അതേസമയം പൊലീസിനെതിരെ പരാതി നൽകാനാണ് എസ്എഫ്ഐയുടെ തീരുമാനം
കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിലെ കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതി ആകാശിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പ്രതിയെ 5 ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഉടൻ അപേക്ഷ നൽകും. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതേസമയം പൊലീസിനെതിരെ പരാതി നൽകാനാണ് എസ്എഫ്ഐയുടെ തീരുമാനം.
സംഭവത്തിൽ മൂന്ന് വിദ്യാർഥികളെ കഴിഞ്ഞദിവസം, സസ്പെൻഡ് ചെയ്തിരുന്നു. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പോളിടെക്നിക്ക് കൊളേജ് അധികൃതരും സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ കോളേജിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. പിന്നാലെ അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇതിൽ രണ്ട് പേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു.
ALSO READ: കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട: പൊലീസ് അറസ്റ്റ് ചെയ്ത മൂന്ന് വിദ്യാർഥികള്‍ക്കും സസ്പെന്‍ഷന്‍
ഹോളി ആഘോഷത്തിനായാണു കഞ്ചാവ് എത്തിച്ചതെന്നും കഞ്ചാവ് വിതരണത്തിന് വിദ്യാർഥികളിൽ നിന്ന് പണപ്പിരിവ് നടത്തിയെന്നും പൊലീസ് പറയുന്നു. ഇതാദ്യമായാണ് കേരളത്തിലെ ഒരു കോളേജ് ഹോസ്റ്റലിൽ നിന്ന് ഇത്രയും ഉയർന്ന അളവിൽ കഞ്ചാവ് പിടികൂടുന്നത്. ഹോസ്റ്റലിലെ രണ്ട് മുറികളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആദിൽ, ആകാശ് എന്നിവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത് 1.97 കിലോഗ്രാം കഞ്ചാവാണ്. അഭിരാജ്, ആദിത്യൻ എന്നിവരുടെ മുറിയിൽ നിന്ന് കണ്ടെടുത്തത് 9.7 ഗ്രാം കഞ്ചാവാണ്.