്കായിരുന്നു എന്നു തിരുത്തുന്നതാണ് കൂടുതല്‍ ശരി. സഭയുടെ ആ രാഷ്ട്രീയ കാലാവസ്ഥ തന്നെ മാറിയ പതിറ്റാണ്ടാണ് കടന്നുപോയത്. റോമിന് പുറത്തു നിന്ന് നിരവധി കര്‍ദിനാള്‍മാര്‍ സഭയുടെ ഭരണത്തിലേക്കു കടന്നുവന്നു. ഏഷ്യയില്‍ നിന്നു മാത്രമല്ല, ഇന്ത്യയില്‍ നിന്നുള്ളവരും വത്തിക്കാനിലെ നേതൃത്വത്തിലെത്തി. സഭയില്‍ എല്ലാ ഭാഗത്തുനിന്നുമുള്ള പ്രാതിനിധ്യം വന്നതിന്റെ കൂടി സൂചനയായിരുന്നു കോഴിക്കോട് അതിരൂപതാ പ്രഖ്യാപനം. എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഇടപെടാന്‍ വത്തിക്കാന്റെ പ്രതിനിധി എത്തിയതും, ഭൂമിപ്രശ്‌നത്തില്‍ ആരോപണവിധേയനായ കര്‍ദിനാളിനെ മാറ്റിയതും, കന്യാസ്ത്രീമാരുടെ പരാതിയില്‍ ബിഷപ്പിനെതിരേ നടപടി എടുത്തതുമെല്ലാം, സഭ യൂറോപ്പിന് പുറത്തും ശ്രദ്ധ നല്‍കുന്നതിന്റെ ഭാഗമായിരുന്നു.


എന്തുകൊണ്ട് മാര്‍പാപ്പയെ കാത്തിരിക്കുന്നു?


2023ലെ കണക്ക് അനുസരിച്ച് ലോകത്ത് 140 കോടി കത്തോലിക്കരുണ്ട്. തെക്കെ അമേരിക്കയിലും മധ്യ അമേരിക്കയിലുമായി 41 ശതമാനം, ആഫ്രിക്കയില്‍ 20 ശതമാനം, ഏഷ്യയില്‍ 11 ശതമാനം. ഇതു കഴിഞ്ഞാല്‍ 20 ശതമാനം യൂറോപ്പില്‍. വടക്കെ അമേരിക്കയില്‍ ആറര ശതമാനത്തിലേറെയും വരും. യൂറോപ്പിന് പുറത്തു നിന്ന് മാര്‍പ്പാപ്പ വന്നപ്പോള്‍ കഴിഞ്ഞതവണ അത് ലാറ്റിന്‍ അമേരിക്ക അഥവാ തെക്കേ അമേരിക്കയില്‍ നിന്നായത് സ്വാഭാവികമാണ്. ലോകത്തെ കത്തോലിക്കരുടെ മൂന്നില്‍ രണ്ടിലേറെയും തെക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലുമായാണ്. ഏഷ്യയില്‍ നിന്നു പുതിയ പാപ്പ വരുമോ എന്നു ചോദിച്ചാല്‍ പെട്ടെന്ന് ഒരുത്തരം സാധ്യമല്ല. ഏഷ്യയേക്കാള്‍ കൂടുതല്‍ കത്തോലിക്കരുള്ളത് ആഫ്രിക്കയിലാണ്. 20 ശതമാനം കത്തോലിക്കരും അവിടെയാണ് ജീവിക്കുന്നത്. മേഖല തിരിച്ചല്ല മാര്‍പാപ്പമാരെ തീരുമാനിക്കുന്നത്. ഏതെങ്കിലും പ്രത്യേക മേഖലകളില്‍ നിന്നു വേണം എന്നു തീരുമാനിച്ചതിന്റെ ഫലമായല്ല ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തതും. കത്തോലിക്കരുടെ എണ്ണം കൂടുതലുള്ള മേഖലയില്‍ നിന്ന് കര്‍ദിനാള്‍മാരും സ്വാഭാവികമായി കൂടുതല്‍ ഉണ്ടാകും. നേതൃപരമായി മികവുള്ളവര്‍ അവരില്‍ നിന്നു മുന്നോട്ടുവരാനുള്ള സാധ്യതയും കൂടുതലാണ്. 100 വര്‍ഷം മുന്‍പുണ്ടായിരുന്ന സഭയിലെ ഇറ്റലിയുടെ ആധിപത്യം ഇപ്പോഴില്ല. സഭ യൂറോപ്പിന് പുറത്തേക്കു പന്തലിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ലോകം മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു പാപ്പയ്ക്കായാണ് വിശ്വാസികള്‍ കാത്തിരിക്കുന്നത്.


