സഭയുടെ അനുശാസനങ്ങളെ തിരുത്താതെ അജപാലനപരമായി കൂടുതൽ ഉദാരത പുലർത്തി സന്തുലിതമായി സഭയെ നയിച്ചയാളാണ് പോപ്പ് ഫ്രാൻസിസ്
അനിയന്ത്രിത മുതലാളിത്തത്തിന്‍റെ വിമർശകൻ, ലിംഗ സ്വത്വ വൈവിധ്യങ്ങളോട് സഹാനുഭൂതിയുള്ളയാൾ, പരിസ്ഥിതി സംരക്ഷണവാദി, വധശിക്ഷാ വിരുദ്ധൻ തുടങ്ങി ആധുനിക മാനവികതയുടെ മൂല്യങ്ങൾക്കായി നിലകൊണ്ട പോപ്പ് എന്ന നിലയിലാണ് പോപ്പ് ഫ്രാൻസിസ് ലോകചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുക. കത്തോലിക്ക സഭയുടെ തന്ത്രപ്രധാനമായ വിഭാഗങ്ങളുടെ സമിതികളിൽ സ്ത്രീകളെ നിയമിച്ച പോപ്പ്. അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളിൽ സ്നേഹം ചാലിച്ച മധ്യസ്ഥൻ. ഇവയൊക്കെയായിരുന്നു പോപ്പ് ഫ്രാൻസിസ്.
അവരെയും സമൂഹത്തിൽ ഉൾച്ചേർക്കണം...
സഭയുടെ അനുശാസനങ്ങളെ തിരുത്താതെ അജപാലനപരമായി കൂടുതൽ ഉദാരത പുലർത്തി സന്തുലിതമായി സഭയെ നയിച്ചയാളാണ് പോപ്പ് ഫ്രാൻസിസ്. ഹോർഹേ മാരിയോ ബെർഗോളിയോ എന്ന പുരോഹിതനിൽ നിന്ന് പോപ്പ് ഫ്രാൻസിസിലേക്കുള്ള പരിണാമം നിലപാടുകളുടേത് കൂടിയായിരുന്നു. ബ്യൂണസ് ഐറസിന്‍റെ ആർച്ച് ബിഷപ്പായിരുന്ന ബെർഗോളിയോയ്ക്ക് സ്വവർഗാനുരാഗികളോടും ട്രാൻസ്ജെൻഡറുകളോടും മയമില്ലാത്ത നിലപാടായിരുന്നു. എന്നാൽ ബിഷപ് ബെർഗോളിയോ പോപ്പ് ഫ്രാൻസിസ് ആയി മാറിയപ്പോൾ, ലൈംഗിക സ്വത്വത്തിന്‍റെ പേരിൽ ആരും മാറ്റിനിർത്തപ്പെടരുതെന്നും അവരെ കുറ്റം വിധിക്കരുതെന്നുമുള്ള നിലപാടിലേക്കെത്തി. അർജന്‍റീനയിൽ സ്വവർഗാനുരാഗം നിയമവിധേയമാക്കുന്നതിനെ പരസ്യമായി എതിർത്ത ആർച്ച് ബിഷപ് ബെർഗോളിയോ പോപ്പ് ഫ്രാൻസിസ് ആയപ്പോൾ സ്വവർഗ വിവാഹങ്ങളെ ആശിർവദിക്കാനുള്ള അനുവാദം നൽകി.
2013 ൽ ജൂലൈ 28 ന് ബ്രസീലിൽ ലോകയുവജന സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ വിമാനത്തിൽ വെച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പോപ്പ് ഫ്രാൻസിസ് സ്വവർഗാനുരാഗികളെ സമൂഹത്തിൽ ഉൾച്ചേർക്കണമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. സ്വവർഗാനുരാഗിയായ ഒരാൾ ദൈവത്തെ തേടുന്നുവെങ്കിൽ, ഞാനാരാണ് വിധിക്കാൻ? ആരും അതിന്റെ പേരിൽ പാർശ്വവത്കരിക്കപ്പെടരുത്, അവരെയും സമൂഹത്തിൽ ഉൾച്ചേർക്കണം' എന്നായിരുന്നു ലോകമാധ്യമങ്ങളിൽ തലക്കെട്ട് തീർത്ത പോപ്പ് ഫ്രാൻസിസിന്റെ വാക്കുകൾ.
