രണ്ട് മാസം കഴിഞ്ഞാല്‍ ഡിജിപി റാങ്കിലേക്കെത്തുമെന്നതിനാല്‍ എം.ആര്‍. അജിത്കുമാറിനെ തല്‍കാലം പരിഗണിച്ചേക്കില്ല
ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം ഡിജിപിയായതോടെ പൊലീസ് തലപ്പത്ത് അഴിച്ചുപണി. ക്രമസമാധാന ചുമതലയിലേക്ക് ആരെന്നതാണ് നിലവിലെ പ്രധാന ചര്‍ച്ച. എഡിജിപിമാരായ എച്ച്. വെങ്കിടേഷ്, എസ്. ശ്രീജിത്ത് എന്നിവരാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. രണ്ട് മാസം കഴിഞ്ഞാല്‍ ഡിജിപി റാങ്കിലേക്കെത്തുമെന്നതിനാല്‍ എം.ആര്‍. അജിത്കുമാറിനെ തല്‍കാലം പരിഗണിച്ചേക്കില്ല. അതേസമയം ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവി ഒഴിച്ചിടാനും ആലോചനയുണ്ട്.
ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റമായതോടെ മനോജ് എബ്രഹാം 30ന് ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിയും. ഡിജിപി റാങ്കിലുള്ളവര്‍ ഇരിക്കുന്ന അഗ്നിശമന സേനാ മേധാവിയായാണ് മാറ്റം. ഡിജിപി കെ. പദ്മകുമാർ വിരമിക്കുന്ന ഒഴിവിലേക്കാണ് സ്ഥാനക്കയറ്റം. ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്നായിരുന്നു മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലെത്തിയത്.
ALSO READ: കോഴിക്കോട് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി; പരിക്കേറ്റ ഒരാൾ മരിച്ചു
ലോക്നാഥ് ബെഹ്റ ഡിജിപിയായിരിക്കെ 2021ല്‍ മാത്രം രൂപീകരിച്ചതാണ് ഈ പദവി. അതിനാൽ ഒഴിച്ചിട്ടാലും കുഴപ്പമില്ല എന്നാണ് സർക്കാരിൻ്റെ ആലോചന. മാത്രമല്ല പുതിയ പൊലീസ് മേധാവി വരുന്ന ഓഗസ്റ്റ് 1ന് തലപ്പത്ത് വീണ്ടും അഴിച്ചുപണി വേണ്ടിവരും. പകരം ചുമതല നൽകുകയാണെങ്കിൽ ക്രൈംബ്രാഞ്ച് മേധാവിയായ എച്ച്. വെങ്കിടേഷിനാണ് പ്രഥമ പരിഗണന. പൊലീസ് ആസ്ഥാനത്തെ എഡിജിപിയായ എസ്. ശ്രീജിത്തും പരിഗണനയിലുണ്ട്. ഇന്‍റലിജന്‍സ് മേധാവി പി. വിജയനും സാധ്യത കൽപ്പിക്കുന്നു.