രാജ്യം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒപ്പമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു
മൻകീ ബാത്തിൽ പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. "നിങ്ങളോട് സംസാരിക്കുമ്പോൾ എൻ്റെ ഹൃദയത്തിൽ അഗാധമായ വേദനയുണ്ട്. ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണം എല്ലാ പൗരന്മാരുടെയും ഹൃദയം തകർത്തു. ഹൃദയം തകർത്ത ഭീകരർക്ക് കഠിനമായ ശിക്ഷ നൽകും", പ്രധാനമന്ത്രി പറഞ്ഞു.
ജമ്മു കശ്മീരിൻ്റെ വളർച്ച ഭീകരവാദികൾക്ക് ദഹിക്കുന്നില്ല. രാജ്യം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമാണ്. ഭീകരാക്രമണത്തിൻ്റെ ദൃശ്യങ്ങൾ കണ്ട ഓരോ പൗരനും രോഷാകുലരാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഐക്യത്തോടെ തുടരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് ആഹ്വാനം ചെയ്തു.
"ഭീകരതയ്‌ക്കെതിരായ ഈ യുദ്ധത്തിൽ നമ്മുടെ ഏറ്റവും വലിയ ശക്തിയാണ് രാജ്യത്തിന്റെ ഐക്യവും 140 കോടി ഭാരതീയരുടെ ഐക്യദാർഢ്യവും. ഭീകരതയ്‌ക്കെതിരായ നമ്മുടെ നിർണായക പോരാട്ടത്തിന്റെ അടിസ്ഥാനം ഈ ഐക്യമാണ്. രാജ്യം നേരിടുന്ന ഈ വെല്ലുവിളിയെ നേരിടാനുള്ള നമ്മുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തണം. ഒരു രാഷ്ട്രമെന്ന നിലയിൽ നാം ശക്തമായ ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ടതുണ്ട്", പ്രധാനമന്ത്രി പറഞ്ഞു.
പഹൽഗാമിലേത് ഭാരതീയരുടെ ആത്മാവിന് നേരെ ഉണ്ടായ ആക്രമണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യഘട്ടത്തിൽ പ്രതികരിച്ചിരുന്നു. എല്ലാ ഭീകരരെയും പിന്തുടർന്ന് ചെന്ന് ശിക്ഷിക്കും. സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയാത്ത ശിക്ഷയാകും ഓരോരുത്തർക്കും നൽകുകയെന്നും മോദി വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഭീകരവാദികളുടെ ദിവസം എണ്ണപ്പെട്ടെന്നും, ബാക്കിയുള്ള ഭീകരവാദികളെ കൂടി മണ്ണിൽ മൂടാൻ സമയമായെന്നും പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യയുടെ കൂടെ നില്‍ക്കുന്ന എല്ലാ രാജ്യങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചിരുന്നു. 2019 ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണമാണ് പഹൽഗാമിൽ നടന്നത്. വിനോദ സഞ്ചാരികളായ 26 പേരാണ് കൊല്ലപ്പെട്ടത്. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കു നേരെ നടപടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിൻ്റെ അന്വേഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎക്ക് കൈമാറിയിട്ടുണ്ട്.
പഹൽഗാം ഭീകാരാക്രമണത്തിന് പിന്നാലെ അതിർത്തിയിൽ പാക് പ്രകോപനം തുടരുകയാണ്. അതിർത്തി കടന്നുള്ള വെടിവയ്പ്പിലൂടെ ഇന്ത്യൻ സൈനികരെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് പാക് സൈന്യം നടത്തുന്നത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ ഭീകരരുടെ വീട് തകര്‍ക്കൽ തുടരുകയാണ്. പ്‌വാര ജില്ലയിലെ കലാറൂസ് പ്രദേശത്തുള്ള പാക് അധിനിവേശ കശ്മീരിലെ ഫാറൂഖ് അഹമ്മദ് തദ്‌വയുടെ വീടാണ് ഏറ്റവും ഒടുവിലായി ഭരണകൂടം ബോംബ് വെച്ച് തകര്‍ത്തത്. കശ്മീരിലെ ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി നാല്‍പ്പത്തിയെട്ട് മണിക്കൂറിനിടയില്‍ ആറ് ഭീകരവാദികളുടെ വീടുകളാണ് സുരക്ഷാ സേന തകര്‍ത്തത്.
അതേസമയം കശ്മീരിലെ കുപ്‌വാരയിലുണ്ടായ വെടിവെപ്പിൽ സാമൂഹിക പ്രവർത്തകൻ ഗുലാം റസൂൽ മാഗ്രെ(45) കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നിൽ ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കാണ്ടി ഖാസ് പ്രദേശത്തെ വീടിനുള്ളിൽ വെച്ചാണ് ഗുലാം റസൂൽ മഗ്രേയെ വെടിവെച്ചു കൊലപ്പെടുത്തിയത് അധികൃതർ അറിയിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.