കുടുംബം എന്ന ദൈവത്തിന്റെ പദ്ധതിയെ തകർക്കാനുള്ള ശ്രമം എന്ന് സ്വവർഗവിവാഹങ്ങളെ 2010ൽ വിശേഷിപ്പിച്ച ബെർഗോളിയോയുടെ നിലപാട് 2020 ൽ വിപ്ലവകരമായി പരിണമിച്ചു. സ്വവർഗാനുരാഗികൾക്ക് കുടുംബം ആകാനുള്ള അവകാശമുണ്ടെന്നും അവർ ദൈവമക്കളാണെന്നും പോപ്പ് ഫ്രാൻസിസ് പ്രഖ്യാപിച്ചു. 2023 ൽ പോപ്പ് ഫ്രാൻസിസ്, വിവാഹത്തിൽ കത്തോലിക്ക സഭയുടെ അനുശാസനങ്ങളെ നിലനിർത്തിക്കൊണ്ട് തന്നെ സ്വവർഗവിവാഹങ്ങളെ ആശിർവദിക്കാനുള്ള അനുവാദം വൈദികർക്ക് നൽകി.
പെസഹാ ദിനത്തിലെ കാൽകഴുകൽ ചടങ്ങിൽ പുരുഷൻമാർ മാത്രമാകുന്ന പതിവ് പോപ്പ് ആയ ശേഷമുള്ള ആദ്യ പെസഹയിൽ തന്നെ ഫ്രാൻസിസ് തിരുത്തിക്കുറിച്ചു. 2013 ൽ ഫ്രാൻസിസ് കാൽകഴുകി ചുംബിച്ചവരിൽ 10 പുരുഷൻമാരും രണ്ട് പെൺകുട്ടികളും ഉണ്ടായിരുന്നു. റോമിലെ കാസാ ദെൽ മർമോ ജയിലെ തടവുകാരായിരുന്നു അവർ. പോപ്പ് ഫ്രാൻസിസ് കാൽകഴുകി ചുംബിച്ച തടവുകാരിൽ ഒരു സ്ത്രീയും ഒരു പുരുഷനും മുസ്ലീങ്ങളായിരുന്നു. സഭയുടെ സുപ്രധാന സംവിധാനങ്ങളിൽ സ്ത്രീകളെ നിയമിച്ചും പോപ്പ് ഫ്രാൻസിസ് സഭയെ പുതിയ വഴികളിലേക്ക് നയിച്ചു.
Also Read: ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു
സഭ മുൻകാലങ്ങളിൽ ചെയ്ത മാനവിക വിരുദ്ധമായ പ്രവൃത്തികൾക്ക് പോപ്പ് ഫ്രാൻസിസ് മാപ്പു പറഞ്ഞു. കാനഡയിലെ തദ്ദേശീയ ജനവിഭാഗത്തോട് കനേഡിയൻ കത്തോലിക്ക സഭ ചെയ്ത അതിക്രമങ്ങളിൽ 2022ൽ പോപ്പ് ലജ്ജയും ദുഃഖവും പ്രകടിപ്പിച്ചു. സഭയുടെ റെസിഡൻഷ്യൽ സ്കൂളുകളിൽ തദ്ദേശീയരായ കുഞ്ഞുങ്ങളോട് കാട്ടിയ അതിക്രമങ്ങളെ തള്ളിപ്പറഞ്ഞ പോപ് സഭയുടെ നടപടിയെ സാംസ്കാരിക വംശഹത്യ എന്നാണ് വിശേഷിപ്പിച്ചത്. അടയാളങ്ങളില്ലാത്ത അജ്ഞാത ശവക്കുഴികൾ നിലനിന്നയിടം സന്ദർശിച്ച പോപ്പ് ഫ്രാൻസിസ്, ക്രിസ്ത്യാനികൾ തദ്ദേശീയരായ റെഡ് ഇൻഡ്യൻ ജനതയോട് ചെയ്ത അതിക്രമങ്ങൾക്ക് ക്ഷമചോദിക്കുന്നു എന്ന് പരസ്യമായി പറഞ്ഞു.
