നീക്കത്തിന് പിന്നിൽ ഉന്നത സിപിഎം നേതാക്കളുടെ ഇടപെടലെന്ന് ആരോപണം ഉയരുന്നുണ്ട്
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾ പരോളിനായി അപേക്ഷ നൽകി. എട്ടാം പ്രതി എ. സുബീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവരാണ് കണ്ണൂർ സെൻട്രൽ ജയിലിൽ അപേക്ഷ നൽകിയത്. കേസിൽ ശിക്ഷിക്കപ്പെട്ട് ഒന്നര മാസം തികയും മുൻപാണ് പ്രതികളുടെ നീക്കം. ജയിൽ അധികൃതർ പൊലീസിന്റെ റിപ്പോർട്ട് തേടും. നീക്കത്തിന് പിന്നിൽ ഉന്നത സിപിഎം നേതാക്കളുടെ ഇടപെടലെന്ന് ആരോപണം ഉയരുന്നുണ്ട്.
അതേസമയം, പെരിയക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ റിപ്പോർട്ട് പൊലീസ് വൈകിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. രണ്ട് പ്രതികൾ നൽകിയ പരോൾ അപേക്ഷയിൽ റിപ്പോർട്ട് വൈകിപ്പിക്കാനാണ് പൊലിസ് നീക്കം. പ്രതികൾക്ക് ജാമ്യം നൽകിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ബേക്കൽ പൊലീസ് ജാമ്യാപേക്ഷ റിപ്പോർട്ട് വൈകിപ്പിക്കുന്നത്.
നേരത്തെ പെരിയ കേസിൽ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ. വി. കുഞ്ഞിരാമൻ്റെ അടക്കം സിബിഐ കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്. കെ. വി. കുഞ്ഞിരാമൻ, മണികണ്‌ഠൻ, രാഘവൻ വെളുത്തോളി, ഭാസ്‌കരൻ വെളുത്തോളി എന്നിവരുടെ ശിക്ഷയാണ് അപ്പീൽ പരിഗണിച്ച് ഹൈക്കോടതി മരവിപ്പിച്ചത്.
നാല് പേർക്കും അഞ്ച് വർഷം തടവും പിഴയുമായിരുന്നു ശിക്ഷ വിധിച്ചിരുന്നത്. സിബിഐ കോടതി വിധി റദ്ദാക്കി കുറ്റവിമുക്തരാക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. വിചാരണ നടപടികളും വിധിയും നീതിയുക്തമല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. തെളിവുകളും സാഹചര്യങ്ങളും കൃത്യമായി വിലയിരുത്താതെയാണ് വിധി, സിബിഐ വിവരങ്ങൾ മറച്ചുവെച്ച് കേസിൽ പ്രതി ചേർത്തു തുടങ്ങിയവയും ഇവരുടെ അപ്പീലിൽ പറഞ്ഞിരുന്നു.
ALSO READ: എക്സൈസിന് വണ്ടിയുണ്ട് ഡ്രൈവറില്ല; വാഹനങ്ങള്‍ 458, ഡ്രൈവര്‍മാര്‍ 277!
ആറ് വർഷം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് പെരിയ ഇരട്ട കൊലപാതകക്കേസിൽ കോടതി ശിക്ഷ വിധിച്ചത്. കേസിൽ 14 പ്രതികളെയാണ് കുറ്റക്കാരായി കൊച്ചി സിബിഐ കോടതി കണ്ടെത്തിയത്. കേസിലെ ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികൾക്കും, പത്തും, പതിനഞ്ചും പ്രതികൾക്കും ഇരട്ട ജീവപര്യന്തവും വിധിച്ചിരുന്നു. 24 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.
2019 ഫെബ്രുവരി 17ന് വൈകുന്നേരം ആറിനും ഏഴരയ്ക്കുമിടയിലാണ് പെരിയ വില്ലേജിലെ കണ്ണാടിപാറ കല്ലിയോട്ട് വെച്ച് ശരത് ലാലും കൃപേഷും ക്രൂരമായി കൊലചെയ്യപ്പെട്ടത്. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.