ട്രംപിന്റെ രണ്ടാം വരവ് സ്വാഗതം ചെയ്യുന്നവര്‍ പോലും, നയങ്ങളോടും നിലപാടുകളോടും വിയോജിക്കുന്നുണ്ട്
ഡൊണാള്‍ഡ് ട്രംപ്
യുഎസില്‍ റിപ്പബ്ലിക്കന്‍ നേതാവ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുക്കാന്‍ മണിക്കൂറുകള്‍ മാത്രം. അമേരിക്കയെ വീണ്ടും മഹത്തരമാക്കുക (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ -മാഗ) എന്ന മുദ്രാവാക്യവുമായാണ് ട്രംപിന്റെ രണ്ടാം വരവ്. ട്രംപിന്റെ നയങ്ങളെയും നിലപാടുകളെയും വോട്ടര്‍മാര്‍ എങ്ങനെയാണ് കാണുന്നത്? ട്രംപിന്റെ എല്ലാ നയങ്ങളെയും വോട്ടര്‍മാര്‍ പിന്തുണയ്ക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉത്തരം. ട്രംപിന്റെ രണ്ടാം വരവ് സ്വാഗതം ചെയ്യുന്നവര്‍ പോലും, നയങ്ങളോടും നിലപാടുകളോടും വിയോജിക്കുന്നുണ്ടെന്നാണ് വോള്‍ സ്ട്രീറ്റ് ജേണലിന്റെ അഭിപ്രായ സര്‍വേ.
രണ്ടാം ഭരണത്തിലേക്കായി ട്രംപ് മുന്നോട്ടുവെക്കുന്ന ഏറെക്കുറെ ലക്ഷ്യങ്ങളെ വോട്ടര്‍മാര്‍ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പറഞ്ഞത്രയും കടുക്കട്ടിയോടെ അതെല്ലാം നടപ്പാക്കണമെന്ന് വോട്ടര്‍മാര്‍ക്ക് അഭിപ്രായമില്ല. അതികഠിന മാഗയേക്കാള്‍, മാഗ ലൈറ്റ് മതിയെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. അതായത്, ക്രിമിനല്‍ റെക്കോഡുള്ള, രേഖകളില്ലാത്ത കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കുന്നതു പോലുള്ള നയങ്ങളോട് വോട്ടര്‍മാര്‍ അനകൂലിക്കുന്നു. എന്നാല്‍, സാമ്പത്തികബാധ്യതയുടെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കുന്നതിനെയും, വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കാനുമുള്ള നീക്കങ്ങളെയും അവര്‍ എതിര്‍ക്കുന്നതായാണ് വോള്‍ സ്ട്രീറ്റ് ജേര്‍ണല്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ വ്യക്തമാകുന്നത്. ജനുവരി ഒമ്പത് മുതല്‍ 14 വരെയാണ് വോള്‍ സ്ട്രീറ്റ് ജേണല്‍ സര്‍വേ സംഘടിപ്പിച്ചത്. 1500 വോട്ടര്‍മാരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ടെലഫോണ്‍, ഓണ്‍ലൈന്‍ സര്‍വേ, ടെക്സ്റ്റ് മെസേജ് എന്നിങ്ങനെ മാര്‍ഗങ്ങളാണ് അവലംബിച്ചത്. ശരി-തെറ്റുകള്‍ക്കുള്ള സാധ്യത 2.5 ശതമാനം പോയിന്റ്.
അധികാരമേറിയശേഷം, സര്‍ക്കാര്‍ നടത്തിപ്പില്‍ നിര്‍ണായക മാറ്റങ്ങള്‍ വേണമെന്നാണ് 53 ശതമാനം പേര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, ആയിരത്തിലധികം വരുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള നീക്കത്തോട് 60 ശതമാനത്തിലേറെപ്പേര്‍ വിയോജിക്കുന്നു. വിദ്യാഭ്യാസ വകുപ്പിനെ ഫെഡറല്‍ സര്‍ക്കാരില്‍നിന്ന് ഇല്ലാതാക്കാനുള്ള നീക്കത്തെയും 60 ശതമാനത്തിലധികം പേര്‍ എതിര്‍ക്കുന്നു. കോണ്‍ഗ്രസിന്റെ അധികാരങ്ങള്‍ മറികടന്ന്, പൊതുവ്യയ കാര്യത്തില്‍ ട്രംപിന് കൂടുതല്‍ അധികാരം നല്‍കണമെന്ന് വാദിക്കുന്നവര്‍ 18 ശതമാനം മാത്രമാണ്.
