മാധ്യമ പ്രവർത്തകനാണ് ഇതിന് ഇടനിലക്കാരനായതെന്നും കെ. സുരേന്ദ്രൻ
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ ഗുരുതരമായ കോഴയാരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ രംഗത്ത്. മുതിർന്ന നേതാവിനെയും പാലക്കാട് നഗരസഭയിലെ 9 കൗൺസിലർമാരെയും കോൺഗ്രസിലെത്തിക്കാൻ വേണുഗോപാൽ രണ്ടരക്കോടി വിതരണം ചെയ്തു. മാധ്യമ പ്രവർത്തകനാണ് ഇതിന് ഇടനിലക്കാരനായതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ ആരോപണം.
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെയാണ് കെ.സി. വേണുഗോപാലിനെതിരെ കെ. സുരേന്ദ്രൻ കോഴ ആരോപണം ഉയർത്തിയിരിക്കുന്നത്. പാലക്കാട് നഗരസഭയിലെ കൗൺസിലർമാരെയും എക്കാലത്തേയും ഉന്നത ബിജെപി നേതാവിനെയും പാർട്ടി മാറ്റാൻ ശ്രമം നടന്നു. പാലക്കാട്ടെ ഭരണ അട്ടിമറിയും 10,000 വോട്ടും ആയിരുന്നു ലക്ഷ്യമെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
രണ്ടരക്കോടി രൂപയാണ് ഇതിനായി ചെലവാക്കിയത്. ഇക്കാര്യത്തിൽ മധ്യസ്ഥത നിന്ന് ഉറപ്പുകൊടുത്തത് ഒരു മാധ്യമ പ്രവർത്തകനാണെന്നും ഇതിന്റെ ഭാഗമായാണ് കെ.സി. വേണുഗോപാൽ നാഗ്‌പൂരിലെ പരിപാടി റദ്ദാക്കി കേരളത്തിലേക്ക് ഓടിയെത്തിയതെന്നും സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സുരേന്ദ്രൻ്റെ ആരോപണത്തെ പിന്തുണച്ച് എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാറും രംഗത്തെത്തിയിരുന്നു.
എന്നാൽ സുരേന്ദ്രന്റെ ആരോപണം കെ.സി. വേണുഗോപാൽ പൂർണമായും തള്ളി. ഇഡി ബിജെപിയുടെ കയ്യിലല്ലേയെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു. പാലക്കാട് മണ്ഡലത്തിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടുണ്ടെന്നത് യാഥാർഥ്യമാണ്. ബിജെപി വിജയിക്കുന്നതിനുള്ള സാഹചര്യമാണ് സിപിഎം ഒരുക്കുന്നത്. സന്ദീപ് വാര്യരെ കോൺഗ്രസിലേക്ക് എടുത്തത് എഐസിസിയാണ്. അദ്ദേഹം പഴയ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചുവെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
പാലക്കാട് മണ്ഡലത്തിൽ സിപിഎം-ബിജെപി കൂട്ടുകെട്ടുണ്ടെന്നത് യാഥാർഥ്യം. ബിജെപി വിജയിക്കുന്നതിനുള്ള സാഹചര്യമാണ് മണ്ഡലത്തിൽ സിപിഎം ഒരുക്കുന്നത്. രാജ്യത്ത് മറ്റിടങ്ങളിൽ ഇന്ത്യ മുന്നണിക്കൊപ്പമാണ് സിപിഎം. എന്നാൽ കേരളത്തിൽ സിപിഎമ്മും പിണറായിയും നിലകൊള്ളുന്നത് ബിജെപിക്ക് വേണ്ടിയാണെന്നും വേണുഗോപാൽ പറഞ്ഞു.