കായംകുളം സ്വദേശിയായ പ്രതി പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടു പോയി തിരുവനന്തപുരത്ത് വെച്ച് പീഡിപ്പിച്ചു എന്നാണ് കേസ്
പത്തനംതിട്ട പീഡന കേസ് ജില്ലയ്ക്ക് പുറത്തേക്ക് വ്യാപിപ്പിച്ച് അന്വേഷണസംഘം. പത്തനംതിട്ട പോലീസ് എടുത്ത കേസ് തിരുവനന്തപുരം കല്ലമ്പലം പോലീസിന് കൈമാറി. കായംകുളം സ്വദേശിയായ പ്രതി പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടു പോയി തിരുവനന്തപുരത്ത് വെച്ച് പീഡിപ്പിച്ചു എന്നാണ് കേസ്.
കേസിൽ ഇതുവരെ ആകെ 43 പേർ അറസ്റ്റിലായി. 58 പേരാണ് കേസിലെ ആകെ പ്രതികൾ. ചൊവ്വാഴ്ച കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനാണ് സാധ്യത എന്ന് പൊലീസ് അറിയിച്ചു. കേസിൽ ഇതുവരെ 29 എഫ്ഐആറാണ് ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജില്ലയിലെ പത്തനംതിട്ട ടൗൺ, മലയാലപ്പുഴ, പന്തളം, ഇലവുംതിട്ട സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറത്തിറക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
കേസിന്റെ അന്വേഷണത്തിനായി ഡിഐജി അജിതാ ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ 25 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കേസ് ദേശീയ ശ്രദ്ധാ കേന്ദ്രമായതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
ALSO READ: പത്തനംതിട്ട പീഡന കേസ്: നാല് പ്രതികള്‍ കൂടി അറസ്റ്റില്‍; ആകെ 43 അറസ്റ്റുകൾ രേഖപ്പെടുത്തി
പരിശീലകരും അയൽവാസികളും സഹപാഠികളുമുൾപ്പെടെ 60 ഓളം പേർ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. സ്കൂളിലെ കൗൺസിലിങ്ങിനിടെ ടീച്ചറോടാണ് കുട്ടി വിവരം തുറന്നുപറയുന്നത്. ഈ മൊഴി സിഡബ്ല്യുസിയുടേയും തുടർന്ന് പൊലീസിൻ്റെയും കൈയ്യിൽ എത്തുകയായിരുന്നു. കായിക പരിശീലനത്തിന് എത്തിയപ്പോൾ അധ്യാപകരും, പിന്നീട് സഹപാഠികളും തന്നെ ലൈംഗികമായി ഉപയോഗിച്ചെന്നാണ് കുട്ടിയുടെ മൊഴി.
കുട്ടിയുടെ നഗ്നചിത്രം പ്രചരിച്ചതിന് പിന്നാലെയാണ് കൂടുതൽ പേർ തേടിയെത്തിയത്. ഇവർ പെൺകുട്ടിയെ നിരന്തരം സമീപിക്കുകയും, പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നും മൊഴിയിൽ പറയുന്നു.