ജീപ്പില്‍ നിന്ന് ഇറങ്ങിയപാടെ പൊലീസ് അഴിഞ്ഞാടുകയായിരുന്നു. കണ്ണില്‍ കണ്ടവരെയെല്ലാം പൊതിരെ തല്ലി. എസ് ഐ ജിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആക്രമണം നടത്തിയത്
വിവാഹ അനുബന്ധ ചടങ്ങ് കഴിഞ്ഞ് മടങ്ങി വന്ന സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ നടുറോഡില്‍ അകാരണമായി തല്ലിച്ചതച്ച് പൊലീസ്. പത്തനംതിട്ട എസ് ഐ എസ്. ജിനുവും സംഘവുമാണ് ലാത്തിയുമായി അഴിഞ്ഞാടിയത്. പൊലീസ് അതിക്രമത്തില്‍ സാരമായി പരിക്കേറ്റ സ്ത്രീയുടെ മൊഴിയില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുക്കുകയും എസ് ഐ ജിനുവിനെ പ്രാരംഭഘട്ട നടപടിയുടെ ഭാഗമായി സ്ഥലം മാറ്റുകയും ചെയ്തു.
ജീപ്പില്‍ നിന്ന് ഇറങ്ങിയപാടെ പൊലീസ് അഴിഞ്ഞാടുകയായിരുന്നു. കണ്ണില്‍ കണ്ടവരെയെല്ലാം പൊതിരെ തല്ലി. എസ് ഐ ജിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആക്രമണം നടത്തിയത്. സ്ഥലത്ത് സംഘര്‍ഷം നടക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് എത്തിയെന്നായിരുന്നു പൊലീസിന്റെ ന്യായീകരണം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നതോടെ പൊലീസിന് നില്‍ക്കക്കള്ളി ഇല്ലാതെയായി. ഇന്നലെ രാത്രി 11 മണിയോടെ പത്തനംതിട്ട അബാന്‍ ജംഗ്ഷനിലാണ് സംഭവം. വിവാഹാനുബന്ധ ചടങ്ങിനു പോയി മടങ്ങിവന്ന കോട്ടയം സ്വദേശികള്‍ വിശ്രമത്തിനായി വാഹനം വഴിയരികില്‍ നിര്‍ത്തിയതായിരുന്നു. 20 അംഗ സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ചിലര്‍ പുറത്തിറങ്ങി നില്‍ക്കുമ്പോഴാണ് പത്തനംതിട്ട എസ്‌ഐയും സംഘവും സ്ഥലത്ത് എത്തി ലാത്തിച്ചാര്‍ജ് നടത്തിയത്.
Also Read: ഇരുപതംഗ സംഘത്തിന് പൊലീസ് മർദനം; സംഭവം വിവാഹാനുബന്ധ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ
മുണ്ടക്കയം സ്വദേശി സിത്താര, ഭര്‍ത്താവ് ശ്രീജിത്ത്, ബന്ധു ഷിജിന്‍ എന്നിവര്‍ക്ക് പൊലീസ് ലാത്തി ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റു. വാഹനത്തിന് പുറത്തു നിന്ന മറ്റുള്ളവര്‍ക്കും അടി കിട്ടി. അക്രമം നടത്തിയ ശേഷം എസ്‌ഐ ജിനുവും സംഘവും വളരെ വേഗം സ്ഥലം വിട്ടു. പരിക്ക് പറ്റിയവര്‍ പിന്നീട് സ്വന്തം വാഹനത്തിലാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. സിത്താരയുടെ കൈക്ക് പൊട്ടലും ശ്രീജിത്തിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കുമുണ്ട്. വിഷയത്തില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉച്ചയോടെ വകുപ്പുതല നടപടി എടുത്തു. പത്തനംതിട്ട സ്റ്റേഷനില്‍ നിന്നും എസ് പി ഓഫീസിലേക്ക് എസ് ഐ ജിനുവിനെ സ്ഥലംമാറ്റി. തുടര്‍ നടപടി ഡിഐജി തീരുമാനിക്കും. എന്നാല്‍ നടപടിയില്‍ തൃപ്തല്ലെന്നായിരുന്നു മര്‍ദ്ദനമേറ്റവരുടെ പ്രതികരണം. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് മര്‍ദ്ദനമേറ്റ സിത്താര ആവശ്യപ്പെട്ടു. പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷനെയും നിയമപരിരക്ഷയ്ക്കായി കോടതിയെയും സമീപിക്കുമെന്ന് കുടുംബം പറഞ്ഞു.
ഇതിനിടെ എസ് ഐ ജിനുവിനെതിരെ പരാതിയുമായി കൂടുതല്‍ ആളുകളും രംഗത്തെത്തി. മറ്റൊരു കേസിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ക്യാമറ ഇല്ലാത്ത മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു എന്നും അടിവയറ്റില്‍ ബൂട്ട് ഇട്ട് ചവിട്ടിയെന്നും പത്തനംതിട്ട സ്വദേശിയായ യുവാവ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും യുവജന കമ്മീഷനും പരാതി നല്‍കിയിരിക്കുകയാണ് യുവാവ്.
പത്തനംതിട്ടയില്‍ നടന്നത് പൊലീസ് നരനായാട്ടാണെന്നും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. അധികാര ദുര്‍വിനിയോഗം നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ അനുവദിക്കില്ലെന്നും കുറ്റക്കാരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.