വിദേശത്തുള്ള പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും നീക്കം
പത്തനംതിട്ട പീഡനക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പത്തനംതിട്ട ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇന്ന് അറസ്റ്റുണ്ടായിരിക്കുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 44 ആയി.
കേസ് അന്വേഷണം അയല്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ് പൊലീസ്. കായംകുളം സ്വദേശി പ്രതിയായ കേസ് കല്ലമ്പലം പൊലീസിന് കൈമാറിയിരിക്കുകയാണ്. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. വിദേശത്തുള്ള പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.
Also Read: കൃത്യം നടത്തിയത് കഴുത്തിൽ കയർ മുറുക്കി; കണിയാപുരം കണ്ടലിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്
കേസില്‍ ഇന്നലെ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 25 ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിഐജി അജിതാ ബീഗത്തിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
Also Read: ബിനില്‍ ബാബു കൊല്ലപ്പെട്ടത് യുക്രെയ്‌നില്‍ നടന്ന ഷെല്ലാക്രമണത്തില്‍; ജെയ്‌നിനും ഗുരുതര പരുക്ക്
പരിശീലകരും അയല്‍വാസികളും സഹപാഠികളുമുള്‍പ്പെടെ 60 ഓളം പേര്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെ ടീച്ചറോടാണ് കുട്ടി വിവരം തുറന്നുപറയുന്നത്. ഈ മൊഴി സിഡബ്ല്യുസിയുടേയും തുടര്‍ന്ന് പൊലീസിന്റെയും കൈയ്യില്‍ എത്തുകയായിരുന്നു. കായിക പരിശീലനത്തിനെത്തിയപ്പോള്‍ അധ്യാപകരും, പിന്നീട് സഹപാഠികളും തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തൽ. കുട്ടിയുടെ നഗ്‌നചിത്രം പ്രചരിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ തേടിയെത്തിയത്. ഇവര്‍ പെണ്‍കുട്ടിയെ നിരന്തരം സമീപിക്കുകയും, പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളില്‍ വച്ച് പീഡിപ്പിച്ചുവെന്നും മൊഴിയില്‍ പറയുന്നു.