പഹൽഗാം ഭീകാരാക്രമണത്തിന് പിന്നാലെ അതിർത്തിയിൽ പാക് പ്രകോപനം തുടരുകയാണ്
കശ്മീരിലെ കുപ്‌വാരയിലുണ്ടായ വെടിവെപ്പിൽ സാമൂഹിക പ്രവർത്തകൻ കൊല്ലപ്പെട്ടു. ഗുലാം റസൂൽ മാഗ്രെ(45) ആണ് കൊല്ലപ്പെട്ടത്. പിന്നിൽ ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കാണ്ടി ഖാസ് പ്രദേശത്തെ വീടിനുള്ളിൽ വെച്ചാണ് ഗുലാം റസൂൽ മഗ്രേ ആക്രമിക്കപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
പഹൽഗാം ഭീകാരാക്രമണത്തിന് പിന്നാലെ അതിർത്തിയിൽ പാക് പ്രകോപനം തുടരുകയാണ്. അതിർത്തി കടന്നുള്ള വെടിവയ്പ്പിലൂടെ ഇന്ത്യൻ സൈനികരെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് പാക് സൈന്യം നടത്തുന്നത്. 2019 ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണമാണ് പഹൽഗാമിൽ നടന്നത്. വിനോദ സഞ്ചാരികളായ 26 പേരാണ് കൊല്ലപ്പെട്ടത്.
ALSO READ: കശ്മീരില്‍ വീട് തകര്‍ക്കല്‍ തുടരുന്നു; കുപ്‌വാരയില്‍ ഭീകരന്റെ വീട് സ്‌ഫോടനത്തില്‍ തകര്‍ത്തു
ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായി ദശാബ്ദങ്ങള്‍ പഴക്കമുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു.ഏഷ്യയിലെ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തി കടന്നുള്ള ഏക ജല പങ്കിടല്‍ കരാറാണ് സിന്ധു നദീജല കരാര്‍. പാക് കിഴക്കന്‍ മേഖലയിലെ ജല ലഭ്യതയെ ഇത് പൂര്‍ണമായി ബാധിക്കും. സിന്ധു നദീജല കരാറില്‍ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം ദൂരവ്യാപക പ്രതിസന്ധിയാണ് പാകിസ്ഥാന് നല്‍കുക. അതേസമയം, ഭീകരാക്രമണത്തിൽ ഇന്ത്യയുടെ ആരോപണങ്ങളെ തള്ളി പാകിസ്ഥാൻ പ്രമേയം പാസാക്കിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തെ പാകിസ്ഥാനുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും, അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നുമാണ് പാകിസ്ഥാൻ്റെ വാദം.
പഹൽഗാം ഭീകരാക്രമണത്തിൻ്റെ അന്വേഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎക്ക് കൈമാറിയിരുന്നു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ ഭീകരരുടെ വീട് തകര്‍ക്കൽ തുടരുകയാണ്. പ്‌വാര ജില്ലയിലെ കലാറൂസ് പ്രദേശത്തുള്ള പാക് അധിനിവേശ കശ്മീരിലെ ഫാറൂഖ് അഹമ്മദ് തദ്‌വയുടെ വീടാണ് ഏറ്റവും ഒടുവിലായി ഭരണകൂടം ബോംബ് വെച്ച് തകര്‍ത്തത്.കശ്മീരിലെ ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി നാല്‍പ്പത്തിയെട്ട് മണിക്കൂറിനിടയില്‍ ആറ് ഭീകരവാദികളുടെ വീടുകളാണ് സുരക്ഷാ സേന തകര്‍ത്തത്. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കു നേരെ നടപടി തുടരുമെന്നും അധികൃതര്‍ അറിയിച്ചു.