ഓട്ടോറിക്ഷ ചിഹ്നത്തിന് മുൻഗണന നൽകിയാണ് സരിൻ അപേക്ഷ നൽകിയത്
പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ.പി.സരിൻ സ്റ്റെതസ്‌കോപ്പ് ചിഹ്നത്തില്‍ മത്സരിക്കും. ഓട്ടോറിക്ഷ ചിഹ്നത്തിന് മുൻഗണന നൽകിയാണ് സരിൻ അപേക്ഷ നൽകിയത്. എന്നാല്‍, സ്വതന്ത്ര സ്ഥാനാര്‍ഥികളായ ശെല്‍വനും ഷെമീറും ഓട്ടോറിക്ഷ ചിഹ്നം ആവശ്യപ്പെട്ടതോടെ നറുക്കെടുപ്പ് നടത്തുകയായിരുന്നു. നറുക്കെടുപ്പിൽ സരിന് സ്റ്റെതസ്കോപ്പ് ചിഹ്നം ലഭിച്ചു. ഓട്ടോറിക്ഷയ്ക്ക് പുറമെ സ്റ്റെതസ്കോപ്പ്, ടോർച്ച് എന്നീ ചിഹ്നങ്ങളാണ് സരിൻ ആവശ്യപ്പെട്ടത്.
കോൺഗ്രസ് സ്ഥാനാർഥിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ കൈപ്പത്തി ചിഹ്നത്തിലും ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ താമര ചിഹ്നത്തിലും പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്. കോൺഗ്രസ് വിട്ട ഡോ.പി.സരിനെയാണ് സിപിഎം ഇടത് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരത്തിനിറക്കിയത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അന്തിമ പട്ടിക തയ്യാറായപ്പോൾ ആകെ 10 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സ്വതന്ത്ര സ്ഥാനാർഥിയായ രമേഷ് കുമാര്‍ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് മത്സരത്തിൽ നിന്ന് പിന്മാറി.
ALSO READ: കത്ത് വിവാദം: കോൺഗ്രസ് നേതാക്കളുടെ പേരിൽ പുറത്തുവന്ന കത്ത് വ്യാജമെന്ന് പ്രതിപക്ഷ നേതാവ്
ചിലരുടെ എല്ലാം ചങ്കിടിപ്പ് അറിയാന്‍ സ്റ്റെതസ്കോപ്പിലൂടെ സാധിക്കുമെന്നായിരുന്നു ചിഹ്നം ലഭിച്ചതിന് ശേഷമുള്ള സരിൻ്റെ പ്രതികരണം. ഓട്ടോറിക്ഷ ചിഹ്നം കിട്ടിയ ആള്‍ അതില്‍ മത്സരിക്കട്ടെയെന്നും സരിന്‍ പറഞ്ഞു. അതേസമയം ചേലക്കരയില്‍ പി.വി. അന്‍വറിൻ്റെ പാര്‍ട്ടിയായ ഡിഎംകെയുടെ സ്ഥാനാർഥി എൻ.കെ. സുധീറിന് ഓട്ടോ ചിഹ്നമാണ് ലഭിച്ചത്.