വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായുള്ള പ്രദേശിക സമിതിയായിരിക്കും പട്ടിക തയ്യാറാക്കുക
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കും. അടുത്ത ബന്ധുക്കൾക്ക് ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ നൽകുന്നതിനായാണ് നടപടിയെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
ഉരുള്‍ പൊട്ടലില്‍ കാണാതായവരുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്‌ഐആര്‍ വിശദാംശങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ശേഖരിക്കാൻ റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകിയതായി ഉത്തരവില്‍ പറയുന്നു.
ALSO READ: തൃശൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ടൂറിസം പദ്ധതി; സർക്കാർ പരിഗണനയിലെന്ന് എംഎൽഎ
വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായുള്ള പ്രദേശിക സമിതിയായിരിക്കും പട്ടിക തയ്യാറാക്കുക. ഈ സമിതി കാണാതായവരുടെ പട്ടിക തയ്യാറാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കണം. ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന പട്ടിക സൂക്ഷ്മ പരിശോധന നടത്താൻ ആഭ്യന്തരം അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യു-ദുരന്തനിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന സംസ്ഥാനതല സമിതിയെ ചുമതലപ്പെടുത്തും.
ഇതിന് ശേഷമായിരിക്കും കാണാതായവരെ മരിച്ചവരായി ഔദ്യോഗികമായി കണക്കാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുക. 2024 ജൂലൈ 30നാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഉരുള്‍പൊട്ടലില്‍ ഇനിയും 32-ഓളം പേരെ കണ്ടെത്താനുണ്ടെന്ന് റവന്യു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.