സാംസ്‌കാരിക മന്ത്രി സജി ചെറിയാനും സംവിധായകൻ ഷാഫിയുടെ നിര്യാണത്തിൽ അനുശോചിച്ചു
സംവിധായകൻ ഷാഫിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളി പ്രേക്ഷകന്റെ ഹൃദയത്തിൽ ഇടം നേടിയ അനേകം ജനപ്രിയ സിനിമകളുടെ സംവിധായകനെയാണ് ഷാഫിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹ സംവിധായകൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നിങ്ങനെ ചലച്ചിത്രത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ് ഷാഫി വിട പറഞ്ഞതെന്നും മുഖ്യമന്ത്രി അനുശോചനകുറിപ്പിൽ വ്യക്തമാക്കി.
പ്രയത്നശാലിയായ ചലച്ചിത്രകാരനായിരുന്നു ഷാഫി. പ്രേക്ഷക മനസ്സ് വായിച്ചു കൊണ്ടാണ് കഥാപാത്രങ്ങളെയും കഥാവസരങ്ങളെയും അദ്ദേഹം രൂപപ്പെടുത്തിയത്. ഷാഫി സിനിമകൾ സംഭാവന ചെയ്ത ഹാസ്യ കഥാപാത്രങ്ങൾ പലതും തലമുറകൾ കൈമാറി ഏറ്റെടുക്കപ്പെട്ടു. നർമ മുഹൂർത്തങ്ങൾ കൊണ്ട് സമൃദ്ധമായ ആ സിനിമകൾ മലയാളത്തിൻ്റെ അതിർത്തി വിട്ടും സ്വീകാര്യത നേടി.
ആ യുവ പ്രതിഭയുടെ അകാലത്തിലുള്ള വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും ഷാഫിയെ സ്നേഹിക്കുന്നവരുടെ ആകെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
ALSO READ: ദശമൂലം ദാമു മുതല്‍ മാക്രി ഗോപാലന്‍ വരെ; മീമുകള്‍ ഭരിച്ച ഷാഫി കഥാപാത്രങ്ങള്‍
സാംസ്‌കാരിക മന്ത്രി സജി ചെറിയാനും സംവിധായകൻ ഷാഫിയുടെ നിര്യാണത്തിൽ അനുശോചിച്ചു. ഷാഫിയുടെ മരണം മലയാള സിനിമയിൽ ആഴത്തിലുള്ള വിടവ് സൃഷ്ടിക്കും. മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറേ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചു. ദശമൂലം ദാമു, മണവാളൻ, ധർമേന്ദ്ര, പോഞ്ഞിക്കര, പ്യാരി, സ്രാങ്ക് തുടങ്ങിയ കഥാപാത്രങ്ങൾ മലയാളികൾ എന്നും ഓർമ്മിക്കുന്നവരാണെന്നും മന്ത്രി അനുസ്മരിച്ചു.
ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ആസ്റ്റര്‍ മെഡിസ്റ്റിയില്‍ ചികിത്സയിലായിരിക്കെയാണ് സംവിധായകൻ ഷാഫി അന്തരിച്ചത്. 56 വയസായിരുന്നു. ഈ മാസം പതിനാറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ 10 മുതല്‍ കലൂര്‍ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് നാല് മണിക്ക് കലൂര്‍ കറുകപ്പള്ളി ജുമ മസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും.
ALSO READ: സംവിധായകന്‍ ഷാഫി അന്തരിച്ചു; വിടവാങ്ങിയത് ജനപ്രിയ സിനിമകളുടെ സംവിധായകൻ
മലയാളത്തിലേക്ക് ഹാസ്യ സിനിമകളുടെ ഒരു നിര തന്നെ സമ്മാനിച്ച സംവിധായകനായിരുന്നു ഷാഫി. 1995ലാണ് ഷാഫി സിനിമ മേഖലയിലേക്ക് അസിസ്റ്റന്റ് ഡയറക്ടറായി അരങ്ങേറുന്നത്. റാഫി മെക്കാര്‍ട്ടിന്‍ എന്ന ഇരട്ടസംവിധായകരിലെ റാഫിയുടെ ഇളയ സഹോദരന്‍ കൂടിയാണ് ഷാഫി എന്ന റഷീദ് എം.എച്ച്. ജയറാം നായകനായ വണ്‍മാന്‍ഷോയാണ് ആദ്യമായി സംവിധാനം ചെയ്ത സിനിമ.