കിഷോര്‍ അടക്കം ഏഴ് പേരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഇതിനിടെയാണ് ആയുധ ശേഖരം പിടികൂടിയത്.
ആലപ്പുഴയില്‍ നിന്നും വന്‍ ആയുധശേഖരം പിടികൂടി. ആലപ്പുഴ കുമാരപുരം കായല്‍വാരത്ത് കിഷോറിന്റെ വീട്ടില്‍ നിന്നുമാണ് വന്‍ ആയുധശേഖരം കണ്ടെത്തിയത്. വിദേശനിര്‍മിത പിസ്റ്റളും 53 വെടിയുണ്ടകളും രണ്ടു വാളും ഒരു മഴുവും സ്റ്റീല്‍ പൈപ്പും ഉള്‍പ്പെടെയാണ് പൊലീസ് പരിശോധനയില്‍ കണ്ടെത്തിയത്.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കിഷോര്‍. 2015 ല്‍ ഹരിപ്പാട് നിന്നും കാണാതായ രാകേഷ് തിരോധനവുമായി ബന്ധപ്പെട്ട പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
കേസില്‍ പുനരന്വേഷണത്തിന്റെ ഭാഗമായാണ് കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. കിഷോര്‍ അടക്കം ഏഴ് പേരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഇതിനിടെയാണ് ആയുധ ശേഖരം പിടികൂടിയത്.
വീട്ടിനുള്ളിലെ കുക്കറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു തോക്കും മറ്റും കണ്ടെടുത്തത്. വാളും സ്റ്റീല്‍ പൈപ്പും വീടിന് പുറകിലെ വിറകുകള്‍ക്കിടയിലുമാണ് കണ്ടെത്തിയത്. വീട്ടില്‍ സിസിടിവി അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.
തന്റെ മകനെ കാണാതായതല്ല, കിഷോര്‍ ഉള്‍പ്പെടെയുള്ളവര്‍ തന്റെ മകനെ ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ചായിരുന്നു രാകേഷിന്റെ അമ്മ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് പൊലീസ് പരിശോധന നടത്തിയത്.