തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാർക്കാണ് ഓപ്പറേഷന്റെ ഏകോപന ചുമതല
സംസ്ഥാനത്ത് ഗുണ്ടാ അതിക്രമങ്ങൾ അടിക്കടി വർധിക്കുന്ന സാഹചര്യത്തിൽ ഓപ്പറേഷൻ ആഗ് പുനഃസ്ഥാപിച്ച് പൊലീസ്. ഇതിന്റെ ഭാഗമായി സെപ്റ്റംബർ ഒന്നുവരെ പ്രത്യേക ഓപ്പറേഷൻ നടക്കും. ഓണം പ്രമാണിച്ച് സംസ്ഥാനത്ത് ലഹരി ഇടപാട് വർദ്ധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ലഹരി വിരുദ്ധ ഓപ്പറേഷനും ആരംഭിച്ചിട്ടുണ്ട്.. ഓപ്പറേഷൻ ഡി - ഹണ്ട് എന്ന പേരിലാണ് പ്രത്യേക പരിശോധനകൾ നടക്കുന്നത്.
വർധിച്ചുവരുന്ന ഗുണ്ടാ കൊലപാതകങ്ങൾ, ലഹരി മാഫിയയുടെ അതിക്രമങ്ങൾ, പൊലീസ് സേനയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്ന പോലീസ് - മാഫിയ കൂട്ടുകെട്ട് തുടങ്ങിയവ സംസ്ഥാനത്തെ ക്രമസമാധാനം ഇല്ലാതാക്കിയതോടെയാണ് ഓപ്പറേഷൻ ആഗ് പുനഃസ്ഥാപിക്കാൻ തീരുമാനമായത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാർക്കാണ് ഓപ്പറേഷന്റെ ഏകോപന ചുമതല.
ALSO READ: അന്തർ സംസ്ഥാന ബസ്സിൽ എം.ഡി.എം.എ കടത്ത്; കൊല്ലത്ത് ഡ്രൈവർ പിടിയില്‍
ക്രിമിനലുകൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന സർക്കുലർ എഡിജിപി എം ആർ അജിത് കുമാർ ജില്ലാ പോലീസ് മേധാവിമാർക്കും കമ്മീഷണർമാർക്കും നൽകി. ഒളിവിലുള്ള പ്രതികളെ പിടിക്കുക, ക്രിമിനലുകളുടെ കേന്ദ്രങ്ങൾ പരിശോധിക്കുക, ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നാടുകടത്തുക തുടങ്ങി നടപടികൾ എടുക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. വാണിജ്യ അളവിൽ ലഹരി മരുന്ന് കൈവശം വയ്ക്കുന്നവരുടെ സ്വത്ത് കണ്ടു കെട്ടണമെന്ന നിർദേശവും സർക്കുലറിലുണ്ട്.