സ്പിരിറ്റ് വില വർധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം
സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും. 10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധനവ്. ബെവ്കോയുടെ നിയന്ത്രണത്തിൽ ഉൽപാദിപ്പിച്ചു വിൽക്കുന്ന ജവാൻ റമ്മിനും വില വർധിപ്പിച്ചു. വില വർധന നാളെ മുതൽ പ്രാബല്യത്തിൽ വരും. മദ്യ കമ്പനികൾക്ക് 10 ശതമാനം വരെ വില വർധനവ് നൽകിയതിനാലാണ് ബെവ്കോ വില കൂട്ടാൻ തീരുമാനിച്ചത്.
ജവാൻ മദ്യത്തിന് 10 രൂപയാണ് വർധിച്ചിരിക്കുന്നത്. ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ ലഭിക്കാൻ ഇനി 650 രൂപ കൊടുക്കണം. സ്പിരിറ്റ് വില വർധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. മദ്യ കമ്പനികൾക്ക് നൽകുന്ന പണം ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും.
ചില ബ്രാൻ്റ് മദ്യത്തിന് മാത്രമാണ് വില വർധന. പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കിയിട്ടുണ്ട്. ജനപ്രിയ ബീയറുകൾക്ക് 20 രൂപ വരെ കൂടി. 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിലുണ്ടായിരുന്ന പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വർധിച്ചിട്ടുണ്ട്.