ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്ന ചര്‍ച്ചയിൽ പങ്കെടുത്ത് സംസാരിക്കവെ ചൊവ്വാഴ്ചയാണ് അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വിവാദ അംബേദ്കർ പരാമർശത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധം സമീപകാലത്തെങ്ങും കാണാത്ത പ്രക്ഷുബ്ധ രംഗങ്ങളാണ് ഇന്ന് പാർലമെൻ്റിലുണ്ടാക്കിയത്. പാർലമെൻ്റ് കവാടത്തിലെ കൂട്ടപ്പൊരിച്ചിൽ കയ്യാങ്കളിയോളമെത്തി. ഇരു ഭാഗത്തെയും എംപിമാർ പരിക്കേറ്റുവെന്ന് കാട്ടി ചികിത്സ തേടി. രാഹുൽ ഗാന്ധി കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് ഭരണപക്ഷ എംപിമാരും പ്രതിപക്ഷ എംപിമാരെ ബിജെപി ആക്രമിച്ചുവെന്ന് കാട്ടി കോൺഗ്രസും ലോക്സഭാ സ്പീക്കർക്കും രാജ്യസഭാ ചെയർമാനും പരാതി നൽകി.
അമിത്ഷായുടെ വിവാദ പരാമർശത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. രാഹുൽ ഗുണ്ടയെപ്പോലെയാണ് പെരുമാറിയതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. വനിതാ എംപിയെയടക്കം കയ്യേറ്റം ചെയ്ത രാഹുലിന്റെ ധാർഷ്ട്യം അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗഫ് ചൗഹാൻ പറഞ്ഞു. ഈ ലോക്സഭയുടെ കാലയളവിൽ ഇത്ര രൂക്ഷമായ പ്രതിപക്ഷ പ്രതിഷേധം ഇതാദ്യമായാണ് നടക്കുന്നത്. ശൈത്യകാല സമ്മേളനം നാളെ അവസാനിക്കാനിരിക്കെ അമിത്ഷായുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള കയ്യാങ്കളിയോളം എത്തി.
ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്ന ചര്‍ച്ചയിൽ പങ്കെടുത്ത് സംസാരിക്കവെ ചൊവ്വാഴ്ചയാണ് അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്. അംബേദ്കർ എന്നാവർത്തിച്ച് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. അത്രയും തവണ ദൈവനാമം ജപിച്ചാൽ, ഇവർക്ക് ഏഴ് സ്വർഗം കിട്ടിയേനെ, ഇതായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ. ഇതിനെതിരെ ഇന്നലെ സഭയ്ക്കുള്ളിൽ ആഞ്ഞടിച്ച പ്രതിഷേധം ഇന്ന് പുറത്തേയ്ക്കും പടർന്നു.
Also Read;ബിജെപിയുടേത് നുണപ്രചരണം, അദാനി പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം; അമിത് ഷായുടെ അംബേദ്കർ പരാമർശത്തിനെതിരെ കോൺഗ്രസ്
പാർലമെൻ്റ് വളപ്പിലെ അംബേദ്കർ പ്രതിമയ്ക്ക് മുന്നിലായിരുന്നു പ്രതിപക്ഷപ്രതിഷേധം തുടങ്ങിയത്. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി അണിനിരന്നു. നീല വസ്ത്രം ധരിച്ച്, 'ഞാനും അംബേദ്കർ' എന്നെഴുതിയ പ്ലക്കാഡുകളും അംബേദ്കർ ചിത്രങ്ങളും ബാഡ്ജുകളുമണിഞ്ഞാണ് പ്രതിപക്ഷനിരയിലെ മിക്കവരും എത്തിയത്. ഇതേസമയം തന്നെ കോൺഗ്രസ് അംബേദ്കറെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി എംപിമാരും പാർലമെൻ്റിന് മുന്നിൽ പ്രതിഷേധം തുടങ്ങി. ഇവർ നേർക്കുനേർ വന്നതോടെ വാക്കേറ്റവും സംഘർഷവുമായി.
