പണം ഒഴുക്കി തെരഞ്ഞടുപ്പ് അട്ടിമറിച്ച് വിജയിക്കാനാണ് ശ്രമമെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സിപിഎം പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണം അതിവേഗം മുന്നോട്ട് പോകവെ വിവാദക്കൊടുങ്കാറ്റ് ഉയർത്തി വീണ്ടും പൊലീസ് നീക്കം. കുഴൽപ്പണം ഉണ്ടെന്ന സംശയത്തെ തുടർന്ന് ഇന്നലെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതേ മുറികളിൽ ഇന്ന് വീണ്ടും പൊലീസ് പരിശോധനയ്ക്കെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു ലക്ഷ്യം.
അതേസമയം, പണം ഒഴുക്കി തെരഞ്ഞടുപ്പ് അട്ടിമറിച്ച് വിജയിക്കാനാണ് ശ്രമമെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സിപിഎം പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, എ.എ. റഹീം എംപി, എം. വിജിൻ എംഎൽഎ , ടി.വി. രാജേഷ് എന്നിവരാണ് പരാതി നൽകിയത്. ട്രോളി ബാഗ് കൊണ്ടുവന്നത് ഫെന്നി നൈനാൻ ആണെന്ന് ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. "ട്രോളി ബാഗ് ആദ്യം ഒരു മുറിയിൽ എത്തിച്ചു. അവിടെ മൂന്നംഗ സംഘം ഉണ്ടായിരുന്നു. പിന്നീട് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. ഷാഫിയും രാഹുലും അവിടെ ഉണ്ടായിരുന്നു. രാഹുൽ ഹോട്ടലിൽ വന്നത് 10.38നാണ്," ഇ.എൻ. സുരേഷ് ബാബു പറഞ്ഞു.
രാഹുലും ഷാഫിയും രാത്രി 10.45 മുതൽ ഹോട്ടലിൽ ഉണ്ടായിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതി ഫെനിയാണ് നീല ട്രോളി ബാഗിൽ പണം എത്തിച്ചത്. രാഹുൽ കോഴിക്കോട് എത്തിയ സമയം പറയുന്നില്ല. വൈകാതെ എല്ലാം പുറത്തുവരുമെന്നും പാലക്കാട്ടെ സിപിഎം നേതാക്കൾ അറിയിച്ചു.
കള്ളപ്പണം എത്തിയതിന് തെളിവുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. "കോൺഗ്രസ് തലനാരിഴക്കാണ് ഇത്തവണ രക്ഷപ്പെട്ടത്. കള്ളപ്പണം പൊലീസ് എത്തും മുൻപേ ഒളിപ്പിച്ചു. കള്ളപ്പണം എത്തിയെന്ന് സിപിഎമ്മിന് വിവരം കിട്ടിയിരുന്നു. പൊലീസിന് എല്ലാ വിവരങ്ങളും കിട്ടിയിട്ടുണ്ട്. ആളെക്കൂട്ടി ബലം പ്രയോഗിച്ച് മറയ്ക്കാമെന്ന് കരുതിയാൽ നടക്കില്ല. റെയ്ഡ് നടത്തുന്നത് അത്ഭുതമല്ല. എല്ലാ വിവരങ്ങളും ഉടൻ പുറത്തുവരും," എം.വി. ഗോവിന്ദൻ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി പാലക്കാട്ടെ കെപിഎം ഹോട്ടലിലെ 12 മുറികളിലായി നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് എഎസ്‌പി അശ്വനി ജി.ജി. അറിയിച്ചിരുന്നു. എല്ലാ ആഴ്ചയും തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി നടക്കുന്ന പരിശോധനയാണിത്. ഈ ഹോട്ടൽ മാത്രല്ല പല ഹോട്ടലുകളിലും കഴിഞ്ഞ ആഴ്ചകളിലടക്കം പരിശോധന നടത്തിയിട്ടുണ്ടെന്നും എ.എസ്.പി വ്യക്തമാക്കിയിരുന്നു.
ALSO READ: വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല; കണ്ണൂർ കളക്ടർക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ
കോൺഗ്രസ് നേതാക്കളുടെ മുറിയിൽ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തെ തുടർന്നാണ് മുറികളിൽ പൊലീസ് മിന്നൽ റെയ്ഡ് നടത്തിയത്. തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിൽ പണമെത്തിയെന്നും ആരോപണം ഉയർന്നിരുന്നു. പരിശോധനയ്ക്കിടെ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. കൂടാതെ ഹോട്ടലിന് പുറത്ത് ബിജെപി-സിപിഎം പ്രവർത്തകർ തടിച്ചുകൂടിയതോടെ ഹോട്ടൽ പരിസരം സംഘർഷ ഭൂമിയായിരുന്നു.
പരിശോധനയിൽ രാഷ്ട്രീയം കാണുന്നത് കോൺഗ്രസാണെന്നും അതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. "മടിയിൽ കനം ഇല്ലാത്തവർ എന്തിനു പേടിക്കണം? ഹോട്ടലിലെ എല്ലാ മുറികളും പരിശോധിച്ചു. ടി.വി. രാജേഷിൻ്റെ റൂം വരെ പരിശോധിച്ചില്ലേ? ഷാനി മോൾ ഉസ്മാൻ്റെ റൂമിൽ വന്നുമുട്ടിയപ്പോൾ വനിതാ പൊലീസ് ഉണ്ടായിരുന്നില്ല. പരിശോധന തുടങ്ങിയപ്പോൾ ഉണ്ടായിരുന്നു," കെ. രാജൻ പറഞ്ഞു.