മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി 11.30 യോടെയാണ് ടാറ്റയുടെ അന്ത്യം
രത്തൻ ടാറ്റയുടെ വിയോഗത്തിൽ താൻ അതീവ ദുഃഖിതനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം ദീർഘവീക്ഷണവും,അനുകമ്പയുമുള്ള വ്യക്തിയാണെന്നും മോദി അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി 11.30 യോടെയാണ് ടാറ്റയുടെ അന്ത്യം. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. രക്തസമ്മർദം താഴ്ന്നതിനെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യവാനാണെന്നും നിലവിൽ ആശങ്കപ്പെടാനില്ലെന്നും വ്യക്തമാക്കി കൊണ്ട് കഴിഞ്ഞ ദിവസം രത്തൻ ടാറ്റ തന്നെ എക്സിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇന്ത്യൻ വ്യവസായി എന്നതിലുപരി ഒപ്പമുള്ള മനസുകളെ അടുത്തറിയാൻ കഴിവുള്ള നല്ലൊരു മനുഷ്യ സ്നേഹിയെന്നാണ് രത്തൻ ടാറ്റയെന്ന വ്യവസായ പ്രമുഖനെ രാജ്യം അടയാളപ്പെടുത്തുന്നത്. വരുമാനത്തിൻ്റെ സിംഹഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായിട്ടാണ് രത്തൻ ടാറ്റ ചെലവഴിച്ചിരുന്നത്.
ALSO READ: "വേഗം നടക്കണമെങ്കിൽ ഒറ്റയ്ക്ക് നടക്കണം... പക്ഷേ ദൂരം നടക്കണമെങ്കിൽ ഒരുമിച്ച് നടക്കണം": രത്തൻ ടാറ്റ
രത്തൻ ടാറ്റയുടെ കാലത്താണ് ടാറ്റ ഗ്രൂപ്പ് അതിൻ്റെ ഏറ്റവും മികച്ച തലത്തിലേക്കെത്തുന്നതും വളർച്ച പ്രാപിക്കുന്നതും. ടാറ്റ ടീ, ടെറ്റ്ലിയെയും, ടാറ്റ മോട്ടോഴ്സ്, ലാൻഡ് റോവറും, ടാറ്റ സ്റ്റീൽ, കോറസും ഏറ്റെടുത്തതോടെ ടാറ്റ ഗ്രൂപ്പ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. സാധാരണക്കാരൻ്റെ മിടിപ്പറിയാനും അതിനെ നല്ല കച്ചവടമാക്കി മാറ്റാനും ടാറ്റയ്ക്ക് കഴിയുമെന്നതിൻ്റെ മറ്റൊരു തെളിവായിരുന്നു നാനോ കാറിൻ്റെ ഉത്പാദനം. രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.