പുതിയ പാപ്പയുടെ മുന്നിലുള്ള സഭ




1910ലെ വത്തിക്കാന്‍ കണക്കനുസരിച്ച് കത്തോലിക്കരില്‍ 65 ശതമാനവും യൂറോപ്പിലായിരുന്നു. ലാറ്റിന്‍ അമേരിക്കയില്‍ 24 ശതമാനവും. ശേഷിക്കുന്ന രാജ്യങ്ങളിലെല്ലാമായി 11 ശതമാനം മാത്രമായിരുന്നു കത്തോലിക്കരുടെ അംഗ സംഖ്യ. അതുകൊണ്ടുതന്നെ സഭയുടെ തീരുമാനങ്ങളെല്ലാം യൂറോപ്പ് കേന്ദ്രീകരിച്ചായിരുന്നു. സഭയ്ക്കു രാഷ്ട്രീയം ഇല്ലെങ്കിലും നയപരമായ പ്രഖ്യാപനങ്ങളൊക്കെ യൂറോപ്പിന് അനുകൂലമാണെന്നു വ്യാഖ്യാനിക്കപ്പെട്ടു. മറ്റു മേഖലകളിലേക്കൊന്നും ശ്രദ്ധ എത്തുന്നില്ലെന്ന് പരിഭവങ്ങളുണ്ടായി. ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യയിലെത്തിയത് രണ്ടു മാര്‍പ്പാപ്പമാര്‍ മാത്രമാണ്. 1964ല്‍ മുംബൈയില്‍ വന്ന പോള്‍ നാലാമനും 1986ലും 1999ലും രാജ്യത്തു വന്ന ജോണ്‍ പോള്‍ രണ്ടാമനും. 1986ലെ സന്ദര്‍ശനത്തിലാണ് ജോണ്‍പോള്‍ രണ്ടാമന്‍ കേരളത്തിലും വന്നത്. മ്യാന്‍മാറിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും വന്നുപോയെങ്കിലും ഫ്രാന്‍സിസ് പാപ്പയുടെ ഇന്ത്യയിലേക്കുള്ള വരവ് മാത്രം യാഥാര്‍ത്ഥ്യമായില്ല. യുദ്ധങ്ങളിലും നയതന്ത്രത്തിലും ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ച ഒരു രീതിയുണ്ട്. ഏതു മാനദണ്ഡം വച്ച് അളന്നാലും ആര്‍ക്കും തെറ്റു കണ്ടെത്താന്‍ കഴിയാത്ത നയങ്ങളായിരുന്നു അവ. കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമാകുന്ന സാഹചര്യങ്ങളില്‍ സമ്പൂര്‍ണ രാഷ്ട്രീയ ശരിയുടെ മാര്‍പാപ്പയെയാണ് ലോകം കാത്തിരിക്കുന്നത്. വത്തിക്കാനില്‍ നിന്നുള്ള ആ വെള്ളപ്പുകയ്ക്കായി കത്തോലിക്കര്‍ മാത്രമല്ല, മുഴുവന്‍ ലോകവും ആകാംക്ഷ കൊള്ളുകയാണ്. വിശ്വാസം ഏതാണെങ്കിലും ഓരോരുത്തരിലുമുണ്ട് ആ പ്രതീക്ഷയുടെ തിളക്കം.

Also Read
user
Share This

Popular

KERALA
KERALA
വീണ്ടും ജീവനെടുത്ത് കാട്ടാന; അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ 60കാരൻ മരിച്ചു