ട്രംപ് വാഗ്ദാനം ചെയ്തതുപോലെ, മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കണമെന്നും അനധികൃത കുടിയേറ്റം പരിഹരിക്കണമെന്നും പറയുമ്പോള്‍ തന്നെ, രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്താനുള്ള പദ്ധതിക്ക് പരിധി വേണമെന്നും അഭിപ്രായമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മാത്രമേ നാടുകടത്താവൂ എന്നാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ നാലില്‍ മൂന്ന് ഭാഗം പറയുന്നത്. ക്രിമിനല്‍ റെക്കോര്‍ഡുകള്‍ ഇല്ലെങ്കില്‍ ദീര്‍ഘകാല താമസക്കാരെ പുറത്താക്കാതെ സംരക്ഷിക്കണമെന്നാണ് 70 ശതമാനം പേരുടെ അഭിപ്രായം. കൊടുംക്രിമിനലുകളെ അറസ്റ്റ് ചെയ്യാന്‍ ശ്രദ്ധിക്കുകയും, ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത അനധികൃത താമസക്കാരെ ലക്ഷ്യമിടുന്നതില്‍നിന്നും ഉദ്യോഗസ്ഥരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന നയം ട്രംപ് റദ്ദാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യുഎസ് ജനതയുടെ പ്രതികരണം.
ALSO READ: അസാധാരണത്വം, അനിശ്ചിതത്വം; ട്രംപിന്റെ രണ്ടാം വരവില്‍ ലോകം എന്ത് പ്രതീക്ഷിക്കണം?
ജനുവരി 20ന് നടക്കുന്ന അധികാര കൈമാറ്റ നടപടികളെയും, ട്രംപിന്റെ കാബിനറ്റ് നാമനിര്‍ദേശങ്ങളെയും റിപ്പബ്ലിക്കന്മാര്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നുണ്ട്. എന്നാല്‍, വോട്ടര്‍മാരില്‍ ഇക്കാര്യത്തിലും ആശങ്കയോ, സംശയമോ നിലനില്‍ക്കുന്നുണ്ട്. 46 ശതമാനം മാത്രമാണ് ട്രംപിന്റെ കാബിനറ്റ് നാമനിര്‍ദേശങ്ങളെ അനുകൂലിക്കുന്നത്. പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ട്രംപിന്റെ പ്രകടനത്തെ അഭിനന്ദിക്കുന്നവര്‍ 47 ശതമാനം മാത്രമാണ്. അതായത്, അധികാരമേല്‍ക്കാനുള്ള ട്രംപിന്റെ തയ്യാറെടുപ്പുകളോട് വലിയൊരു പക്ഷത്തിന് ഇപ്പോഴും മമതയില്ലെന്നാണ് സര്‍വേ വെളിപ്പെടുത്തുന്നത്. ഇത് ആദ്യഭരണകാലത്തെ തയ്യാറെടുപ്പുകളോടുള്ള ജനങ്ങളുടെ അഭിപ്രായത്തില്‍ നിന്ന് പാടെ വ്യത്യസ്തമാണ്.
2021ലെ ക്യാപിറ്റോള്‍ ഹില്‍ കലാപവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവര്‍ക്ക് മാപ്പ് നല്‍കുമെന്ന ട്രംപിന്റെ വാഗ്ദാനത്തെ എതിര്‍ക്കുന്നവര്‍ 57 ശതമാനമാണ്. ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സാമ്പത്തിക സമ്മര്‍ദമോ, സൈനിക ശക്തിയോ ഉപയോഗിക്കുന്നതിനെ മൂന്നില്‍ രണ്ട് ഭാഗം എതിര്‍ക്കുന്നു. പനാമ കനാല്‍ സംബന്ധിച്ച ട്രംപിന്റെ നിലപാടിനോടും സമാന അഭിപ്രായമാണുള്ളത്. ബലപ്രയോഗത്തിലൂടെ പനാമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെ 57 ശതമാനം പേരാണ് എതിര്‍ക്കുന്നത്. കാനഡയെ യുഎസിന്റെ 51മത് സ്റ്റേറ്റാക്കുമെന്ന പ്രഖ്യാപനത്തോടും മൂന്നില്‍ രണ്ട് ഭാഗം വോട്ടര്‍മാര്‍ക്കും എതിര്‍പ്പാണ്.