വൈദികർക്കെതിരായ ബാലലൈംഗികപീഡന ആരോപണവിഷയത്തിലും പോപ്പ് ഫ്രാൻസിസിന്റെ നിലപാട് കാലാന്തരത്തിൽ പരിണമിക്കുകയായിരുന്നു. കർദിനാൾ ബെർഗോളിയോ, ആരോപിതരായ വൈദികർക്ക് അനുകൂലമായി നിലകൊണ്ട സംഭവങ്ങളും സഭയുടെ ചരിത്രത്തിലുണ്ട്. പോപ്പ് ആയ ശേഷവും അദ്ദേഹം പല ആരോപണവിധേയരോടും അനുഭാവപൂർവമായ നിലപാട് സ്വീകരിച്ചു. വൈദികർക്കെതിരായ ബാലലൈംഗികപീഡന പരാതികളിൽ തനിക്ക് പലപ്പോഴും തെറ്റു പറ്റിയെന്ന് പോപ്പ് ഫ്രാൻസിസ് പറഞ്ഞിട്ടുണ്ട്. സഭയിലെ വൈദികരുടെ ബാലലൈംഗിക പീഡനങ്ങൾ പുറത്തുകൊണ്ടുവന്നതിന് പോപ്പ് ഫ്രാൻസിസ് 2021 ൽ മാധ്യമപ്രവർത്തകരോട് നന്ദിപറഞ്ഞു. ആരോപിതരായ വൈദികരെ പോപ്പ് ഫ്രാൻസിന്റെ കാലത്ത് വൈദികപട്ടത്തിൽ നിന്ന് പുറത്താക്കി. ലോകരാജ്യസന്ദർശന വേളകളിലൊക്കെയും വൈദികരുടെ ക്രൂരതകൾക്ക് പോപ്പ് ഫ്രാൻസിസ് മാപ്പ് ചോദിച്ചു.
ക്രിസ്തുവിന്റെ രൂപം കൊത്തിയ അരിവാൾ ചുറ്റിക
പോപ്പ് ഫ്രാൻസിസ് മാർക്സിസത്തോടും കമ്യൂണിസത്തോടും സ്വീകരിച്ച നിലപാടുകളും ,സങ്കീർണമായിരുന്നു. മാർക്സിസം തെറ്റായ പ്രത്യയശാസ്ത്രമാണെന്ന് പറഞ്ഞ് പോപ്പ് ഫ്രാൻസിസ് പക്ഷേ താൻ നല്ല മനുഷ്യരായ മാർക്സിസ്റ്റുകളെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞത് ചർച്ചയായി. ഇടതുപക്ഷക്കാരായ ലോകനേതാക്കളുമായി പോപ്പ് ഫ്രാൻസിസിന് നല്ല ബന്ധമായിരുന്നു. ബൊളീവിയൻ പ്രസിഡന്റായിരുന്ന ഇബോ മൊറെയ്ൽസ് 2015ൽ, ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം കൊത്തിയ അരിവാൾ ചുറ്റിക സമ്മാനിച്ചത് വിവാദമായി. ക്യൂബൻ കമ്യൂണിസ്റ്റ് നേതാവ് റൗൾ കാസ്ട്രോ പറഞ്ഞത്, പോപ്പ് ഇങ്ങനെ പോവുകയാണെങ്കിൽ താൻ സഭയിലേക്ക് തിരികെ വന്നേക്കും എന്നാണ്.
