പരിശോധനയ്ക്കിടെ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കൂടാതെ ഹോട്ടലിന് പുറത്ത് ബിജെപി-സിപിഎം പ്രവർത്തകരും കൂടി തടിച്ചു കൂടിയതോടെ ഹോട്ടൽ പരിസരം സംഘർഷഭൂമിയായി.
ഉപതെരഞ്ഞെടുപ്പിനായുള്ള പ്രചാരണം കനക്കെ പാലക്കാട് മണ്ഡലത്തിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പൊലീസ് പരിശോധന നടത്തിയ സംഭവം സംഘർഷാവസ്ഥയിലെത്തുകയായിരുന്നു. എന്നാൽ 12 മുറികളിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് എഎസ്‌പി അശ്വനി ജി.ജി അറിയിച്ചു. എല്ലാ ആഴ്ചയും ഇലക്ഷന്‍റെ ഭാഗമായി നടക്കുന്ന പരിശോധന ആണിത്. ഈ ഹോട്ടൽ മാത്രല്ല പല ഹോട്ടലിലും കഴിഞ്ഞ ആഴ്ചകളിലടക്കം പരിശോധന നടത്തിയിട്ടുണ്ടെന്നും എ.എസ്.പി പറഞ്ഞു.
കോൺഗ്രസ് നേതാക്കളുടെ മുറിയിൽ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തെ തുടർന്നാണ് ഇവരുടെ മുറികളിൽ പൊലീസ് മിന്നൽ പരിശോധന നടത്തിയത്. തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിൽ പണം എത്തിയെന്നും ആരോപണമുണ്ട്. ഇന്നലെ രാത്രിയോടെയാണ് പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ALSO READ: ഇടഞ്ഞവർ ഇടഞ്ഞു നിൽക്കട്ടെ; സന്ദീപ് വാര്യരെ അനുനയിപ്പിക്കാനില്ലെന്ന നിലപാടിൽ ബിജെപി
മുറികൾ ബലം പ്രയോഗിച്ച് തുറന്നാണ് തെരച്ചിൽ നടത്തിയതെന്ന് കോൺഗ്രസ് വനിതാ നേതാക്കളായ ഷാനിമോൾ ഉസ്മാനും ബിന്ദുകൃഷ്ണയും പ്രതികരിച്ചു. വനിതാ പൊലീസ് ഇല്ലാതെ പരിശോധിക്കാനാവില്ലെന്ന് വനിതാ നേതാക്കൾ അറിയിച്ചെങ്കിലും, അത് വക വയ്ക്കാതെ പൊലീസുകാർ മുറിയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. എന്നാൽ പൊലീസ് പരിശോധനയ്ക്ക് തടസം നിന്നിട്ടില്ലെന്നും, പക്ഷേ റെയ്‌ഡിൽ ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതി കൊടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും അവർ പറഞ്ഞു.
പരിശോധനയ്ക്കിടെ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കൂടാതെ ഹോട്ടലിന് പുറത്ത് ബിജെപി-സിപിഎം പ്രവർത്തകരും കൂടി തടിച്ചു കൂടിയതോടെ ഹോട്ടൽ പരിസരം സംഘർഷഭൂമിയായി. അർധരാത്രിയിലെ മിന്നൽ പരിശോധനയ്ക്ക് പിന്നിൽ സിപിഎം ബിജെപി ഒത്തുകളിയെന്ന് ഷാഫി പറമ്പിൽ എംപി ആരോപിച്ചു. പൊലീസിന്‍റെ സഹായത്തോടെ സിപിഎം നടത്തുന്ന നാടകമാണ് ഹോട്ടലിലെ റെയ്ഡെന്ന് വി.കെ. ശ്രീകണ്ഠൻ എംപിയും വ്യക്തമാക്കി.
ALSO READ: വിവാദങ്ങളൊഴിയാതെ ബിജെപി നേതൃത്വം; സന്ദീപ് വാര്യരും ശോഭ സുരേന്ദ്രനും വിമത ശബ്ദമുയർത്തുമ്പോൾ
എന്നാൽ പൊലീസിനെ തടഞ്ഞ് സംഘർഷമുണ്ടാക്കിയത് കള്ളപ്പണം ഒളിപ്പിക്കാനെന്നാണ് എ.എ. റഹിം എംപി പറഞ്ഞത്. പൊലീസെത്തിയപ്പോൾ ഷാനിമോൾ ഉസ്മാന്റെ മുറി തുറക്കാതെ സംഘർഷം ഉണ്ടാക്കിയത് കള്ളപ്പണം ഒളിപ്പിക്കാനെന്ന് റഹീം കൂട്ടിച്ചേർത്തു. നാടകീയ രംഗങ്ങൾക്കിടെ കോഴിക്കോട് നിന്ന് ഫെയ്സ്ബുക്ക് ലൈവുമായി പാലക്കാട് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും രംഗത്തെത്തിയിരുന്നു.
ഒരു ട്രോളി ബാഗ് നിറയെ പണവുമായി കെപിഎം ഹോട്ടലിൽ നിന്ന് ഇറങ്ങി വരണമെന്ന് ആത്മാർഥമായ ആഗ്രഹമുണ്ട്. പക്ഷേ താൻ പാലക്കാട്ടെ ഹോട്ടലിൽ ഇല്ല, കോഴിക്കോട് ആണുള്ളതെന്നും രാഹുൽ പരിഹസിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. അതേസമയം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.