ഇതിനിടെ പാർലമെൻ്റിൻ്റെ മതിലിനുമുകളിൽ കയറി കേരള എംപിമാരടക്കം പ്രതിഷേധിച്ചു. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി താഴെയിറക്കി.
സംഘർഷത്തിനിടെ രാഹുൽ ഗാന്ധി തന്നെ തള്ളി താഴെയിട്ടെന്ന് ബിജെപി എംപി പ്രതാപ് സാരംഗി ആരോപിച്ചു.പ്രതാപ് സാരംഗിയേയും പരിക്കേറ്റതായി പറഞ്ഞ മറ്റൊരു ബിജെപി എംപി മുകേഷ് രാജ്പുത്തിനേയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി. പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി ബുദ്ധിമുട്ടുണ്ടാക്കുംവിധം വളരെ അടുത്ത് നിന്നുവെന്നും തൻ്റെ നേരെ ആക്രോശിച്ചുവെന്നും കാട്ടി നാഗാലാന്‍ഡില്‍ നിന്നുള്ള ബിജെപി വനിതാ എംപി ഫോങ്‌നോന്‍ കോന്യാക് രാജ്യസഭാ ചെയര്‍മാന് പരാതി നല്‍കി.
രാഹുൽ ഗാന്ധിക്കെതിരെ പൊലീസിനും പരാതി നൽകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. പാർലമെൻ്റ് കവാടത്തിൽ ബിജെപി അംഗങ്ങൾ തന്നെയാണ് തടഞ്ഞെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഭരണഘടനയെ വിലവയ്ക്കാത്ത സർക്കാർ അംബേദ്കറുടെ ഓർമകളെപ്പോലും അപമാനിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
ബഹളത്തിൽ മുങ്ങിയ ഇരു സഭകളും രാവിലെ മിനിട്ടുകൾക്കകമാണ് പിരിഞ്ഞത്. ഉച്ചയ്ക്ക് ശേഷം വീണ്ടും ചേർന്നു, അംബേദ്കർ ചിത്രങ്ങൾ ഉയർത്തിക്കാട്ടി,ജയ് ഭീം മുഴക്കി വീണ്ടും പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം. നടപടികൾ തുടരാനാകാതെ ഇരു സഭകളും വീണ്ടും പിരിഞ്ഞു. തുടർന്ന് പാർലമെൻ്റിന് പുറത്ത് കുത്തിയിരുന്ന് ഇന്ത്യ മുന്നണി എംപിമാർ പ്രതിഷേധിച്ചു. അമിത് ഷാ മാപ്പുപറയാതെ പ്രതിഷേധം തീരില്ലെന്ന് പ്രതിപക്ഷ എംപിമാർ അറിയിച്ചു. രാഹുലിനെതിരെ ഭരണപക്ഷം ഗൂഢാലോചന നടത്തുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.
അതേസമയം തൻ്റെ പ്രസംഗം എഡിറ്റ് ചെയ്ത് വിവാദമാക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നാണ് അമിത്ഷായുടെ പ്രതിരോധം. അമിത് ഷായ്ക്കെതിരായ പ്രതിപക്ഷനീക്കം ശക്തമായി ചെറുക്കാൻ എംപിമാർക്കും വക്താക്കൾക്കും ബിജെപി നിർദ്ദേശം നൽകി. കോൺഗ്രസ് അംബേദ്കർ വിരുദ്ധരാണെന്ന് സ്ഥാപിക്കുന്ന കുറിപ്പ് തയ്യാറാക്കി എല്ലാവർക്കും വിതരണം ചെയ്തിട്ടുണ്ട്. സഭയ്ക്കും സഭാ വളപ്പിനും പുറത്തേക്ക് രാജ്യവ്യാപകമായി പ്രതിഷേധം വ്യാപിപ്പിക്കുകയാണ് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും. പ്രതിഷേധ പരിപാടികൾ നാളെയും തുടരാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.