മാർക്സിസത്തെ തള്ളിക്കളഞ്ഞെങ്കിലും പോപ്പ് ഫ്രാൻസിസ് നിയന്ത്രണമില്ലാത്ത മുതലാളിത്തത്തിന്‍റെയും വിമർശകനായിരുന്നു. പണത്തിന്റെ വിഗ്രഹവത്കരണമാണ് അതിമുതലാളിത്തത്തിൽ സംഭവിക്കുന്നതെന്നും പോപ്പ് ഫ്രാൻസിസ് നിലപാടെടുത്തു. വധശിക്ഷയോടും പോപ്പ് ഫ്രാൻസിസ് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. ഭരണകൂടം കൊല ചെയ്യുന്നതുകൊണ്ട് ഇരകൾക്ക് നീതി ലഭിക്കുന്നില്ലെന്ന് പോപ്പ് ഫ്രാൻസിസ് പറഞ്ഞു.
അന്താരാഷ്ട്ര നയതന്ത്ര രംഗത്തും പോപ്പ് ഫ്രാൻസിസ് നിർണായകമായ പങ്കുവഹിച്ചു. അറ്റുപോയി പതിറ്റാണ്ടുകൾ പിന്നിട്ട യുഎസ്-ക്യൂബ ബന്ധം പുനഃസ്ഥാപിക്കപ്പെട്ടത് പോപ്പ് ഫ്രാൻസിസിന്‍റെ മധ്യസ്ഥതയിലാണ്. 2014ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോയും തമ്മിൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് വഴിയൊരിക്കിയത് വത്തിക്കാൻ നയിച്ച രഹസ്യസമാഗമങ്ങളാണ്. യുക്രെയ്ൻ യുദ്ധത്തിലടക്കം സമാധാനത്തിനായി ശ്രമങ്ങൾ നടത്തി. ഇസ്രയേൽ പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ട് വച്ച് പോപ്പ് 2014 ൽ ഷിമോൺ പെരെസിനെയും മഹമൂദ് അബ്ബാസിനെയും വത്തിക്കാനിലെ പ്രാർഥനാ സമ്മേളനത്തിൽ സ്വീകരിച്ചതും ശ്രദ്ധേയമായി. ചൈനയിൽ ബിഷപ്പുമാരെ നിയമിക്കുന്നതിൽ ചരിത്രപരമായ കരാറുണ്ടാക്കാനും പോപ്പ് ഫ്രാൻസിസിന് കഴിഞ്ഞു. കത്തോലിക്ക ബിഷപ്പുമാരെ അംഗീകരിക്കാൻ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ പ്രേരിപ്പിക്കാൻ പോപ്പ് ഫ്രാൻസിസിന് കഴിഞ്ഞു.
പരിസ്ഥിതി വിഷയത്തിലും പോപ്പ് ഫ്രാൻസിസ് പുരോഗമനപരമായ നിലപാട് എടുത്തു. 2015 ലെ പാരിസ് കാലാവസ്ഥാ കരാറിന് പിന്തുണ വത്തിക്കാൻ ഉറപ്പാക്കി. ആഗോളതാപനത്തിനെതിരെ പ്രവർത്തിക്കാൻ മടിക്കുന്ന ലോകനേതാക്കളെ പോപ്പ് ഫ്രാൻസിസ് വിമർശിച്ചു.
പോപ്പ് പദവിയിലെത്തിയപ്പോൾ ബെർഗോളിയോ സ്വീകരിച്ചത് ദാരിദ്ര്യത്തെ പുൽകിയ വിശുദ്ധ ഫ്രാൻസിസ് ഓഫ് അസീസിയുടെ പേരാണ്. പരിസ്ഥിതിയുടെയും വിശുദ്ധനാണ് ഫ്രാൻസിസ് ഓഫ് അസീസി. ഫ്രാൻസിസ് എന്ന പേര് അന്വർത്ഥമാക്കാൻ പോപ്പ് ഫ്രാൻസിസ് ശ്രമിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ ജീവിതം തെളിയിക്കുന്നത്.