ഭരണകൂടത്തിന്റെ ചെലവ് നിയന്ത്രിക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ ടെസ്‍ല സിഇഒ ഇലോണ്‍ മസ്കിനെ ഉപദേശകനാക്കിയ തീരുമാനത്തെ 39 ശതമാനം പേര്‍ മാത്രമാണ് അനുകൂലിക്കുന്നത്. ഭൂരിഭാഗത്തിനും എതിരഭിപ്രായമാണുള്ളത്. ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കത്തെ 64 ശതമാനം പേര്‍ എതിര്‍ക്കുന്നു. 34 ശതമാനം മാത്രമാണ് അതിനെ അനുകൂലിക്കുന്നത്. യുഎസില്‍ ജനിക്കുന്ന ഒരാള്‍ പൗരനാണെന്ന ഭരണഘടനാ വ്യവസ്ഥ ഇല്ലാതാക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ പോലുള്ള നയങ്ങള്‍ക്കും പരിപാടികള്‍ക്കും ഫണ്ട് ഉറപ്പാക്കുന്ന കാര്യത്തിന് മുന്‍ഗണന നല്‍കണമെന്നാണ് ഭൂരിഭാഗം വോട്ടര്‍മാരുടെ അഭിപ്രായം. നികുതി വെട്ടിക്കുറയ്ക്കുന്നതിനേക്കാളും, പൊതുകടം കുറയ്ക്കുന്നതിനേക്കാളും പ്രധാനമാണ് ഇത്തരം പദ്ധതികള്‍ സംരക്ഷിക്കപ്പെടുന്നതെന്നാണ് 60 ശതമാനം പേരുടെയും അഭിപ്രായം. ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപ് പദ്ധതിയെ 48 ശതമാനം അനുകൂലിക്കുമ്പോള്‍, 46 ശതമാനം എതിര്‍ക്കുന്നു. അതേസമയം, ഇത്തരം തീരുവകള്‍ ഉത്പന്നങ്ങളുടെ വില വര്‍ധനയ്ക്ക് കാരണമാകുമെന്ന് 68 ശതമാനം വോട്ടര്‍മാരും അഭിപ്രായപ്പെടുന്നു.
പദവിയൊഴിയുന്ന ജോ ബൈഡന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. സര്‍വേയില്‍ പങ്കെടുത്ത 12 ശതമാനം പേര്‍ മാത്രമാണ്, ബൈഡന്‍ വീണ്ടും അധികാരത്തിലെത്താന്‍ യോഗ്യനെന്ന് അഭിപ്രായപ്പെട്ടത്. പ്രസിഡന്റ് എന്ന നിലയിലുള്ള ബൈഡന്റെ പ്രകടനത്തെ 36 ശതമാനം പേര്‍ മാത്രമാണ് അംഗീകരിക്കുന്നത്. 62 ശതമാനത്തിനും എതിരഭിപ്രായമാണുള്ളത്. ബൈഡന്റെ പ്രസിഡന്റ് കാലയളവില്‍ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ റേറ്റിങ്ങാണത്. മാത്രമല്ല, ഡെമോക്രാറ്റിക്ക് പാര്‍ട്ടിയോട് മമത പുലര്‍ത്തുന്നവര്‍ 36 ശതമാനവും, ഇഷ്ടം കുറഞ്ഞവര്‍ 60 ശതമാനവുമാണ്. 1990നു ശേഷമുള്ള വോള്‍ സ്ട്രീറ്റ് ജേണല്‍ അഭിപ്രായ സര്‍വേയില്‍ പാര്‍ട്ടിയുടെ മോശം റേറ്റിങ്ങാണിത്.